Movlog

Kerala

“കടം തീർക്കാതെ മരിക്കില്ല”…വീടിന്റെ ജപ്തി നടന്ന ഇടത്ത് നിന്നും ഇന്ന് ലോകമറിയുന്ന രുചിയുടെ രാജകുമാരി ആയി മാറിയ ഇളവരശിയുടെ വിജയകഥ

നാല്പത് വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ ഏഴ് വർഷം നീണ്ട കടുത്ത വേനൽ കാലമുണ്ടായിരുന്നു. പക്ഷികൾ ഒന്ന് പറക്കാൻ പോലും മടിച്ച ഒരു കാലമായിരുന്നു അത്. വരുമാനമാർഗങ്ങൾ നിലച്ച് ജീവിക്കുവാനായി മധുരയിലെ ഉസലാംപെട്ടിയിൽ നിന്ന് ഒരു കൂട്ടം ആളുകൾ അന്ന് കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാൽ മുല്ല പൂവും ചോളവും വിളയിക്കാൻ അവർക്ക് കൃഷിഭൂമികൾ ഇല്ലായിരുന്നു. വീട്ടിലെ സ്ത്രീകൾ അടുക്കളയിൽ മൊരിയിച്ചെടുത്ത അരിമുറുക്കും കൊക്കുവടയും പനൻകൊട്ടയിൽ ആക്കും.

അത് തലച്ചുമടായി വീടുകൾ തോറും കയറി ഇറങ്ങി പുരുഷന്മാർ വിൽക്കും. ഇതു വിറ്റ് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ഇവർ ജീവിതം മുന്നോട്ട് കൊണ്ട് പോയത്. അവരുടെ തലമുറകളും ഇവിടെ കേരളത്തിൽ തന്നെ തുടർന്ന്. ഇന്ന് ലോകമറിയുന്ന രുചിയുടെ രാജകുമാരിയാണ് ആ തലമുറകളിൽ നിന്നും ഉയർന്ന ഇളവരശി. ജീവിതത്തിൽ ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും തളരാതെ മുന്നോട്ടു പോയിരുന്നത് അച്ഛന്റെ വാചകങ്ങൾ ആണെന്ന് ഇളവരശി പറയുന്നു.

നിനക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്നും പരിശ്രമിച്ചാൽ മാത്രം അംത്തി എന്ന അച്ഛന്റെ വാചകങ്ങൾ ആയിരുന്നു അവളെ തകർച്ചകളിൽ നിന്നും എഴുന്നേറ്റു മുന്നോട്ടു പോകുവാൻ പ്രചോദനം നൽകിയത്. അശ്വതി ഹോട്ട് ചിപ്സ് എന്ന ബ്രാൻഡ് അറിയാത്ത ആരും കേരളത്തിൽ ഉണ്ടാവില്ല. ഈ ബ്രാൻഡ് ഉടമ ഇളവരശി തൃശ്ശൂരിലെ അഞ്ചു കടകളിലായി പാകം ചെയ്യുന്നത് 126 പലഹാരങ്ങളാണ്. ഓൺലൈൻ ബിസിനസിന് പുറമേ ഇളവരശി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാൻഡ് നാല് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭകർക്കുള്ള അവാർഡും ബ്രിട്ടണിലെ കിങ്‌സ് സർവകലാശാലയിൽ നിന്ന് പാചകത്തിന് ഡോക്ടറേറ്റും സ്വദേശത്തു നിന്നും വിദേശത്തു നിന്നും ആയി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഈ കാലയളവിൽ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇളവരശി ആദ്യമായി കച്ചവടം നടത്തിയത്. തൃശ്ശൂരിൽ താമസിച്ചിരുന്ന വീടിനടുത്തുള്ള കള്ള് ഷോപ്പിൽ കുടിക്കാൻ വരുന്നവർക്ക് കൊക്കുവടയുടെയും മിക്സ്ചറിന്റെയുംബാക്കിയാവുന്ന എരിവ് പൊടിയുടെ പൊതി ഒരു പൈസയ്ക്ക് വിറ്റായിരുന്നു ഇളവരശി ബിസിനസിലേക്ക് വരുന്നത്.

പൊതി വിറ്റു കിട്ടുന്ന പണം കൊണ്ട് സഹോദരങ്ങൾ കണ്മഷിയും ചാന്തും ബലൂണും വാങ്ങി നൽകും. ഇളവരശി കിട്ടുന്ന കാശ് വൈകുന്നേരം കച്ചവടം കഴിഞ്ഞെത്തുന്ന അച്ഛനെ ഏല്പിക്കും. അപ്പോൾ അച്ഛന്റെ മുഖത്ത് സന്തോഷം വിരിയുന്നത് കാണാൻ ഇളവരശിക്ക് ഇഷ്ടമായിരുന്നു. പെൺകുട്ടികൾക്ക് വിലയില്ലാത്ത ഒരു ഗ്രാമമായിരുന്നു ഉസലാംപെട്ടി. അവിടെ സ്കൂളിൽ പോയി അഞ്ചാം ക്ലാസ്സുവരെ പഠിച്ചത് ഇളവരശി മാത്രമാണ്. പെൺകുട്ടികളെ വീട്ടിൽ അടച്ചിടും.

