Movlog

Movie Express

30 വർഷത്തിനു ശേഷം തന്റെ ജീവിതത്തിൽ തേടിയെത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശോകൻ..

നായകനായും സഹനടനായും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അശോകൻ. “പെരുവഴിയമ്പലം” എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിൽ ചുവടുവച്ച താരം “തൂവാനത്തുമ്പികൾ”, “യവനിക”, “യുവജനോത്സവം”, “മൂന്നാംപക്കം”, “ഇൻ ഹരിഹർ നഗർ”, “അമരം”, “ടു ഹരിഹർ നഗർ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഒരു പിന്നണി ഗായകൻ ആകുവാൻ ആയിരുന്നു അശോകൻ ആഗ്രഹിച്ചത്.

എന്നാൽ കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഗാനാലാപനത്തിലും അപാര കഴിവുകളുള്ള താരം നിരവധി സംഗീത പരിപാടികൾ മിനിസ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ 30 വർഷങ്ങൾക്കു ശേഷം തന്റെ ജീവിതത്തിൽ ലഭിച്ച സന്തോഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. നീണ്ട 30 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശോകൻ.

“അമരം” എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു അശോകൻ അവതരിപ്പിച്ചത്. ഇതായിരുന്നു മമ്മൂട്ടിക്കൊപ്പം അശോകൻ അഭിനയിച്ച അവസാന ചിത്രം. ഇപ്പോഴിതാ 30 വർഷങ്ങൾ പിന്നിടുമ്പോൾ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ” നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.

മമ്മൂക്കയ്ക്കൊപ്പം 30 വർഷങ്ങൾക്ക് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ച സിനിമ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണെന്നും അതിന്റെ സന്തോഷവും ആവേശവും ഉണ്ടെന്ന് അശോകൻ പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമയുടെ രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി പോകുന്ന ഒരു സിനിമയാണ് ഇതെന്നും ഓരോ കഥാപാത്രങ്ങളും അങ്ങനെ ആണെന്നും അശോകൻ പറയുന്നു.

മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു വേഷം ആയിരിക്കും ഇത്. മമ്മൂക്കയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം നിർമാണ കമ്പനിയിന്റേത് കൂടിയാണെന്നതിന്റെ സന്തോഷവും അശോകൻ കൂട്ടിച്ചേർത്തു. വ്യത്യസ്തമായ പ്രമേയവും അവിസ്മരണീയമായ ദൃശ്യ മികവും കൊണ്ട് മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ലിജോ ജോസ് പെല്ലിശ്ശേരി.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പളനി, തമിഴ്നാട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തമിഴ് നടി രമ്യാ പാണ്ടിയൻ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. രമ്യയുടെ ആദ്യത്തെ മലയാള സിനിമയായിരിക്കും ഇത്. ചിത്രത്തിൽ ഒരു തമിഴ് കഥാപാത്രത്തെ ആയിരിക്കും താരം അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനി എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയായിരിക്കും “നന്പകൾ നേരത്ത് മയക്കം”. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാർ നിർമാണ രംഗത്തേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയായിരിക്കും ഇത്. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിന് കഥയൊരുക്കിയത് ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്. തേനി ഈശ്വർ ആണ് ചിത്രത്തിലെ ഛായാഗ്രാഹകൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top