Movlog

Kerala

”ആ സ്‌ത്രീയുടെ സുരക്ഷയേക്കാൾ വലുതല്ല തന്നെപ്പോലുള്ളവരുടെ സൂക്കേട്‌”

കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന അപകടത്തിൽ ദാരുണമായ മരണപ്പെട്ട യുവതിയുടെ വാർത്ത കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത യുവതി ഭർത്താവിന്റെ കൺമുന്നിൽ ടോറസ് ലോറിയുടെ അടിയിൽ പെട്ട് മരിക്കുകയായിരുന്നു. നമുക്കുചുറ്റും പലപ്പോഴും നമ്മൾ കാണുന്ന ഒരുപാട് ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുകയാണ് ഈ അപകടം. ഇപ്പോഴും നമ്മുടെ നാട്ടിൽ മിക്ക സ്ത്രീകളും ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞ് കഷ്ടപ്പെട്ട് ബാലൻസ് ചെയ്താണ് ഇരിക്കാറുള്ളത്. ഇരുവശത്തേക്കുമായി കാലിട്ട് ഇരിക്കുന്ന സ്ത്രീയെക്കുറിച്ച് പിറകിലുള്ള നാലു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സുഹൃത്ത് അംഗ വർണ്ണന നടത്തിയപ്പോൾ, ആ സ്ത്രീയുടെ സുരക്ഷയെക്കാൾ വലുതല്ല നിന്നെ പോലുള്ളവരുടെ സൂക്കേട് എന്ന് ഷിംന അസീസ് പറഞ്ഞിട്ടുണ്ട്. ഒരു വഷളൻ ചിരിയായിരുന്നു അതിനു കിട്ടിയ മറുപടി.

ഇത്തരം കഴുകൻ കണ്ണുകളെ ഭയന്നാണ് ഇന്നും സ്ത്രീകൾ ഒരു വശത്തേക്ക് ഇരുന്ന് ബൈക്കുകളിൽ യാത്ര ചെയ്യുന്നത്. അപകടസാധ്യത ഏറെയായിട്ടും ഇങ്ങനെ ചെരിഞ്ഞ് ഇരിക്കുന്നതിനോടൊപ്പം കൈ കുഞ്ഞുങ്ങളെയും പിടിച്ച് യാത്ര ചെയ്യുന്നവർ ഉണ്ട്. ചിലർ മൊബൈലിൽ നോക്കിയിരിക്കുന്നത് കാണാം. ഒരു വശത്തേക്ക് ചെരിഞ്ഞ് ഇരിക്കുമ്പോൾ സ്വാഭാവികമായും കൃത്യമായി പിടിച്ചിരിക്കാൻ സാധിക്കില്ല. ഏതെങ്കിലുമൊരു ഗട്ടറിൽ ചാടുമ്പോൾ ആ ഫോൺ കയ്യിൽ നിന്ന് സ്ലിപ്പ് ആവുകയോ കുഞ്ഞുങ്ങൾ കൈയിൽ നിന്നും കുതറുകയോ ചെയ്താൽ സ്ത്രീകൾ ആ ദിശയിലേക്ക് ചെരിഞ്ഞ് പിടിക്കാൻ ശ്രമിക്കും. അങ്ങനെയാണ് ബൈക്കിൽ നിന്നും താഴെ വീഴുന്നത്. ഇതിനൊക്കെ പുറമെ വലിയ വാഹനങ്ങളുടെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ടൂവീലറുകളും , രണ്ടുപേരും ഹെൽമറ്റ് ഇടാൻ മടിച്ച് യാത്ര ചെയ്യുന്നതും ഓവർ സ്പീഡും തുടങ്ങി അനേകം പ്രശ്നങ്ങൾ ആണ് ഇരുചക്ര വാഹനങ്ങൾക്ക്.

പല നിയമങ്ങളും നമ്മൾ നടപ്പിലാക്കാറില്ല എന്നതാണ് വാസ്‌തവം. വണ്ടികളിൽ കൂളിംഗ് ഫിലിം ഓടിക്കുന്നതും ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ അടിക്കുന്നതും നോക്കുന്നതുപോലെ തന്നെ ഒരു വശത്തേക്ക് ചെരിഞ്ഞ് ഇരിക്കുന്നത് കൂടി ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു. ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ മാത്രം കുറച്ചുനാളത്തേക്ക് നടപ്പിലാക്കേണ്ട ഒന്ന് ആകരുത് നിയമം. വഴിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ചെക്കിംഗ് ഉണ്ടെന്ന് ഹെഡ്ലൈറ്റ് മിന്നിച്ച് മറ്റുള്ളവരെ അറിയിക്കാൻ കാണിക്കുന്ന സഹകരണം പരസ്പരം ജീവൻ സംരക്ഷിക്കുന്നതിൽ കൂടി ആകണം. ലോക്ഡൗൺ കഴിഞ്ഞ് സമയനഷ്ടം പരിഹരിക്കാനുള്ള പരക്കംപാച്ചിലും ബ്ലോക്കും എല്ലാം സർവ്വസാധാരണം ആയിരിക്കുകയാണ്. നമ്മുടെ ജീവന്റെ സുരക്ഷ നമ്മുടെ കൈകളിലാണ്. ലേണേഴ്സ് ലൈസൻസ് എടുക്കാൻ വേണ്ടി കാണാതെ പഠിക്കാൻ ഉള്ളത് മാത്രമല്ല നിയമങ്ങൾ. ജീവന്റെ വിലയുള്ള ആ നിയമങ്ങൾ പാലിക്കാൻ കൂടിയുള്ളതാണ്. അല്ലെങ്കിൽ റോഡ് കൊലക്കളങ്ങൾ ആവും. അങ്ങനെയാകാതെ നോക്കേണ്ടത് നമ്മളാണ് എന്ന് ഡോക്ടർ ഷിംന അസീസ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top