കുറച്ചുകൂടി മുതിർന്നപ്പോൾ വീണ്ടും പഠിക്കാൻ മോഹം ആയപ്പോൾ ഏട്ടന്മാർ കളിയാക്കി. എന്നാൽ വാശിയേറിയ ഇളവരശി രാപ്പകൽ പഠിച്ചു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി. ആദ്യതവണ പരാജയപ്പെട്ടെങ്കിലും അതുകൊണ്ട് പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. രണ്ടാം തവണ പാസായി പ്രീഡിഗ്രി ആദ്യ വർഷം പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അടുത്ത വർഷം തന്നെ വിവാഹവും. ഏട്ടന്റെ ഭാര്യയുടെ സഹോദരനുമായി മാറ്റകല്യാണം ആയിരുന്നു.

വരന്റെ വീട്ടിൽ നിന്നും വന്ന അൻപതോളം ബന്ധുക്കൾക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഒരുക്കിയത് ഇളവരശി തനിച്ചായിരുന്നു. ഭർത്താവ് ജയകാന്തന് ജോലി ഒന്നും ഉണ്ടായിരുന്നില്ല. ചേട്ടന്മാരുടെ കൂടെ പലഹാരം വറുക്കാൻ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ജീവിതം മുന്നോട്ടു പോയത്. എന്നാൽ അത് മതിയാവില്ലെന്ന് മനസ്സിലായപ്പോൾ പാചക ബിസിനസിലേക്ക് കടന്നു. വെളുപ്പിനെ എഴുന്നേറ്റ് അരിമുറുക്ക് ഉണ്ടാക്കി പാക്കറ്റുകളിലാക്കി അടുത്തുള്ള വീടുകളിൽ കൊണ്ട് കൊടുക്കും.

സൂപ്പർ മാർക്കറ്റുകളുടെ തുടക്കകാലം ആയിരുന്നു അത്. ഒക്കത്ത് മൂത്തമകനെയും വെച്ച് വരുന്ന സ്ത്രീക്ക് അവർ ഒരു സഹായം ചെയ്തു കൊടുത്തു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് തരുന്ന മുളക്, മല്ലി എന്നിവയെല്ലാം പാറ്റി വെടിപ്പാക്കി പാക്കറ്റുകളിലാക്കി തിരിച്ചു കൊടുക്കുന്നത്. ഒരു പാക്കറ്റിന് ഒരു രൂപയായിരുന്നു ലാഭം. അങ്ങനെ 10 പേരെ കൂട്ടി അത് ചെയ്യാൻ തുടങ്ങി. ദിവസം നാലായിരം പാക്ക് ചെയ്തു കൊടുക്കും. രാത്രിയിൽ പിറ്റേന്ന് കടകളിൽ കൊടുക്കാനുള്ള പലഹാരങൾ ഉണ്ടാക്കും. പലഹാരങ്ങൾക്ക് ഭംഗിയും സ്വാദും കൂട്ടാൻ നിറവും മായവും ചേർക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു ഇളവരശിക്ക്.

ബിസിനസ് പച്ച പിടിച്ചതോടെ കുറുക്കഞ്ചേരിയിൽ സ്ഥലം വാങ്ങുകയും വീട് വെക്കുകയും ചെയ്തു. കച്ചവടം കൂടിയപ്പോൾ ചെറിയൊരു കാറും വാങ്ങി. അന്ന് മുർക്കിനും മിക്സ്ചറിനും ഒന്നും പേരില്ലായിരുന്നു. 2004ലാണ് രണ്ടാമത്തെ മകന്റെ ജന്മനക്ഷത്രം ആയ അശ്വതി എന്ന പേര് പലഹാര കൂടിൽ നൽകിയത്. 2010 ആയപ്പോഴേക്കും സൂപ്പർമാർക്കറ്റ് തുടങ്ങിയാലോ എന്ന ആഗ്രഹം വന്നതോടെ കയ്യിലുണ്ടായിരുന്ന സ്വർണം എല്ലാം പണയം വെച്ച് പൊൻകുന്നത്ത് ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി.

കച്ചവടം പൊടിപൊടിച്ചു പോകുന്നതിനിടയിൽ ആയിരുന്നു രണ്ടു വർഷങ്ങൾക്കു ശേഷം ആ വഴിത്തിരിവ് സംഭവിക്കുന്നത്. കടയിൽ നിന്ന് വീട്ടിലെത്തുമ്പോൾ സമ്പാദ്യമായി സൂക്ഷിച്ചുവെച്ചിരുന്ന 100 പവൻ സ്വർണ്ണം കളവ് പോയി. പോലീസിൽ പരാതിപ്പെട്ടു. പിന്നീട് തുടർച്ചയായി കാറും ചാക്കുകണക്കിന് പലഹാരങ്ങളും എല്ലാം മോഷണം പോകാൻ തുടങ്ങി. എന്നാൽ പോലീസുകാർ അതൊരു തമാശയായി മാത്രം എടുത്തു. ഇളവരശിയുടെ ബിസിനസ് തകർത്തു കളയാമെന്ന ലക്ഷ്യത്തോടെയായിരുന്നു ആ മോഷണങ്ങൾ എല്ലാം.

