അഭിനയത്തിലൂടെ മാത്രമല്ല നൃത്തത്തിലൂടെയും ആരാധകലക്ഷങ്ങളെ നേടിയെടുത്ത താരമാണ് നടൻ വിനീത്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് നായകനായും സഹനടനായും ഇപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങുകയാണ് വിനീത്. “നഖക്ഷതങ്ങൾ”, “സർഗ്ഗം”, “പരിണയം”, “കാബൂളിവാല”, “മഴവില്ല്”, “പെരുമഴക്കാലം”, “ഡാർലിംഗ് ഡാർലിംഗ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടായിരുന്നു വിനീതും അന്തരിച്ച നടി മോനിഷയും. ഇവർ ഒന്നിച്ചിരുന്ന അഞ്ച് സിനിമകളും ഗംഭീര വിജയം ആയിരുന്നു. അഭിനയം പോലെ തന്നെ അസാധ്യ നർത്തകൻ കൂടിയാണ് വിനീത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് “മണിച്ചിത്രത്താഴ്”. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭനയുടെ നാഗവല്ലി എന്ന കഥാപാത്രത്തിനൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന രാമനാഥൻ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല.
“മണിച്ചിത്രത്താഴ്”ന്റെ ഹിന്ദി റീമേക്കിൽ രാമനാഥൻ ആയി അഭിനയിച്ചത് വിനീത് ആയിരുന്നു. “ഇടനിലങ്ങൾ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് വിനീത്. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരങ്ങളായിരുന്നു വിനീതിന് ലഭിച്ചിരുന്നത്. മലയാളത്തിലെ അനശ്വര പ്രതികളായ പത്മരാജൻ, ഐവി ശശി എന്നിവർക്കൊപ്പം എല്ലാം തുടക്ക കാലത്ത് തന്നെ പ്രവർത്തിച്ചു വിനീത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ നായകനായി ചുവടുവെച്ച വിനീതിന് ഒന്നിനൊന്നു മികച്ച അവസരങ്ങൾ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. പല സിനിമ താരങ്ങൾക്കും അവരുടെ സിനിമ ജീവിതത്തിൽ മികച്ച വേഷങ്ങൾ നഷ്ടം ആയേക്കും. ജോലിത്തിരക്കുകൾ കാരണമോ ചിലപ്പോൾ ഇഷ്ടപ്പെടാതെ വേണ്ടെന്നു വെച്ച നഷ്ടപ്പെട്ട ആ കഥാപാത്രങ്ങൾ ചിലപ്പോൾ വമ്പൻ ഹിറ്റായി മാറുകയും ചെയ്യും. പരാജയപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ട്.
എന്നാൽ വിനീതിന് നഷ്ടമായത് മലയാള സിനിമയിൽ എക്കാലത്തും ഓർത്തു വെക്കുന്ന ചില കഥാപാത്രങ്ങളെ ആയിരുന്നു. “സല്ലാപം”, “മണിച്ചിത്രത്താഴ്”, “അനിയത്തിപ്രാവ്” എന്നിവയായിരുന്നു വിനീതിന് നഷ്ടമായ സിനിമകൾ. ജനപ്രിയ നടൻ ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു “സല്ലാപം”. ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചത് വിനീതിനെ ആയിരുന്നു. എന്നാൽ ആ സമയത്ത് “കാതൽ ദേശം”, “ശക്തി” എന്നീ ചിത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു വിനീത്.
