Thoughts

സിസേറിയൻ ആയത് കൊണ്ട് വേദന അറിഞ്ഞില്ല അല്ലെ എന്ന ചോദ്യം ഇനിയെങ്കിലും അവസാനിപ്പിക്കാം… ശ്രദ്ധേയമായി ആൻസിയുടെ കുറിപ്പ്.

ഒരു ‘അമ്മ ആവുക എന്നത് ഒരു സ്ത്രീയുടെ സ്വപ്നം ആണ്. വളരെ ചുരുക്കം സ്ത്രീകൾക്ക് മാത്രമേ ഒരു ‘അമ്മ ആവാൻ താല്പര്യമില്ല എന്ന അഭിപ്രായം ഉണ്ടാവുള്ളൂ. ഒരുപാട് വേദനകളും, അസ്വസ്ഥതകളും അതിജീവിച്ച് ഒരു കുഞ്ഞിനെ ഒമ്പത് മാസം തന്റെ ഗർഭപാത്രത്തിൽ കൊണ്ട് നടക്കാനും, സ്നേഹത്തോടെ മുലയൂട്ടാനും, ലാളനയോടെ അവരുടെ ഓരോ ചലനം നോക്കി നിൽക്കാനും ഒരു അമ്മയാവാൻ കൊതിക്കുന്ന സ്ത്രീമനസുകൾ ആഗ്രഹിക്കുന്നു. സുഖപ്രസവത്തിനായി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന വേദനയെ കുറിച്ച് നമ്മൾ വായിച്ചു കേട്ടിട്ടുണ്ടാവും. എന്നാൽ ആ വേദനയുടെ കാഠിന്യം അത് അനുഭവിച്ച അമ്മയ്ക്ക് മാത്രമേ അറിയൂ. ആ വേദന കൊണ്ട് പുളയുമ്പോഴും തന്റെ പിഞ്ചോമനയുടെ കരച്ചിൽ കേൾക്കുമ്പോൾ ആ വേദനകൾ എല്ലാം മാറി ഒരു പുഞ്ചിരി ആയി മാറുന്നു.

എന്നാൽ ചില സാഹചര്യങ്ങളിൽ ചില ഗർഭിണികൾക്ക് സിസേറിയൻ ചെയ്യേണ്ടി വരുന്നു. അതിന് കാരണങ്ങൾ പലതാവാം. എന്നാൽ സിസേറിയൻ കഴിയുന്ന ഓരോ അമ്മമാരും ഇന്നും കേൾക്കുന്ന ഒരു കാര്യമാണ്, സിസേറിയൻ ആയത് കൊണ്ട് വേദന അറിഞ്ഞിട്ടുണ്ടാവില്ല എന്നത്. ഇപ്പോഴിതാ ആൻസി എന്ന യുവതി പ്രസവ സമയത്ത് താൻ അനുഭവിച്ച വേദനയെ കുറിച്ച് പങ്കു വെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ക്ഷീണവും, ശർദിയും, കൈ കാൽ വേദനകളും, മൂഡ് സ്വിങ്‌സും നിറഞ്ഞ ഒരു ഗർഭകാലം ആയിരുന്നു ആൻസിയുടേത്. ഒരു ചെറിയ വേദന പോലും സഹിക്കാൻ ആവാത്ത ഇൻജെക്ഷൻ വരെ പേടിയുള്ള ഒരു പെൺകുട്ടി ആയിരുന്നു ആൻസി.

