Movlog

Faith

കുറച്ചു വെള്ളം വാങ്ങി വരാം എന്നും പറഞ്ഞു പോയ മകനെ കാത്ത് ഇന്നും ഇരിക്കുന്ന അച്ഛന്റെ മുഖം

രാപ്പകലില്ലാതെ മക്കൾക്ക് വേണ്ടി അധ്വാനിക്കുകയും മക്കളുടെ ഭാവിക്കും സന്തോഷത്തിനും വേണ്ടി സ്വന്തം സ്വപ്നങ്ങൾ ത്യജിക്കുന്നവരാണ് മാതാപിതാക്കൾ. അവർക്ക് ലഭിച്ചിട്ടില്ലാത്ത സുഖങ്ങളും സൗകര്യങ്ങളുമെല്ലാം അല്ലെങ്കിൽ അതിനപ്പുറവും മക്കൾക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ. മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ. അവരുടെ നല്ല പ്രായത്തിൽ മുഴുവനും അവർ പ്രിയപ്പെട്ടവർക്ക് വേണ്ടി വിയർപ്പൊഴുക്കുന്നു. എല്ലാം കഴിഞ്ഞ് അവർ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ അവർ മക്കൾക്ക് വെറും പാഴ് വസ്തുക്കൾ ആയി മാറുന്നു.

ആർക്കും വേണ്ടാത്തവർ ആയിത്തീരുന്നു. വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങൾ ഇതിന്റെ തെളിവാണ്. സ്വന്തം കാലിൽ നിൽക്കുന്നത് വരെ മാതാപിതാക്കളെ ആശ്രയിച്ച് കഴിഞ്ഞ മക്കൾക്ക് സ്വന്തം കുടുംബം കെട്ടിപ്പടുത്ത് ഉയർത്തുമ്പോൾ മാതാപിതാക്കൾ ഒരു ബാധ്യതയായി മാറുന്നു. പിന്നീട് മാതാപിതാക്കളെ റെയിൽവേ പ്ലാറ്റ്ഫോമിലും, കടൽത്തീരത്തും, ബസ് സ്റ്റോപ്പിലുമെല്ലാം നിഷ്കരുണം ഉപേക്ഷിക്കുന്നു. മക്കൾ തിരികെ കൊണ്ടുപോകാൻ വരുമെന്ന വിശ്വാസത്തോടെ അവർ ആഴ്ചകളും മാസങ്ങളും അവരെ കാത്ത് അവിടെ ഇരിക്കും.

അപ്പോഴേക്കും അവർക്ക് തെരുവിന്റെ രൂപം ആയിട്ടുണ്ടാവും. കുളിക്കാതെ, മുടി ചീകാതെ, മുഷിഞ്ഞ വസ്ത്രവുമായി, ആളുകൾക്ക് നേരെ ഭക്ഷണത്തിനുവേണ്ടി അവർ കൈ നീട്ടേണ്ടി വരും. നല്ല പ്രായത്തിൽ ഒരുപാട് നേടിയവർ ഒടുവിൽ യാചകരായി മാറും. ഇതുപോലെ മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധന്റെ ജീവിതം പങ്കുവയ്ക്കുകയാണ് മലപ്പുറം കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷൻ സ്ഥാപകനായ നജീബ് കുറ്റിപ്പുറം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ജോലി ചെയ്തിരുന്ന കാലത്ത് വിദേശത്ത് 30 വർഷക്കാലം എല്ലാ സുഖസൗകര്യങ്ങളോടെ ജീവിച്ച ആളായിരുന്നു ആ വൃദ്ധൻ. എന്നാൽ ജീവിതത്തിൽ ഒരു തളർച്ച ഉണ്ടായപ്പോൾ മക്കൾക്കും ബന്ധുക്കൾക്കും ശുശ്രൂഷിക്കാൻ കനിവ് ഉണ്ടായില്ല. ആദ്യം എല്ലാം അവർക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അതു താല്പര്യമില്ലായ്മ ആയി മാറി. ഇനിയും സമയം കളയാൻ ആവില്ല എന്ന ചിന്തയിൽ സ്വന്തം മകൻ അദ്ദേഹത്തെ വിദേശത്തു നിന്നും നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു ഒരു അമ്പലനടയിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു.

