Movlog

Kerala

ഇനി ആംബുലൻസ്കൾ എം വി ഡി നിയന്ത്രിക്കും ! തോന്നിയപോലെ ആംബുലൻസ് ഓടിക്കാൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ ആംബുലൻസുകളുടെ സേവനം മെച്ചപ്പെടുത്താനും ഏകോപിപ്പിക്കാനും പുതിയ മാനദണ്ഡങ്ങൾ സ്വീകരിച്ച് ഗതാഗത വകുപ്പ്. അനധികൃത ആംബുലൻസുകൾ പ്രവർത്തിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ഇത് നിയന്ത്രിക്കുന്നതിനും തീരുമാനം ആയിട്ടുണ്ട്. ഇതോടൊപ്പം ഐഎംഎയുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

അംഗീകൃത ആംബുലൻസുകൾക്ക് മാത്രം പ്രത്യേകം നമ്പർ നൽകും. അംഗീകൃത ഡിസൈനും, ലൈറ്റും, നിറവും, ഡിസൈനും, ഹോണും മാത്രമേ ഇനി ആംബുലൻസുകളിൽ ഉപയോഗിക്കാവൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇതിനു പുറമേ ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ലൈസൻസ് ലഭിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞാൽ മാത്രമേ ഡ്രൈവർമാരെ ആംബുലൻസ് ഓടിക്കാൻ അനുവദിക്കുകയുള്ളൂ.

ആംബുലൻസ് ഡ്രൈവർമാരുടെ പ്രത്യേക പരിശീലനത്തിൽ പ്രഥമശുശ്രൂഷ, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗത നിയന്ത്രണം, പെരുമാറ്റ മര്യാദകൾ, ആശുപത്രികളുമായി ഏകോപനം എന്നിവ ഉൾപ്പെടുത്തും. ഇനി മുതൽ സംസ്ഥാനത്തുടനീളമുള്ള ആംബുലൻസുകൾ മൂന്നായി തരം തിരിച്ച് പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തും. ആംബുലൻസുകളെ കുറിച്ചും ഡ്രൈവർമാരുടെ സേവനങ്ങളെക്കുറിച്ചും ഉയർന്നു വരുന്ന പരാതികൾ കണക്കിലെടുത്ത് പരിശോധനകൾ ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഐഎംഎ പ്രതിനിധികളായ ഡോക്ടർ ജോൺ പണിക്കർ, ഡോക്ടർ ശ്രീജിത്ത് എം കുമാർ, ട്രാൻസ്പോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ, ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടന പ്രതിനിധികൾ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.

ഇതോടെ മൂന്നു വർഷത്തെ ഡ്രൈവിംഗ് പരിചയം ഉള്ളവർക്ക് മാത്രമേ ആംബുലൻസ് ഡ്രൈവർമാർ ആകുവാൻ സാധിക്കുകയുള്ളൂ. ഇതോടെ വ്യാജ ആംബുലൻസുകളുടെ കാര്യത്തിൽ ഒരു തീരുമാനമായി. പല അപകടങ്ങളും അസുഖങ്ങളും ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ/ രോഗിയുടെ പിന്നീടുള്ള ആരോഗ്യനിലയും ജീവിതവും നിശ്ചയിക്കുന്നത് ആ ആവസ്ഥ എത്ര പെട്ടെന്ന് കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും.

പലപ്പോഴും ആംബുലൻസുകൾ എത്താൻ വൈകുന്നതും ആംബുലൻസ് ഡ്രൈവർമാരുടെ അശ്രദ്ധയും ആ സാഹചര്യം സങ്കീർണമാക്കുന്നു. ആ അവസ്ഥ കൈകാര്യം ചെയ്യാൻ വേണ്ട പരിശീലനങ്ങൾ ഡ്രൈവർമാർക്ക് ഇല്ലാത്തതും എല്ലാം ആ വ്യക്തിയുടെ അവസ്ഥ വഷളാക്കുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന് നാം മനസ്സിലാക്കണം. അറിവില്ലായ്മ കാരണം ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top