നവംബർ 25 നു കൃത്യമായ ഇടവേളകളിൽ വേദന അനുഭവപ്പെട്ടതോടെ ഇത് പ്രസവ വേദന ആണെന്ന് ആൻസി ഉറപ്പിച്ചു. കാരണം അതിനു രണ്ടു ദിവസം മുമ്പും വേദന ഉണ്ടെന്നു പറഞ്ഞ് ഡോക്ടറെ കാണിച്ചപ്പോൾ ഇതല്ല പ്രസവ വേദന എന്നും അതിനു കൃത്യമായ ഇടവേളകളിൽ വേദന വരും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അങ്ങനെ ലേബർ റൂമിലേക്ക് പോകാൻ തയ്യാർ ആയി നിന്ന ആൻസി തിരിഞ്ഞു നോക്കുമ്പോൾ ഭർത്താവ് വിഷ്ണുവിന്റെയും അമ്മയുടെയും മുഖത്തെ പേടി കൊണ്ട് ഒരു തുള്ളി രക്തം ഇല്ലാതെ വിളർന്നിരിക്കുന്നു. ലേബർ റൂമിലെ മറ്റു എട്ടു ഗർഭിണികളുടെ കരച്ചിലും മൂളലും കൂടി ആയപ്പോൾ ആന്സിയുടെ പേടി കൂടാൻ തുടങ്ങി. വേദനയുടെ ഇടവേള കുറയുകയും, അസഹനീയമായ വേദനയും, അതിനോടൊപ്പം പുറം വേദനയും ആയപ്പോൾ സകല ഈശ്വരന്മാരെയും വിളിച്ചു ആൻസി ഉറക്കെ കരഞ്ഞു തുടങ്ങി.

പേടി കൂടി വരികയും, ബിപി കൂടുകയും ആയപ്പോൾ ആകെ തളർച്ച ആയി. ആൻസിയെ കൊണ്ട് സാധിക്കില്ല എന്ന് മനസിലായപ്പോൾ സിസേറിയൻ ചെയ്യാം എന്ന് ഡോക്ടർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അതിനു വേണ്ടിയുള്ള സമ്മതപത്രം ഭർത്താവിനെ കൊണ്ട് ഒപ്പ് ഇടീച്ചു. മൂത്രം പോകുവാൻ ആയി ട്യൂബും ,പിന്നീട് സ്‌ട്രെച്ചറിൽ തിയേറ്ററിലേക്ക് കൊണ്ട് പോയി. അനസ്‌തേഷ്യ നൽകി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഫ്‌ല്യൂയിഡ് പോലും മാറ്റാത്ത ഒരു കുഞ്ഞിനെ നഴ്സ് ആൻസിയുടെ അരികിലേക്ക് കൊണ്ട് വന്നു. ആൻസി പാതി മയക്കത്തിൽ തന്റെ കുഞ്ഞിന് ഉമ്മ നൽകി. പിന്നീട് കുഞ്ഞിനെ കുളിപ്പിക്കാൻ അവർ കൊണ്ട് പോയി. കുഞ്ഞിനെ കണ്ട് കൊതി തീർന്നില്ലായിരുന്നു ആൻസിക്ക്. ആൻസിയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.

ആ കിടക്കയിൽ കിടന്ന് കുഞ്ഞിനെ കുറിച്ചുള്ള ഓരോ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. ആദ്യമേ സിസേറിയൻ നോക്കിയിരുന്നെങ്കിൽ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് സ്വയം ആശ്വസിക്കാൻ നോക്കിയപ്പോഴാണ് കണ്ണിൽ നിന്നും വേദന കൊണ്ടുള്ള കണ്ണുനീർ വരാൻ തുടങ്ങിയത്. രണ്ടാളുടെ സഹായം കൂടാതെ ഒന്ന് എണീറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ. അസഹനീയമായ വേദന കൊണ്ട് കുഞ്ഞിന് പാൽ കൂടി കൊടുക്കാൻ വയ്യാത്ത അവസ്ഥ. നേരത്തിനു ആഹാരം കഴിക്കാതെ, കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിച്ച്, ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാത്തവർ ആണ് ഓരോ അമ്മമാരും. പോസ്റ്റ് പാർട്ടം ഡിപ്രഷൻ അതിജീവിക്കുന്നതാണ് ഈ അമ്മമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊക്കെ പുറമെ വീട്ടിലെ കാര്യങ്ങളും. ജോലി കാര്യങ്ങളും, കുഞ്ഞിന്റെ കാര്യങ്ങളും ഓടി തീർക്കാനുള്ള തത്രപ്പാടിൽ ഉണ്ടാവുന്ന നടുവേദന. അത് കൊണ്ട് ഇനിയെങ്കിലും സിസേറിയൻ ആയത് കൊണ്ട് വേദന അനുഭവിച്ചിട്ടുണ്ടാവില്ല എന്ന് പറയുന്ന രീതി നമുക്ക് ഒഴിവാക്കാം എന്ന് ആൻസി തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top