Movlog

Kerala

ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന്റെ വിജയം ആഘോഷിക്കാൻ കുറ്റബോധം തോന്നുന്നു…ശ്രദ്ധേയമായി സന്ദീപ് ദാസിന്റെ കുറിപ്പ്.

ഇന്ത്യയുടെ ഔദ്യോഗിക ദേശീയ കായിക ഇനം ഹോക്കി ആണെങ്കിലും നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കായിക വിനോദം ക്രിക്കറ്റ് തന്നെയാണ്. ഏറ്റവും കൂടുതൽ കാണികളും സാമ്പത്തിക പിന്തുണയും എല്ലാം ലഭിക്കുന്നതും ക്രിക്കറ്റ് തന്നെയാണ്. ഒരുകാലത്ത് ലോകത്തെ അനിഷേധ്യ ശക്തിയായിരുന്ന ധ്യാൻചന്ദ് എന്ന ഇതിഹാസ താരത്തെ സൃഷ്ടിച്ച ടീമായിരുന്നു ഇന്ത്യൻ ഹോക്കി. എന്നാൽ പിന്നീട് ഒന്ന് കാലിടറിയപ്പോൾ ഹോക്കി എന്ന് മാത്രമല്ല ക്രിക്കറ്റ് ഒഴികെ മറ്റൊരു ഇന്ത്യൻ കായിക ഇനങ്ങൾക്കും ലോക മത്സരങ്ങളോട് നേരിടാൻ സാധിച്ചില്ല. നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലമെഡൽ നേടിയപ്പോൾ അഭിമാനമായി മാറിയിരിക്കുന്നത് മലയാളിയായ ശ്രീജേഷ്.

ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ത്യൻ ടീമിനെയും ശ്രീജേഷിന്റെ സംഭാവനകളെയും വാഴ്ത്തുമ്പോൾ സന്ദീപ് ദാസ് എഴുതിയ ഏറെ വ്യത്യസ്തമായ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളിയായ ശ്രീജേഷിന്റെ വിജയം ആഘോഷിക്കാൻ ഉള്ള അവകാശം ഉണ്ടോ എന്ന കുറ്റബോധം പങ്കുവെക്കുകയാണ് സന്ദീപ് ദാസ്. ശ്രീജേഷിന് ഒരിക്കലും അവർ അർഹിച്ച പിന്തുണ താനടക്കമുള്ള മലയാളികൾ നൽകിയിട്ടില്ല. കേരളീയ സമൂഹം ശ്രീജേഷിനോടും ഹോക്കി എന്ന കായിക ഇനത്തോടും നീതി പുലർത്തിയിട്ടില്ല. കേരളം പോലൊരു സംസ്ഥാനത്തിൽ ഹോക്കിക്ക് വേണ്ടത്ര ജനപ്രീതിയോ, നല്ല പരിശീലകരോ, മികച്ച കോച്ചിംഗ് കേന്ദ്രങ്ങളോ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. എപ്പോഴും പത്രങ്ങളിൽ സ്പോർട്സ് പേജിൽ വരുന്ന ഒരു ചെറിയ വാർത്താ കോളത്തിൽ ഒതുങ്ങിപ്പോകുന്ന കായിക വിനോദം മാത്രമാണ് ഹോക്കി എന്ന് മെഡൽ ജേതാവായ ശ്രീജേഷ് അഭിപ്രായപ്പെട്ടിരുന്നു. ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ഏതൊരു കായികതാരത്തിന് ഊർജ്ജം നൽകുന്നത്. അത് ഒരു കാലത്തും ലഭിക്കാത്തതിലുള്ള വിഷമം ശ്രീജേഷ് പങ്കുവെച്ചിരുന്നു. ഒടുവിൽ ഈ അവഗണനയോട് അദ്ദേഹം പൊരുത്തപ്പെടുകയായിരുന്നു.