അച്ഛനെ അമ്പലനടയ്ക്കിരുത്തി, അച്ഛൻ ഇരിക്കൂ ഞാൻ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞായിരുന്നു മകൻ അവിടെ നിന്നും പോയത്. ഒരു കുപ്പി വെള്ളവുമായി മകൻ വരുന്നതും കാത്തു നിന്ന ഇരിപ്പ് പിന്നീട് കിടപ്പായി മാറി. പിന്നീടാ വയോധികൻ തളർന്നുപോയി. അമ്പലത്തിലെ വെയ്റ്റിംഗ് ഷെഡിലെ ഒരു മൂലയിൽ പൂച്ചയും പട്ടിയും തുണയായി വെള്ളം മാത്രം കുടിച്ച് അവശനായി കിടക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ ചിത്രമെടുത്ത് ഒരാൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴാണ് പോലീസും അധികാരികളും ഇടപെട്ടത്.

ഇതോടെ അദ്ദേഹത്തിനു വേണ്ട വൈദ്യ സഹായങ്ങൾ നൽകി. ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം ഉന്മേഷവാനാണെന്ന് നജീബ് കുറ്റിപ്പുറം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. വെറുതെയിരിക്കുമ്പോൾ പഴയകാലത്തെ ഓർമ്മകൾ വേദനയായി കടന്നുചെല്ലും എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇല ഫൗണ്ടേഷന്റെ ചില കാര്യങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു.

ഇല സംഘടനയുടെ കരുതലിൽ കഴിയുന്ന ക്യാൻസർ ബാധിച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, മാനസികരോഗികൾ, വിധവകൾ, അനാഥരായവർ, വാർദ്ധക്യം വന്നു കിടപ്പിലായി പോയവർ തുടങ്ങി ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി കൊടുക്കാൻ സഹായിച്ച് തളർന്നുപോയവർക്ക് തണൽ ആയി നിൽക്കുകയാണ് ഇപ്പോൾ അദ്ദേഹം.

ആരും തുണയില്ലാത്തവരെ ഇതുപോലെ ചേർത്തു പിടിക്കാൻ സാധിക്കുമ്പോഴാണ് നമ്മൾ ഉയിരോടെ ജീവിച്ചു എന്ന് പറയാൻ കഴിയുന്നത്. അങ്ങനെ ചെയ്യണമെങ്കിൽ നമ്മളോടും മറ്റുള്ളവരോടും ഉള്ളുണർന്നുള്ള ശ്രദ്ധ അനിവാര്യമാണ്. കാഴ്ചയും കാലിന്റെ സ്വാധീനവും എല്ലാം നഷ്ടപ്പെട്ട, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം ഇലയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ അന്ന് എത്തിയിരുന്നു.

30 വർഷക്കാലം വിദേശത്ത് ജീവിച്ച്, ആവശ്യത്തിൽ കൂടുതൽ കുടുംബത്തിനുവേണ്ടി സമ്പാദിച്ച്, അവരെ സംരക്ഷിച്ചു, അവർക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആയിരുന്നു അന്ന് അമ്പലനടയിൽ ഉപേക്ഷിക്കപ്പെട്ടത്. കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച അദ്ദേഹം ഇന്ന് സന്തുഷ്ടനാണ്. കാരണം ഇന്ന് ഒരുപാട് മനുഷ്യർക്ക് കരുതലായി നില്ക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്നെ ഉപേക്ഷിച്ചവരോട് അദ്ദേഹത്തിനിപ്പോൾ സ്നേഹം മാത്രമേയുള്ളൂ.

കാരണം അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇല എന്ന സംഘടനയിൽ ഏറ്റവും പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി ഇതുപോലെ ചെയ്യുവാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഉപേക്ഷിച്ചു പോയവരോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം അറിയിക്കുന്നു. കുടുംബത്തിനും മക്കൾക്കും വേണ്ടി ആവശ്യത്തിൽ കൂടുതൽ ബാക്കി വെക്കരുത് എന്നും ഒരുപക്ഷേ നിങ്ങൾ ഉപേക്ഷിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പറയുന്നു…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top