Movlog

Faith

ജനിക്കുമ്പോഴും ഈ ലോകത്ത് നിന്ന് വിട പറയുമ്പോഴും ഒരുമിച്ച് ഇരട്ട സഹോദരങ്ങൾ!

ജനനത്തിലും മരണത്തിലും ഒന്നായി ഇരട്ട സഹോദരങ്ങൾ. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇരട്ട സഹോദരങ്ങളെ ലോറിയിടിച്ച് അവരുടെ ശരീരത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. ഇരട്ട സഹോദരന്മാരുടെ വേർപാട് താങ്ങാനാവാതെ ഇരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. കഞ്ചിക്കോട് ദേശീയപാതയിൽ ആണ് അതി ദാരുണമായ സംഭവം നടന്നത്.

ചരക്കു ലോറി സ്കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇരട്ട സഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ലോറി കയറി ഇറങ്ങി ഇരുവരും തൽക്ഷണം മരണപ്പെടുകയായിരുന്നു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടുവക്കാട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ, ദീപു ജോൺ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്ക് മുമ്പിൽ ആയിരുന്നു അപകടം നടന്നത്.

ഇരുവരും സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്നു. കോയമ്പത്തൂരിൽ ജോലി ആവശ്യത്തിനു വേണ്ടി എത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്ട്രാക്കിൽ കയറുന്നതിനിടെ ലോറിയിടിച്ചു ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ എത്തിയ മറ്റൊരു ലോറി ഇവരുടെ ദേഹത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു എന്ന് കസബ പോലീസ് പറയുന്നു.

കൊച്ചിയിലേക്ക് തിരുച്ചിറപ്പള്ളിയിലെ പയ്യന്നൂരിൽ നിന്നും സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. എന്നാൽ സ്കൂട്ടറിലിടിച്ച് സഹോദരങ്ങളെ റോഡിലേക്ക് തെറിപ്പിച്ച വണ്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞു. അപകടത്തെ തുടർന്ന് അരമണിക്കൂറിലധികം ഗതാഗതതടസ്സം ഉണ്ടായിരുന്നു. ജീവിതയാത്രയിൽ എപ്പോഴും ഒരുമിച്ചായിരുന്ന ഇരട്ടസഹോദരങ്ങൾ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞതും അങ്ങനെ ഒരുമിച്ചായി.

ട്രാഫിക് നിയമങ്ങൾ എത്ര കർശനമാക്കിയാലും റോഡപകടങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്നതാണ് കാണുന്നത്. ദിനംപ്രതി എത്രയോ ആളുകൾ റോഡ് അപകടത്തിൽ മരിച്ചു വീഴുന്ന വാർത്തകളാണ് നമ്മൾ കേട്ടുണരുന്നത്. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് റോഡപകടത്തിനുള്ള പ്രധാന കാരണങ്ങൾ. ഒരു പരിധിവരെ സകല റോഡപകടങ്ങളും ക്ഷണിച്ചുവരുത്തുന്നത് നമ്മൾ ഓരോരുത്തർ തന്നെ ആണ്.

നിസ്സാരമായ ചില അശ്രദ്ധകൾ വലിയ അപകടങ്ങളിലേക്ക് വഴിവെക്കും. നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിൽ ആവാൻ കാരണം ആകുന്നത് ഇത്തരം റോഡ് അപകടങ്ങൾ ആണ്. അതു കൊണ്ട് തന്നെ അത്രയേറെ ശ്രദ്ധയോടെ വേണം റോഡിൽ വണ്ടി ഇറക്കാൻ. വാഹനം ഓടിക്കുമ്പോൾ ഒരു രീതിയിലും നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഫോൺ, ടാബുകൾ മുതലായവ നോക്കി വാഹനമോടിക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.

വലിയ അപകടങ്ങളാണ് ഇതുകാരണം ഉണ്ടാവുന്നത്. റോഡിലെ സിഗ്നൽ ബോർഡുകൾ ശ്രദ്ധിച്ച്, മറ്റുള്ളവർ റോഡ് മുറിച്ചുകടക്കുന്നുണ്ടോ എന്ന് നോക്കി, എതിർദിശയിൽ നിന്നും പിൻവശത്തു നിന്നും വണ്ടികൾ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി ആയിരിക്കണം വാഹനമോടിക്കുന്നത്. ഫോൺ ചെയ്തുകൊണ്ട് വാഹനമോടിക്കുന്നത് നല്ലൊരു പ്രവണതയല്ല. എത്രയോ തവണ അങ്ങനെ ചെയ്തിട്ടുണ്ട് അപ്പോൾ ഒന്നും അപകടംപറ്റിയില്ലല്ലോ എന്ന് പറയുന്നത് ഒരു ന്യായീകരണവും അർഹിക്കുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top