അങ്ങനെയുള്ള ഒരു കായികതാരത്തിന്റെ മെഡൽ നേട്ടത്തിന് അഭിമാനം കൊള്ളാൻ മലയാളികൾക്ക് എന്തവകാശമാണുള്ളത്. ഈയൊരു നിമിഷത്തിൽ അഭിമാനത്തെക്കാൾ അഭികാമ്യം തിരിച്ചറിവാണ് എന്ന് സന്ദീപ് ദാസ് കുറിക്കുന്നു. ഇനിയെങ്കിലും ഹോക്കി എന്ന കായിക ഇനത്തിനും ശ്രീജേഷിനെ പോലുള്ള താരങ്ങളെയും നമ്മൾ അവഗണിക്കരുത്. റാഞ്ചി എന്ന് ചെറിയൊരു പട്ടണത്തിൽ ഒരു പമ്പ് ഓപ്പറേറ്ററുടെ മകനായി ജനിച്ച എം എസ് ധോണിയുടെ കഥ എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഒളിമ്പിക്സിലെ വെങ്കലം നേടിയ ശ്രീജേഷിന്റെ കഥയും എല്ലാവരും അറിയണം. ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡ് ആണെന്ന് അറിയുന്ന നമ്മൾ ഹോക്കിയിലെ ആ വിശേഷണം ശ്രീജേഷിന് ആണെന്ന് കൂടി മനസ്സിലാക്കണം. എന്നും ഗോളടിച്ചവരുടെ കൂടെയാണ് ചരിത്രം നിന്നിട്ടുള്ളത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന് വെങ്കല മെഡൽ നേടിക്കൊടുത്ത ഗോളുകൾ അടിച്ച ഹർമൻപ്രീത് സിം, സിംറാണ് ജീത് സിങ്, ഹാർദിക് തുടങ്ങിയവർ വാഴ്ത്തപ്പെടുമ്പോൾ ഗോൾ കീപ്പറായി അവിശ്വസനീയമായ സേവുകൾ നടത്തിയ ശ്രീജേഷിന്റെ പങ്ക് നിർണായകമാണ്. കാരണം ശ്രീജേഷ് ഇല്ലായിരുന്നെങ്കിൽ ജർമ്മൻ പട ഒരു ഗോൾമഴ തന്നെ പെയ്യിക്കും ആയിരുന്നു.

ഇന്ത്യൻ ഡിഫൻസിന്റെ പോരായ്മകളെ മറച്ചുപിടിച്ചതിൽ മുഖ്യ പങ്കുവഹിച്ചത് ശ്രീജേഷ് തന്നെയാണ്. കളിയുടെ അവസാന മിനിറ്റിൽ ശ്രീജേഷ് തടുത്തിട്ട പെനാൽറ്റി ഒരുകാലത്തും ഇന്ത്യക്കാർ മറക്കില്ല. അതിന്റെ ഒറ്റ ബലത്തിലാണ് ഇന്ത്യ 5-4നു ജയിച്ചത്. ഹോക്കി ഇന്ത്യയുടെ ദേശീയ വിനോദം ആണെന്ന് പഠിപ്പിക്കുന്നതിനോടൊപ്പം ആ കളിക്ക് വേണ്ട പ്രോത്സാഹനവും നൽകണം. ഈ മെഡൽ നേട്ടത്തിൽ പ്രചോദനമുൾക്കൊണ്ട് നിരവധി കുഞ്ഞുങ്ങൾ ഹോക്കി സ്റ്റിക്ക് കയ്യിലെടുക്കണം. ശ്രീജേഷിന്റെ അഭിമാന നേട്ടം ഒരു പത്രവാർത്തയിൽ ഒതുങ്ങി പോകരുതെന്നും കേരളത്തിലെ ഏറ്റവും വലിയ അഭിമാന സ്തംഭമായി തന്നെ ശ്രീജേഷ് അറിയപ്പെടണം എന്നും സന്ദീപ് കുറിപ്പിലൂടെ പങ്കുവെച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top