അങ്ങനെയായിരുന്നു “സല്ലാപ”ത്തിലെ അവസരം പോയത്. ആനി, മനോജ് കെ ജയൻ, വിനീത് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിംഗ്. പിന്നീടായിരുന്നു സിനിമയിലേക്ക് ദിലീപും, മഞ്ജുവും എത്തുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും സിനിമ ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറി ഈ ചിത്രം. ആ സിനിമയുടെ മനോഹാരിത കാസ്റ്റിങ്ങിലെ ആ പുതുമ തന്നെയാണെന്നും വിനീത് തുറന്നു പറയുന്നു. അത് ഞാൻ ചെയ്യേണ്ടതായിരുന്നു എന്ന് പറയുന്നതിൽ കാര്യമില്ല, കാരണം അത് മറ്റൊരാൾക്ക് വേണ്ടിയുള്ളതാണ് എന്നും വിനീത് കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബൻ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച “അനിയത്തിപ്രാവി”ലെ സുധി എന്ന കഥാപാത്രത്തിനായി ഫാസിൽ വിനീതിനെ സമീപിച്ചിരുന്നു. ഫാസിലിന് ഒരു പുതുമുഖത്തെ ആയിരുന്നു വേണ്ടത്. എന്നാൽ ഒരുപാട് നോക്കിയതിനു ശേഷം കിട്ടാതായപ്പോൾ വിനീതിനെ വിളിക്കുകയായിരുന്നു. എന്നാൽ അന്ന് “കാതൽ ദേശ”ത്തിന്റെ ഷൂട്ട് കഴിഞ്ഞ് പിറ്റേ ദിവസം ഭരതന്റെ തെലുങ്കു സിനിമയ്ക്ക് വിശാഖപട്ടണത്തിൽ പോകാൻ നിൽക്കുകയായിരുന്നു.
ആ ചിത്രമായിരുന്നു “മഞ്ജീരധ്വനി” എന്ന പേരിൽ മലയാളത്തിൽ ഇറങ്ങിയത്. അതിനിടയിലായിരുന്നു വിനീതിനെ കാണണമെന്ന് പറഞ്ഞു ഫാസിൽ വിളിക്കുന്നത്. പോയി കണ്ടപ്പോൾ ശാലിനിയെ നായികയായി അവതരിപ്പിക്കുന്ന ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞു. എന്നാൽ ഭരതന്റെ സിനിമയ്ക്ക് പോവുകയാണെന്ന് അദ്ദേഹത്തോട് പറയേണ്ടി വന്നു. അങ്ങനെ കുഞ്ചാക്കോ ബോബൻ ആ ചിത്രത്തിലേക്ക് വന്ന് അതൊരു ചരിത്രം ആവുകയും ചെയ്തു.
കുഞ്ചാക്കോ ബോബൻ- ശാലിനി ജോഡി വമ്പൻ ഹിറ്റ് ആവുകയും ചെയ്തു. കാസ്റ്റിംഗിലെ പുതുമ എപ്പോഴും ഒരു പടത്തിന് ഭംഗി ആണെന്ന് വിനീത് പറയുന്നു. മണിച്ചിത്രത്താഴിലും സമാനമായ ഒരു സംഭവമായിരുന്നു നടന്നത്. ഒരു അവാർഡ് ചടങ്ങിൽ വെച്ച് ബാക്ക്സ്റ്റെജിൽ നിന്നും വേദിയിലേക്ക് പോകുമ്പോൾ ഫാസിൽ വിനീതിന്റെ കൈപിടിച്ചു നിർത്തിയിട്ട്, നൂറു കൊല്ലം മുമ്പ് ഉള്ള ഒരു നർത്തകി അവളുടെ കാമുകനായ രാമനാഥൻ ഇത്രയേ പറഞ്ഞുള്ളൂ.
ലാലിനെയും സുരേഷ് ഗോപിയുടെയും ഒരുമിച്ചുള്ള ദിവസമാണെന്നും 8 ദിവസം വേണം എന്നും പറഞ്ഞു. എന്നാൽ അപ്പോൾ “പരിണാമ”ത്തിന്റെ ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയായിരുന്നു. ഹരിഹരൻ സാറിനോട് ചോദിക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞു. ഒരുപാട് ശ്രമിച്ചെങ്കിലും അത് നടന്നില്ല എന്ന് വിനീത് കൂട്ടിച്ചേർത്തു.
