Movlog

Health

സർക്കാരുകൾ വരെ നിസ്സഹായരായപ്പോൾ സോനു സൂദ് രക്ഷിച്ചത് 22 ജീവൻ ! താരം ഓക്സിജൻ ക്ഷാമം നേരിട്ടത് ഇങ്ങനെ

ലോകജനതയെ ഭീതിയിലാഴ്ത്തി കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുകയാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്കും മരണനിരക്കും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കകൾ വർദ്ധിക്കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ദുർലഭമാവുകയാണ്. മഹാമാരിയുടെ ഒന്നാം തരംഗം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു പേരായിരുന്നു ബോളിവുഡ് താരം സോനു സൂദിന്റെത്. നിസ്വാർത്ഥ സേവനങ്ങൾ കൊണ്ട് ജനമനസ്സുകളിൽ കീഴടക്കുകയായിരുന്നു താരം.

ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിൽ എത്താൻ കഴിയാതെ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളെയും അന്യനാട്ടിൽ കുടുങ്ങിയ വിദ്യാർഥികളെയും സ്വന്തം നാട്ടിൽ എത്തിക്കാൻ വേണ്ടി അഹോരാത്രം പ്രയത്നിച്ചു സോനു സൂദ്. സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് യുഎൻ ഹ്യുമാനിറ്റേറിയൻ ആക്ഷൻ പുരസ്കാരം നൽകി ആദരിച്ചു. ഉത്തരേന്ത്യയിൽ മാത്രമല്ല തെന്നിന്ത്യയിലും തന്റെ സഹായഹസ്തം നീട്ടി സോനു സൂദ്. ഇപ്പോഴിതാ ബംഗളൂരിൽ 22 ജീവനുകൾ രക്ഷിച്ചിരിക്കുകയാണ് സോനു സൂദിന്റെ സംഘം.

കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയിൽ എആർഎകെ ആശുപത്രിയിൽ ഉണ്ടായ ഓക്സിജൻ ക്ഷാമത്തിൽ സമയോചിതമായി ഇടപെട്ടിരുന്നത് സോനു സൂസൂദിന്റെ സംഘമായിരുന്നു. അർധരാത്രിയിലാണ് യലഹങ്ക ഓൾഡ് ടൗൺ ഇൻസ്പെക്ടർ എംആർ സത്യനാരായണൻ സോനു ചാരിറ്റി ഫൗണ്ടേഷൻ അംഗം ഭക്ഷണഹഷ്മത് റാണയെ വിളിക്കുന്നത്. അപ്പോഴേക്കും ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവിതം നഷ്ടമായിരുന്നു. ഇതോടെ വേഗം ഒരു സിലിണ്ടർ സംഘടിപ്പിച്ച് ഇവർ ആശുപത്രിയിൽ എത്തുകയായിരുന്നു . പിന്നീട് എല്ലാ അംഗങ്ങളെയും വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ 15 ഓക്സിജൻ സിലിണ്ടറുകൾ അർധരാത്രിയിൽ തന്നെ എത്തിക്കുകയായിരുന്നു.

സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്റെ കർണാടക സംഘം മേധാവി ഹഷ്മത് റാണയുടെ നേതൃത്വത്തിൽ രാധിക, രക്ഷാ സോം,രാഘവ് സിംഗാൾ, നിധി,എം ആർ അനീഷ്,മേഘശ എന്നിവർ ചേർന്നാണ് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്. 20- 22 പേരുടെ ജീവനാണ് സംഘം രക്ഷിച്ചത്. അർദ്ധരാത്രിയിൽ ഉറക്കമൊഴിഞ്ഞ് നിസ്വാർത്ഥമായ സേവനം നൽകിയ ടീമംഗങ്ങളെ സോനു സൂദ് മുക്തകണ്ഠം പ്രശംസിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളാണ് മുന്നോട്ടേക്ക് ഉള്ള ഊർജ്ജം എന്നും സോനു പറഞ്ഞു . ഹഷ്മതിനെ കുറിച്ച് അഭിമാനിക്കുന്നു എന്നും സംഭവത്തെക്കുറിച്ച് രാത്രി മുഴുവൻ വിവരം നൽകുന്നുണ്ടായിരുന്നു എന്നും താരം പങ്കു വെച്ചു. പൊലീസ് ഉദ്യോഗസ്ഥൻ സത്യനാരായണന്റെ പിന്തുണ ഏറെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top