Movlog

Faith

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ നഷ്ടമായത് ഈ നടിമാർ കാരണം…വെളിപ്പെടുത്തലുമായി കാവേരി…

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട പഴയകാല നായിക ആണ് കാവേരി. ഇപ്പോൾ മലയാള സിനിമകളിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന താരമാണ് കാവേരി. “അമ്മാനം കിളി” എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാവേരി, “സദയം”, “കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി”, “യാത്രയുടെ അന്ത്യം”, “വിഷ്ണുലോകം” തുടങ്ങി ഒരുപാട് സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.

പിന്നീട് നായികയായി മലയാള സിനിമയിൽ എത്തിയ കാവേരി, “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, “ദാദാസാഹിബ്”, “തച്ചിലേടത്തു ചുണ്ടൻ”, “ഗുരു”, “ഗ്രാമപഞ്ചായത്ത്” എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളിത്തം നിറഞ്ഞ സൗന്ദര്യവും നിഷ്കളങ്കതയും തന്നെയാണ് കാവേരിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു കാവേരി.

നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാവേരി, 2010ലായിരുന്നു തെലുങ്ക് സംവിധായകൻ സൂര്യകിരണിനെ വിവാഹം കഴിക്കുന്നത്. നടി സുചിത്രയുടെ സഹോദരനാണ് സൂര്യകിരൺ. അഭിനയ ജീവിതത്തിലെ പോലെ വിജയകരമായിരുന്നില്ല കാവേരിയുടെ ദാമ്പത്യജീവിതം. അടുത്തിടെ ഇവർ വിവാഹമോചിതരായി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് പുറമേ മിനിസ്ക്രീനിലും സജീവമാണ് താരം.

അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കു കടന്ന കാവേരി ചേതൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കിട്ടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് കാവേരി. മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുണ്ടായിട്ടും, കഴിവുള്ള നടി ആയിട്ട് പോലും എടുത്തുപറയത്തക്ക വിധം ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമ രംഗത്ത് കാവേരിക്ക് ലഭിച്ചിരുന്നില്ല.

എന്നാൽ അന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എന്നും ചില പ്രമുഖ നടിമാർ കാരണം അത് നഷ്ടമാവുകയായിരുന്നു എന്നും കാവേരി തുറന്നു പറഞ്ഞിരിക്കുകയാണ്. അവരിലൊരാൾ ദിവ്യ ഉണ്ണിയാണ്. കാവേരി മലയാള സിനിമയിൽ സജീവമായിരുന്ന സമയത്ത് മിക്ക ചിത്രങ്ങളിലും നായികയായി തന്നെ ആയിരുന്നു വിളിച്ചിരുന്നത്. ചിത്രങ്ങളുടെ അഡ്വാൻസ് നൽകിയതിനു ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ചിത്രങ്ങളിൽ നിന്നും കാവേരിയെ മാറ്റി നിർത്തുകയായിരുന്നു.

രാജസേനൻ സംവിധാനം ചെയ്‌ത്‌ ജയറാം നായകനായ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് “കഥാനായകൻ”. ഈ ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചതും അഡ്വാൻസ് വാങ്ങിയതും കാവേരി ആയിരുന്നു. എന്നാൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് ആ വേഷം ദിവ്യ ഉണ്ണിക്ക് കൈമാറി എന്നറിയുന്നത്. ആ അനുഭവം കാവേരിയെ ഒരുപാട് വേദനിപ്പിച്ചു. അന്ന് ഒരുപാട് കരഞ്ഞു. മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം “വർണ്ണപകിട്ട്”ലും ഇത് തന്നെയായിരുന്നു സംഭവിച്ചത്.

അഡ്വാൻസ് ലഭിച്ചതിന് ശേഷം ഷൂട്ടിങ്ങിനു തൊട്ടു മുമ്പായിരുന്നു ആ വേഷം ദിവ്യ ഉണ്ണി ആണ് ചെയ്യുന്നതെന്ന് അറിയുന്നത്. അന്നും ഒരുപാട് വേദനിച്ചു. കാവേരിയുടെ അവസരങ്ങൾ തട്ടിയെടുത്ത മറ്റൊരു നായിക കാവ്യ മാധവൻ ആണെന്നും താരം പങ്കുവെച്ചു. ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ ദിലീപിന്റെ നായികയായി “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവൻ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് കാവേരിയെ ആയിരുന്നു. അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവൻ എന്ന പുതിയ കുട്ടിയെ നായിക ആക്കുന്നു എന്ന് പറഞ്ഞ് കാവേരിയെ ഒഴിവാക്കുകയായിരുന്നു. ഈ സിനിമകളിലൊക്കെ അവസരങ്ങൾ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് കാവേരിക്കിപ്പോഴും അറിയില്ല. പിന്നീട് അങ്ങോട്ടേക്ക് സഹതാരം എന്ന വിശേഷണത്തിൽ ഒതുക്കുകയായിരുന്നു കാവേരിയെ എന്ന് വിഷമത്തോടെ താരം പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top