Movlog

Kerala

ഈ ബസ് കഥ തീർച്ചയായും കേൾക്കണം – ഒറ്റ ദിവസത്തെ ലാഭം കേട്ടാൽ ആരും ഒന്ന് ഞെട്ടും

സിഎൻജിലേക്ക് മാറി ഒരാഴ്ചയിലെ സർവീസ് പൂർത്തിയാകുമ്പോൾ “അലങ്കാർ” ബസിന്റെ ഉടമ വാവന്നൂർ സ്വദേശി നാസറിന് സന്തോഷം മാത്രമാണ് പങ്കുവയ്ക്കാൻ ഉള്ളത്. ഇന്ധനം നിറയ്ക്കാൻ പമ്പിൽ കടം പറഞ്ഞിരുന്ന ചെലവ് കഴിഞ്ഞ് പണം കയ്യിലേക്ക് കിട്ടാൻ തുടങ്ങി. കമ്പനി നൽകിയ 100% ഉറപ്പിന്റെ ആത്മവിശ്വാസത്തോടെയാണ് തൃശ്ശൂർ കുറ്റിപ്പുറം റൂട്ടിൽ “അലങ്കാർ” എന്ന ബസ്സിന്റെ മുന്നോട്ടുള്ള യാത്ര. കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന ബസ് സർവീസ് മേഖലകളെല്ലാം അതിജീവനത്തിന്റെ പാതയിൽ ആണ് ഇപ്പോൾ. അതിനിടയിലാണ് ഡീസലിന് വില അടിക്കടി ഉയരുന്നത്.

ഒരു വർഷത്തിനിടെ ഡീസലിന് പത്തു രൂപയുടെ വില വ്യത്യാസം ഉണ്ടായപ്പോഴാണ് പുതിയ ഒരു പരീക്ഷണത്തിന് ആയി നാസർ തയ്യാറായത്. എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള കമ്പനിക്കാരാണ് സിഎൻജി എന്ന ആശയവുമായി നാസറിനെ സമീപിച്ചത്. തൃശ്ശൂർ കുറ്റിപ്പുറം റൂട്ടിൽ 4 ബസ്സുകളിൽ ഒന്നിൽ ഇത് പരീക്ഷിക്കാൻ നാസർ തീരുമാനിച്ചു. ഇതിനായി ബസിന്റെ എൻജിൻ, റേഡിയേറ്റർ, പമ്പ് എന്നീ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങളും പുതിയ സിലിണ്ടറുകൾ ഘടിപ്പിക്കുന്നതിനുമായി 4,78,000 രൂപയാണ് നാസറിന് ചിലവായത്. ബസ്സ് നൽകിയതിനുശേഷം ആർടിഒ ഓഫീസിൽ പേപ്പറുകൾ മാറ്റുന്നത് ഉൾപ്പെടെയുള്ള പണികൾക്കെല്ലാം കമ്പനിക്കാരുടെ പൂർണ സഹകരണം ഉണ്ടായിരുന്നു.

പതിനായിരം കിലോമീറ്റർ എത്തുന്നതുവരെ 70 കിലോമീറ്ററിനു മുകളിൽ പോകാതെ ബസ് നിയന്ത്രിച്ച് ഓടിക്കണം. ഇതിനുശേഷം സാധാരണ രീതിയിൽ വാഹനം ഓടിക്കാവുന്നതാണ്. ലോക് ഡൗണിനു ശേഷം ബസ് സർവീസ് തുടങ്ങിയപ്പോൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ബസ് ഉടമയായ നാസറിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ബസ് സിഎൻജി ആക്കിയതിനു ശേഷം ജീവനക്കാർക്കും വിഷമമില്ല. 14 കിലോഗ്രാമിന്റെ ആറും 10 കിലോഗ്രാമിന്റെ രണ്ടും സിലിണ്ടറുകളിലുമായി 104 കിലോഗ്രാം കൊള്ളുന്ന സംവിധാനമാണ് പുതിയ ബസിൽ ഉള്ളത്. സിഎൻജി നിറച്ച ആദ്യത്തെ ബസ് വിജയകരമായ ഓടി തുടങ്ങിയപ്പോൾ രണ്ടാമത്തെ ബസ്സും സിഎൻജിലേക്ക് മാറ്റാൻ നാസർ നൽകി. ഇത് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും.

ഡീസൽ എൻജിനിനേക്കാൾ ശബ്ദവും പുകയും സിഎൻജി എൻജിനിൽ കുറവാണ്. 15 വർഷത്തെ ഗ്യാരണ്ടി ആണ് സിലിണ്ടറുകൾക്ക് കമ്പനി നൽകുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ സംവിധാനത്തെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബജറ്റിൽ, കിലോഗ്രാമിന് അഞ്ചുരൂപ കുറയ്ക്കാം എന്നുള്ള വാഗ്ദാനം സിഎൻജിയിലേക്ക് മാറുന്നവർക്ക് ഊർജ്ജമാണ്. സിഎൻജിയിലേക്ക് മാറ്റുന്ന ബസുടമകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ബസ്സുടമ നാസർ പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top