Movlog

India

വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുന്നത് തടഞ്ഞാൽ ഇനി പോലീസ് കേസ്

അടുത്തിടെ വാഹനപരിശോധനയ്ക്കിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്തത് വലിയ വിവാദമായിരുന്നു. വൈക്കത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രം ഉദ്യോഗസ്ഥർ എടുത്തത് നാട്ടുകാർ തടഞ്ഞു വലിയ പ്രശ്നം ആക്കുകയായിരുന്നു. എന്നാൽ ഗതാഗത നിയമ ലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഈ ചലാൻ വഴി പിഴ ചുമത്താൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസിന് കേസെടുക്കാം എന്നും അധികൃതർ റിപ്പോർട്ടിൽ വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ലഭിക്കുന്ന വിധം ഫോട്ടോ പകർത്തിയാൽ മാത്രമേ ഈ ചലാൻ വഴി പിഴ ചുമത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണ് എന്ന മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകൾക്കാണ് ഈ-ചലാൻ സംവിധാനം ഉള്ളത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആണ് സ്മാർട്ട് പരിശോധന നടത്തുന്നത് എന്നും അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഈ-ചലാൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ചിത്രമെടുത്ത ഉടൻ തന്നെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി വാഹൻ സാരഥി വെബ്സൈറ്റിൽ ചേർക്കും. പിഴ ചുമത്തിയത് സംബന്ധിച്ചുള്ള വിവരങ്ങൾ വാഹന ഉടമയ്ക്ക് എസ്എംഎസ് മുഖേന ലഭിക്കും.

വൈക്കത്തെ സംഭവത്തിൽ നാട്ടുകാരായ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച നടന്ന സംഭവത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹന പരിശോധനയ്ക്കിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പിൻ സീറ്റിൽ ഇരുന്ന യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. വാഹന രേഖകൾ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തതോടെ തർക്കമായി. തുടർന്ന് നാട്ടുകാരും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. നാട്ടുകാർ ഉദ്യോഗസ്ഥരെ തടയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ചു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top