Movlog

Kerala

ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ! താൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമം വെളിപ്പെടുത്തി നടി മന്യ

ലോഹിതദാസ് സംവിധാനം ചെയ്‌ത്‌ ദിലീപ് നായകനായ “ജോക്കർ” എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നുവന്ന താരമാണ് മന്യ. തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം മലയാളം, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. പതിനാലാം വയസിൽ മോഡലിംഗ് രംഗത്തെത്തിയ മന്യ 40ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. “വൺമാൻ ഷോ”, “രാക്ഷസരാജാവ്”, “വക്കാലത്ത് നാരായണൻകുട്ടി”, “അപരിചിതൻ”, “സ്വപ്നക്കൂട്”, “കുഞ്ഞിക്കൂനൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് എളുപ്പം സാധിച്ചു. വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നും മന്യ വിട്ടു നിൽക്കുകയായിരുന്നു.

സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. മന്യ പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധേയം ആവാറുണ്ട്. ഇപ്പോഴിതാ തനിക്ക് പരിക്കുപറ്റിയതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും എല്ലാം തുറന്നു പറയുകയാണ് താരം. ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അല്ല എന്നും, അതിനാൽ വർത്തമാനകാലത്ത് സന്തോഷത്തോടെ സ്നേഹമുള്ളവർക്കൊപ്പം ജീവിക്കുക എന്ന സന്ദേശവും തന്റെ കുറിപ്പിലൂടെ താരം പങ്കുവച്ചു.

മൂന്ന് ആഴ്ചകൾക്ക് മുമ്പ് ആയിരുന്നു താരത്തിന് നടുവിനു പരുക്കേറ്റത്. ഹെർണിയേട്ടഡ് ഡിസ്ക് എന്ന രോഗാവസ്ഥയായിരുന്നു മന്യയ്ക്ക്. ഇടതുകാലിനെ പാരലൈസ്ഡ് ആക്കും വിധം കടുത്ത വേദന ആയിരുന്നു താരത്തിന്. എമർജൻസി റൂമിലേക്ക് കൊണ്ടുപോയ മന്യയ്ക്ക് സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കാരണം മറ്റാരെയും ആശുപത്രിയിൽ നിൽക്കാൻ അനുവദിച്ചിരുന്നില്ല. അതിനാൽ രോഗാവസ്ഥയിലും ചികിത്സാസമയത്തും തീർത്തും ഒറ്റയ്ക്കായിരുന്നു മന്യ. എല്ലാം ഉടനെ ഭേദമാകും എന്ന പ്രതീക്ഷയിൽ പ്രാർഥനകളോടെ വേദനയെ നേരിട്ടു താരം. മൂന്ന് ആഴ്ചത്തേക്ക് ഇരിക്കാനോ നടക്കാനോ ഒന്ന് ഉറങ്ങാൻ പോലും സാധിക്കാത്ത അത്രയും വേദന അനുഭവിച്ചു. ഇനി ഒരിക്കലും ഡാൻസ് ചെയ്യാൻ ആകില്ല എന്ന് താരം ഭയന്നിരുന്നു. എങ്കിലും നട്ടെല്ലിന് സർജറി ഉണ്ടാവരുത് എന്ന് മാത്രം പ്രാർത്ഥിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി ഉള്ള തന്റെ ജീവിതം പങ്കുവയ്ക്കുകയാണ് താരം കുറിപ്പിലൂടെ. ജീവിതത്തിൽ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ഒരിക്കലും പ്രവചിക്കാനാവില്ല. ജീവിതം ക്ഷണികവും അപ്രതീക്ഷിതവും ആണ്. അതുകൊണ്ട് ഈ മോമെന്റിൽ ജീവിക്കണമെന്നും സ്നേഹിക്കുന്നവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നും താരം പറയുന്നു. ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകും എന്നാൽ തോറ്റ് കൊടുക്കാതെ പൊരുതുക എന്ന് താരം കുറിക്കുന്നു. തന്നെ സുഖപ്പെടുത്തുന്ന ദൈവത്തിനും, ജീവിതത്തിനും തനിക്ക് വേണ്ടി പ്രാർത്ഥിച്ച കുടുംബത്തിനും, ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് താരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top