Movlog

Kerala

പാമ്പു കടിയേറ്റ വാവ സുരേഷിന്റെ നില ഗുരുതരം – ജീവൻ നിലനിർത്താൻ കൃത്രിമശ്വാസം അടക്കം വെന്റിലേറ്റർ

കഴിഞ്ഞ ദിവസമായിരുന്നു ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ പാമ്പ് വാവ സുരേഷിനെ കടിച്ചത്. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് വി കെ നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടത്.

വാവ സുരേഷ് എത്തുന്നതിനു മുമ്പ് തന്നെ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചില്ല. തുടർന്ന് കരിങ്കല്ലിന്റെ കൂട്ടം തന്നെ വല കൊണ്ട് മൂടുകയായിരുന്നു. അടുത്തിടെയായിരുന്നു ഒരു വാഹനാപകടത്തിൽ വാവ സുരേഷ് ചികിത്സയിലായിരുന്നത്.

സംഭവസ്ഥലത്തെത്തി എങ്കിലും അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാർ ആയിരുന്നു മാറ്റിയത്. അവസാനത്തെ കല്ല് മാറ്റിയതോടെയാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വാവ സുരേഷ് പാമ്പിനെ പിടികൂടി ചാക്കിലാക്കി. നാലു തവണ ചാക്കിൽ നിന്ന് പുറത്തു ചാടിയ മൂർഖൻ അഞ്ചാം തവണ സുരേഷ് കാല് ചാക്കിന്റെ അടുത്തേക്ക് നീക്കി വെച്ച് കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. പിടിവിട്ട പാമ്പ് വീണ്ടും കരിങ്കല്ലിന്റെ ഉള്ളിലേക്ക് പോയെങ്കിലും വീണ്ടും പിടികൂടി കാർഡ് ബോർഡ് ബോക്സിലേക്ക് ഇട്ടു സ്വന്തം കാറിൽ കൊണ്ടുവച്ചു സുരേഷ്.

പിന്നീട് കാലിലെ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി, രക്തം നീക്കിക്കളഞ്ഞു, തുണി കൊണ്ട് മുറിവായ കെട്ടി പ്രഥമ ശുശ്രൂഷ ചെയ്തു. ഉടൻ തന്നെ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യാത്രക്കിടയിൽ സംസാരിച്ചെങ്കിലും ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നത് അനുഭവപ്പെട്ടു. പിന്നീട് നാട്ടകം സിമന്റ് കവല എത്തിയതോടെ ഛർദ്ദിച്ച് അവശനിലയിലായി. പാമ്പുകടിയേറ്റത് കണ്ടു നിന്ന നാട്ടുകാരിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ തലകറങ്ങി വീണു. വാവ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കടിയേറ്റ വാവ സുരേഷിന് കൃത്രിമശ്വാസം നൽകിയാണ് ജീവൻ തിരിച്ചു കിട്ടിയത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിനുള്ള പ്രയാസമാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവിധ സഹായവും സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

വാവ സുരേഷിന്റെ മുഴുവൻ ചികിത്സ ചിലവുകളും സർക്കാർ ഏറ്റെടുത്തു. അദ്ദേഹമിപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ട് വന്ന സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം വെറും 20% മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചു തുടങ്ങി. പാമ്പിന്റെ വിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നത് വരെ വെന്റിലേറ്ററിന്റെ സഹായത്തിൽ തന്നെ തുടരും.

ഏഴടി നീളമുള്ള മൂർഖൻ പാമ്പിനെ ചാക്കിൽ ആക്കുന്നതിനിടെ ആയിരുന്നു പാമ്പ് വളഞ്ഞു വന്ന് സുരേഷിനെ വലതു തുടയിൽ കടിച്ചത്. ഉടൻ തന്നെ പിടി വിട്ടെങ്കിലും അസാമാന്യ ധൈര്യത്തോടെ വീണ്ടും പാമ്പിനെ പിടിച്ച് നാടിനെ സുരക്ഷിതമാക്കുക ആയിരുന്നു വാവ സുരേഷ്. ആദ്യം കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കൽ കോളേജ് വിഭാഗം അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top