Movlog

Kerala

കോവിഡ് കാലത്തും എം വി ഡി പിഴയായി വാങ്ങിച്ചെടുത്തത് മലപ്പുറത്ത് മാത്രം രണ്ടര കോടി ! റോഡിലേക്കിറങ്ങുമ്പോൾ സൂക്ഷിക്കുക

മോട്ടോർ വാഹന നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്ന് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചിരുന്നു. ഇതോടെ കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ഈടാക്കിയ തുക 2.54 കോടി രൂപയാണ്. ഹെൽമറ്റ് ഇല്ലാത്തതിനും, ലൈസൻസില്ലാതെ വണ്ടി ഓടിക്കുന്നതിനും, ഇൻഷുറൻസ് പുതുക്കാതിരിക്കുന്ന കുറ്റങ്ങൾക്കാണ് 22,858 പേരിൽ നിന്നുമായി ഇത്രയും പിഴ ഈടാക്കിയത്. നിയമലംഘനങ്ങൾ നിയന്ത്രിക്കുവാനും, അപകടങ്ങൾ കുറയ്ക്കുവാനും ആയി മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ കർശനമാക്കിയതോടെ ആണ് ഇത്രയും വലിയൊരു തുക പിഴയായി ഈടാക്കിയത്. പിഴ അടയ്ക്കാനുള്ള – ചലാൻ പദ്ധതി കഴിഞ്ഞ ഓഗസ്റ്റ് മുതൽ ആയിരുന്നു മലപ്പുറത്ത് ആരംഭിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം ആണ് ഇത്രയും പിഴ ഈടാക്കിയത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് വാഹനത്തിന്റെ ലൈസൻസ് പുതുക്കാൻ ഉള്ള സമയം സർക്കാർ നീട്ടിയിട്ട് ഉണ്ടെങ്കിലും കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ ഇൻഷുറൻസ് പുതുക്കണമെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങളെ പരിശോധനയിൽ പിടിക്കുകയാണെങ്കിൽ 2000 രൂപ പിഴയാണ് നൽകേണ്ടത്. മാത്രവുമല്ല അത്തരം വാഹനങ്ങൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യാനും സാധിക്കില്ല. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കാൻ കഴിയുന്നവർ മാത്രം നിരത്തിൽ ഇറങ്ങിയാൽ മതി എന്ന ലക്ഷ്യം വെച്ച് ആണ് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ.ഇല്ലെങ്കിൽ പിഴ അടച്ചു കീശ കാലിയാകും.

ഹെൽമെറ്റില്ലാതെ വണ്ടി ഓടിക്കുന്നതിന് 500 രൂപയും, ലൈസൻസില്ലാതെ വണ്ടി ഓടിക്കുന്നതിന് പതിനായിരം രൂപയുമാണ് പിഴ. അപകടകരമായി അശ്രദ്ധയോടെയുള്ള വാഹനം ഓടിക്കുന്നതിന് 2000 രൂപ പിഴയും, ലൈസൻസ് റദ്ദ് ആകുന്നതും ആണ് ശിക്ഷ. പണവും സ്വാധീനവും ഉണ്ടെങ്കിൽ രക്ഷപ്പെടാമെന്ന് വിചാരിക്കുന്നത് വ്യർത്ഥമാണ്. ഇ -ചലാൻ പദ്ധതി ആരംഭിച്ചതോടെ ഓൺലൈൻ വഴിയാണ് നടപടിക്രമങ്ങൾ. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്താൽ പിന്നെ അത് ഒഴിവാക്കാൻ സാധിക്കില്ല. മൂന്നു മാസം വരെ പിഴയടച്ചില്ലെങ്കിൽ എറണാകുളത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ പരിഗണക്ക് നേരിട്ട് വിടുകയും കോടതി പിഴ തുക ഇരട്ടിയാക്കി വിധിക്കുകയും ആണ് പതിവ്. സാധാരണക്കാരെ ബുദ്ധിമുട്ട് ആക്കുവാനോ കൂടുതൽ പണം തട്ടിയെടുക്കാനോ അല്ല ഇത്തരം നിയന്ത്രണങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് റോഡപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.അതിനാൽ ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവർ നിയമങ്ങൾ പാലിക്കുവാൻ പൊതുജനങ്ങൾ ബാധ്യസ്ഥരാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top