Movlog

Movie Express

വീടില്ലാത്തവർക്ക് തണലായി മക്കൾ സെൽവൻ – തന്റെ പരസ്യ ചിത്രത്തിലെ മുഴുവൻ തുകയും കൈമാറി

തമിഴ് സിനിമകളിൽ ആണ് കൂടുതൽ സജീവമെങ്കിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി പ്രധാനമായും തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. എങ്കിലും മലയാളത്തിലും തെലുങ്കിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിജയ് സേതുപതി താര പദവിയിൽ നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം അഞ്ചു വർഷങ്ങളോളം സഹതാരമായി തിളങ്ങിയതിന് ശേഷമാണ് സീനു രാമസ്വാമി സംവിധാനം ചെയ്ത “തേൻമേർക്കു പറുവകാറ്ര്” എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്. പിന്നീട് “സുന്ദരപാണ്ഡ്യൻ” എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയസേതുപതി “പിസ” എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. “വിക്രം വേദ”, “സൂപ്പർഡീലക്സ്”, “96 “, ” നാനും റൗഡി താൻ” തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയസേതുപതി നിരവധി പുരസ്കാരങ്ങളാണ് ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ളത്.

ചെന്നൈ സ്വദേശിയായ താരത്തിന് മൂന്നു സഹോദരങ്ങൾ ആണ് ഉള്ളത്. ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തപ്പോൾ ആയിരുന്നു ഓൺലൈൻ വഴി ഭാര്യ ആയ ജെസിയുമായി സൗഹൃദത്തിൽ ആവുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 2003ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു മക്കളാണുള്ളത്. വിജയ് സേതുപതിയുടെ മകൻ സൂര്യ ബാലതാരമായി സിനിമയിൽ തിളങ്ങിയിട്ടുണ്ട്. “നാനും റൗഡി താൻ”, “സിന്ധുബാദ്” എന്നീ ചിത്രങ്ങളിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ സൂര്യ ആയിരുന്നു.

മികച്ച അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ജനപ്രീതി ലഭിച്ച നടനാണ് വിജയ് സേതുപതി. പൊതുവേദികളിൽ താരം പങ്കുവയ്ക്കുന്ന വിഷയങ്ങളും നിലപാടുകളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏറെ സജീവമായ താരം നിരവധി റാലികളിൽ പങ്കെടുത്തിട്ടുണ്ട്. കൊറോണ ദുരിതാശ്വാസനിധിയിൽ 25 ലക്ഷം രൂപയോളം താരം സംഭാവന ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സെക്രട്ടറിയേറ്റിൽ പോയി നേരിട്ട് കണ്ടായിരുന്നു കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന നൽകിയത്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധികൾ കാരണം ദുരിതമനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ് വിജയ് സേതുപതി.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യം മുഴുവനും ലോക്ക് ഡൗണിലേക്ക് കടന്നപ്പോൾ ജനങ്ങൾ സാമ്പത്തികമായും മാനസികമായും ഏറെ പ്രതിസന്ധിയിലായി. നിരവധി പേർക്കാണ് അവരുടെ തൊഴിലവസരങ്ങൾ നഷ്ടമായത്. മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ചു എങ്കിലും സിനിമ മേഖലയ്ക്ക് ഇത് ഒരു കനത്ത തിരിച്ചടി തന്നെ ആയിരുന്നു. സിനിമാമേഖലയിലെ ദിവസ വേതനക്കാർക്ക് ദുരിതപൂർണമായ ജീവിതം ആയിരുന്നു കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കേണ്ടിവന്നത്. ഇവർക്ക് സഹായവുമായി നിരവധി സൂപ്പർതാരങ്ങൾ രംഗത്തെത്തിയിരുന്നു.

രണ്ടാം തരംഗത്തിന് ശേഷം സിനിമ മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക് കടക്കുമ്പോഴും സഹായം തുടരുകയാണ് വിജയ് സേതുപതി. പരസ്യത്തിൽ അഭിനയിച്ചതിന് ലഭിച്ച ഒരു കോടി രൂപയാണ് അദ്ദേഹം സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് ഫെഡറേഷനു സംഭാവനയായി നൽകിയത്. വീടില്ലാത്ത സിനിമ തൊഴിലാളികൾക്ക് വീട് വെച്ചു നൽകുന്ന പദ്ധതിയിലേക്ക് ആണ് വിജയ് സേതുപതി ഈ തുക സംഭാവനയായി നൽകിയത്. ഇതിനുമുമ്പ് ഇതേ ആവശ്യവുമായി സംഘടന താരത്തെ സമീപിച്ചപ്പോൾ അന്ന് അദ്ദേഹത്തിന് സഹായിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പരസ്യത്തിൽ അഭിനയിച്ചതിന് ഒരുകോടി രൂപ ലഭിച്ചപ്പോൾ ഈ തുക കൊണ്ട് അന്ന് സമീപിച്ച സംഘടനയുടെ ആവശ്യം നിറവേറ്റാൻ താരം തീരുമാനിക്കുകയായിരുന്നു.

800 കോടി രൂപയ്ക്ക് സിനിമയിലുള്ള തൊഴിലാളികൾക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയിലേക്ക് ഒരു കോടി എങ്കിലും സംഭാവന നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് വിജയ് സേതുപതി. സിനിമയിൽ നിന്നും ഇതുവരെ നേടിയിട്ടുള്ള പണമെല്ലാം ലോണുകൾക്കായി അടയ്ക്കേണ്ടി വന്നതിനാൽ ഇതുവരെ കാര്യമായി സഹായിക്കാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ പരസ്യത്തിൽ അഭിനയിച്ചതിന് ഒരുകോടി ലഭിച്ചപ്പോഴാണ് അതിന് കഴിഞ്ഞതെന്നും താരം പങ്കുവെച്ചു. വിജയ് സേതുപതിയുടെ സന്മനസ്സും മികച്ച തീരുമാനവും ഒരുപാട് പേർക്ക് പ്രചോദനം നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം. വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന “വിടുതലൈ”, ശ്രുതി ഹാസന്റെ നായകനായി “ലാഭം”, രാശി ഖന്നയുടെ നായകൻ ആയി “തുഗ്ലഖ് ദർബാർ” എന്നിവയെല്ലാം റിലീസിനൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top