Movlog

Health

സ്തനാർബുദവും പാരമ്പര്യത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇന്ന് കേരളത്തിലെ സ്ത്രീകളിൽ വർധിച്ചു വരുന്ന ഒരു അസുഖം ആണ് സ്തനാർബുദം. 48 ശതമാനത്തോളം രോഗം അമ്പതു വയസിനു കീഴുള്ള സ്ത്രീകൾക്ക് ആണ് എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത. വീട്ടിൽ ആർക്കെങ്കിലും കാൻസർ രോഗമുണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ ആണെന്ന് കരുതുന്നവരുമുണ്ട്. സ്തനാർബുദം വരാനുള്ള സാധ്യത മനസ്സിലാക്കണമെങ്കിൽ അതിന്റെ കാരണങ്ങൾ എന്താണ് എന്ന് ആദ്യം അറിയേണ്ടതുണ്ട്. സ്തനാർബുദം ഉണ്ടാകുവാനുള്ള കാരണങ്ങളെ രണ്ട് വിഭാഗങ്ങൾ ആയി തിരിക്കാം. ചിലത് ജീവിതത്തിൽ മാറ്റിയെടുക്കാൻ പറ്റുന്ന അപകടസാധ്യതകളും ചിലത് മാറ്റുവാൻ സാധിക്കാത്തതുമാണ് .

രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, അമിതവണ്ണം, വ്യായാമക്കുറവ്, മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം സ്തനാർബുദം വർധിപ്പിക്കുന്ന ചില ഘടകങ്ങൾ ആണ്. ഇതെല്ലം നമുക്ക് ജീവിതത്തിൽ മാറ്റാൻ സാധിക്കുന്ന അപകടസാധ്യതകൾ ആണ്. എന്നാൽ പ്രായം, വളരെ നേരത്തെ മാസമുറ വരുന്നത്, വളരെ വൈകി മാസമുറ വരുന്നത്, മറ്റു അവയവങ്ങളിൽ കാൻസർ ബാധിച്ചവർ, പാരമ്പര്യം എന്നിവയാണ് നമുക്ക് മാറ്റുവാൻ സാധിക്കാത്ത അപകടസാധ്യതകൾ.

ഏകദേശം പത്തു മുതൽ പതിനഞ്ചു ശതമാനം വരെ മാത്രമേ സ്തനാർബുദം പാരമ്പര്യമായി വരികയുള്ളൂ. അത് ചെറിയ പ്രായത്തിൽ ആണ് ബാധിക്കുന്നത്. മിക്കപ്പോഴും 45 വയസിനു താഴെയുള്ള സ്ത്രീകൾക്കാണ് പാരമ്പര്യമായി സ്തനാർബുദം കണ്ടു വരുന്നത്. അവർക്ക് സ്തനാർബുദത്തിനോടൊപ്പം മറ്റു അവയവങ്ങളിലും കാൻസർ വരാൻ സാദ്ധ്യതകൾ ഉണ്ട്. അണ്ഡാശയം, ഗർഭാശയം, ആമാശയം, പാൻക്രിയാസ് എന്നിവിടങ്ങളിലും കാൻസർ വരാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

ജനറ്റിക് പരിശോധനയിലൂടെ ആണ് ഹെറിഡിറ്ററി ബ്രെസ്റ്റ് കാൻസർ കണ്ടു പിടിക്കുന്നത്. ഒരു ജനറ്റിക് കൗൺസിലിംഗിന് ശേഷം മാത്രമേ ടെസ്റ്റിന് വിധേയർ ആകേണ്ടതുണ്ടോ എന്ന് തിരിച്ചറിയുക. കുടുംബ പാരമ്പര്യം പരിശോധിച്ചതിനു ശേഷം മാത്രമേ കൗൺസിലർ ടെസ്റ്റിന് നിർദേശിക്കുകയുള്ളൂ. കാൻസർ വന്ന കുടുംബാംഗവുമായുള്ള ബന്ധവും, ഏതു പ്രായത്തിൽ ആണ് അവർക്ക് വന്നതെന്നും എല്ലാം പരിശോധിച്ചായിരിക്കും ജെനറ്റിക്ക് ടെസ്റ്റിംഗ് വേണോ എന്ന് നിർദേശിക്കുക.

ജനറ്റിക് ടെസ്റ്റിംഗിൽ പോസിറ്റീവ് ആയവർ പിന്നീട് ചെയ്യേണ്ടത് സ്ക്രീനിംഗ് ആണ്. 18 വയസ് മുതൽ സ്വന്തമായി സ്തനം പരിശോധിച്ച് മുഴകളോ തടിപ്പോ ഉണ്ടെന്ന് കണ്ടുപിടിക്കുക. 25 വയസ് മുതൽ വർഷത്തിൽ ഒരിക്കൽ എങ്കിലും വൈദ്യപരിശോധന നടത്തി തടിപ്പോ മുഴകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. 25 വയസ് മുതൽ 75 വയസ് വരെ ഉള്ള പോസിറ്റീവ് ആയ സ്ത്രീകൾ, എല്ലാ വർഷവും മാമ്മോഗ്രാം അല്ലെങ്കിൽ എം ആർ ഐ സ്കാനിംഗ് ചെയ്ത് നിർബന്ധമായും സ്ക്രീനിംഗ് നടത്തുക. ഇത്തരം ടെസ്റ്റുകൾ ചെയ്യുന്നതിലൂടെ വളരെ നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിക്കും. പെട്ടെന്ന് തന്നെ രോഗം കണ്ടെത്തിയാൽ എളുപ്പത്തിൽ സ്തനാർബുദം പൂർണമായും ചികിത്സിച്ച് മാറ്റുവാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top