Movlog

India

3000 രൂപ കൊണ്ട് സ്മാർട്ട്ഫോൺ വാങ്ങി ! ഇന്ന് അഞ്ചു ലക്ഷം മാസ വരുമാനമുള്ള യൂട്യൂബ് വ്ലോഗർ

കോവിഡ് പ്രതിസന്ധികൾ കാരണം ഏറ്റവും കൂടുതൽ സജീവമായത് ഓൺലൈൻ മേഖലകളായിരുന്നു. രോഗവ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കേണ്ടി വന്നപ്പോൾ എല്ലാ സേവനങ്ങളും ഓൺലൈൻ വഴിയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് സ്വന്തമായി യൂട്യൂബ് ചാനലുകൾ ആരംഭിച്ചത്. ഒരുപാട് വ്ലോഗേഴ്സ് വന്നതോടെ ഏറ്റവും ക്രിയാത്മകമായും വ്യത്യസ്തവും ആയും വീഡിയോകൾ പങ്കുവയ്ക്കുന്നവർക്ക് കൂടുതൽ സബ്സ്ക്രൈബർസിനെ ലഭിച്ചുതുടങ്ങി. വായ്പയെടുത്ത് 3000 രൂപ കൊണ്ട് ഒരു സ്മാർട്ട്ഫോൺ വാങ്ങി സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഇന്ന് 5 ലക്ഷം വരുമാനം ഉള്ള ഒരു വ്ലോഗർ ആയി മാറിയ കഥയാണ് മുണ്ടയ്ക്ക് പറയാനുള്ളത്.

ആവശ്യത്തിന് കറി പോലുമില്ലാതെ ഒരു പ്ലേറ്റ് നിറയെ ചോറ് എങ്ങനെ വേഗത്തിൽ കഴിക്കാം എന്നായിരുന്നു മുണ്ട ആദ്യമായി ചാനലിൽ പങ്കു വെച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വീഡിയോയ്ക്ക് ആയിരക്കണക്കിന് വ്യൂസ് ആണ് നേടിയത്. നിരവധിപേരാണ് മുണ്ടയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ ഇട്ടത്. വീഡിയോയുടെ ജനപ്രീതി ഓരോദിവസം കൂടാൻ തുടങ്ങിയതോടെ കൂടുതൽ വീഡിയോകൾ ചെയ്യാൻ മുണ്ട നിർബന്ധിതനാവുകയായിരുന്നു.അങ്ങനെ മാസങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബ് വീഡിയോയിൽ നിന്നും ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാൻ തുടങ്ങി ഈ കൂലിപ്പണിക്കാരൻ. ഇതോടെ കൂലിപ്പണിക്ക് പോകുന്നതും നിർത്തി.

4.99 ലക്ഷത്തിലധികം ആളുകളാണ് മുണ്ടയുടെ ആദ്യത്തെ വീഡിയോ കണ്ടത്. പിന്നീട് തന്റെ വീട്ടിലെയും ഗ്രാമത്തിലെയും ജീവിതരീതികളെ കുറിച്ചുള്ള വീഡിയോ ആണ് മുണ്ട യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. തന്റെ വീഡിയോകൾ ആളുകൾ സ്വീകരിച്ചതിൽ സന്തോഷമുണ്ട് എന്നും ഇപ്പോൾ യൂട്യൂബിൽ നിന്നും മാന്യമായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് 35 വയസ്സുകാരനായ മുണ്ട പങ്കുവയ്ക്കുന്നു. 2020 ജൂണിലായിരുന്നു മുണ്ട തന്റെ ആദ്യ വീഡിയോ പങ്കുവെച്ചത്. മൂന്നുമാസം കഴിഞ്ഞപ്പോൾ 37,000 രൂപയാണ് മുണ്ടയ്ക്ക് ലഭിച്ചത്. വീണ്ടും മൂന്നു മാസത്തിനുശേഷം അഞ്ചു ലക്ഷം രൂപയായി മുണ്ടയുടെ യൂട്യൂബ് വരുമാനം ഉയർന്നു. ഒഡീഷയുടെ പടിഞ്ഞാറൻ ഭാഷയും ഹിന്ദിയിലും ആണ് മുണ്ട വീഡിയോകൾ ചെയ്യുന്നത്.

ഇതുവരെ 256 വീഡിയോകൾ അപ്‌ലോഡ് ചെയ്ത മുണ്ടയ്ക്ക് നിലവിൽ 7.29 ലക്ഷത്തിൽ അധികം സബ്സ്ക്രൈബർസ്‌ ഉണ്ട്. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള മുണ്ട തന്റെ ഗ്രാമം, ഗോത്രം ,സംസ്കാരം എന്നിവയെല്ലാം മറ്റുള്ളവർക്ക് വേണ്ടി തന്റെ വീഡിയോയിലൂടെ പങ്കുവെക്കുന്നു. കാട്ടു കൂൺ എങ്ങനെ ശേഖരിക്കും എന്നും മുളയരി എങ്ങനെ കഴിക്കും എന്നും വീഡിയോകളിലൂടെ കാണിക്കാൻ മുണ്ട ശ്രമിക്കാറുണ്ട്. മുണ്ടയുടെ വിജയത്തിൽ ഭാര്യ സബിതയും ഏറെ സന്തോഷവതിയാണ്. ഒരിക്കൽ മുണ്ട അവർ താമസിക്കുന്ന മണ്ണ് കൊണ്ട് തേച്ച വീടിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെ ഇഷ്ടികയും സിമന്റും കൊണ്ടുള്ള വീട് പണിയാൻ ഭുവനേശ്വറിലെ ഒരു സ്ഥാപനം സാമ്പത്തിക സഹായ വാഗ്ദാനം നൽകിയിട്ടുണ്ട് എന്ന് മുണ്ടയുടെ ഭാര്യ സബിത പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top