എന്നാൽ കൂടെയുള്ള ആരെയും അവിശ്വസിക്കാൻ തോന്നിയില്ല. ഈ പ്രതിസന്ധികൾ അവരുടെ ആരോഗ്യം തകർത്തു. ഒരാളുടെ സഹായം ഇല്ലാതെ ഒരു അടി പോലും നടക്കാനാകാതെ കിടക്കയിൽ തളർന്നു പോയി. അതോടെ ബിസിനസ് തകർന്ന് ബാങ്കിൽ നിന്നും ലോൺ തിരിച്ചടക്കാൻ പലിശക്കാരെ ആശ്രയിക്കേണ്ടിവന്നു. കടത്തിന് മേൽ കടം വർദ്ധിച്ചപ്പോഴും തിരിച്ചു കച്ചവടത്തിലേക്ക് എത്തും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഇവർ തമിഴ്നാട്ടിലേക്ക് ഒളിച്ചു പോകാൻ തയ്യാറെടുക്കുന്നു എന്ന വ്യാജ വാർത്ത പരന്നതോടെ കടം നൽകിയവരെല്ലാം പരിഭ്രാന്തരായി വീട്ടിലെത്തി ബഹളം വെക്കാൻ തുടങ്ങി.

തൃശ്ശൂർ വിട്ടുപോകില്ല എന്ന് ഉറപ്പു കൊടുത്തിട്ടും ആരും വിശ്വസിച്ചില്ല. വീട് ഒഴിച്ച് ബാക്കി എല്ലാം വിറ്റ് കുറെ കടങ്ങൾ വീട്ടി. പിന്നീട് മണ്ണുത്തി ബൈപ്പാസിൽ ഉന്തുവണ്ടിയിൽ തട്ടുകട തുടങ്ങി. നട്ടുച്ച വെയിലത്ത് പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ വറുത്തുകോരി ആദ്യത്തെ ദിവസം തന്നെ 750 രൂപ ലാഭം ലഭിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ കരണ്ടും വെള്ളവും ഇല്ലാത്ത ഒരു കട മുറി വാടകയ്ക്കെടുത്ത് കച്ചവടം വീണ്ടും പുനരാരംഭിച്ചു. 2015 ജനുവരി 15 നായിരുന്നു വീട് ജപ്തി ചെയ്യാൻ ആയി ബാങ്ക് മാനേജരും തഹസിൽദാരും എത്തിയത്.

ഇളവരശി ആത്മഹത്യ ചെയ്യും എന്നു ഭയന്ന് വനിതാ പോലീസും തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാൽ കടം തീർക്കാതെ മരിക്കില്ല എന്ന് ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു. വീടു നഷ്ടപ്പെടില്ല എന്നൊരു ചിന്ത അവസാന നിമിഷം വരെ അവൾക്കുള്ളിൽ ഉണ്ടായിരുന്നു. അങ്ങനെ പല ബാങ്കിലേക്കും വിളിച്ചപ്പോൾ ഒരു മാനേജർ ജപ്തി നടപടി നടത്തുന്ന ബാങ്കിന്റെ മാനേജറോട് അഞ്ച് ലക്ഷം രൂപ നൽകാമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. അയാളുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നും ആയിരുന്നു ആ പണം നൽകിയത്.

അതിനേക്കാൾ വിലപിടിപ്പുള്ള പണമൊന്നും ഇന്നുവരെ കണ്ടിട്ടില്ലെന്ന് ഇളവരശി പറയുന്നു. തൈ മാസത്തിലെ പൊങ്കൽ ആയിരുന്നു അന്ന്. ദൈവം ഇറങ്ങി വന്നത് അദ്ദേഹത്തിന്റെ രൂപത്തിലായിരുന്നു. അങ്ങനെ ബിസിനസ് വളർത്തി കൊണ്ട് കൈവായ്പ വീട്ടുകയാണ് ചെയ്തത്. പിന്നീട് ഒരിക്കലും കടം വാങ്ങേണ്ടി വന്നിട്ടില്ല. മൂത്ത മകൻ ഇപ്പോൾ ഡിഗ്രി മൂന്നാം വർഷമാണ്. ഇളയമകൻ പത്താം ക്ലാസിലും. ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഇൻഡോ അറബ് മേളയായ കമോൺ കേരളയിലേക്ക് പ്രൈഡ് പ്രോഡക്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുത്തത് ഇളവരശിയെ ആയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും തനിക്ക് തുണയായത് വടക്കുംനാഥൻ ആണെന്ന് ഇളവരശി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top