Movlog

Kerala

ഞാൻ എന്റെ പൊന്നുമക്കളെ കഷ്ട്ടപെട്ടു വളർത്തിയത് കച്ചവടത്തിന് വെക്കാൻ അല്ല ! ആറു പെൺമക്കളെ പഠിപ്പിച്ച് ഡോക്ടർമാർ ആക്കി നാടിനു സമ്മാനിച്ച സൈന എന്ന ‘അമ്മയുടെ കഥ

പെൺമക്കളെ ഒരു ഭാരമായി കാണുന്ന ഒരു കാലം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. സ്ത്രീധനം എന്ന ദുരാചാരം കാരണം പെൺമക്കളെ ഒരു ബാധ്യതയായി കണക്കാക്കുകയും ഗർഭാവസ്ഥയിൽ തന്നെ പെൺകുഞ്ഞാണ് എന്നറിഞ്ഞാൽ ഭ്രൂണഹത്യ ചെയ്യുന്ന പ്രവണതയും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. സ്ത്രീധനം നിരോധിച്ചെങ്കിലും ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലം ഒരുപാട് പുരോഗമിച്ചു എങ്കിലും ഇന്നും പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്ന മാതാപിതാക്കൾ ഉണ്ട് എന്ന് വേദനയോടെ നാം തിരിച്ചറിയണം.

മാതാപിതാക്കളുടെ വയസ്സുകാലത്ത് അവരെ നോക്കാൻ ആൺമക്കളെ ഉണ്ടാവുകയുള്ളൂ എന്ന പഴഞ്ചൻ ചിന്താഗതിയും പെൺമക്കളെ വിവാഹം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടതാണ് എന്ന ചിന്തയും ഒക്കെയാണ് ഇന്നും പെൺമക്കളെ ഒരു വിൽപ്പന ചരക്കായി മാതാപിതാക്കൾ കാണുന്നതിന്റെ കാരണങ്ങൾ. പണ്ടു കാലങ്ങളിൽ പെൺമക്കൾക്ക് വിദ്യാഭ്യാസം പോലും നൽകാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് കാലം മാറി. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും വിദ്യാഭ്യാസം നേടുന്നു. പെൺമക്കൾ ഒരു ഭാരം അല്ല മറിച്ചു ഭാഗ്യമാണെന്ന് കരുതുന്ന മാതാപിതാക്കളും ഇന്നുണ്ട്.

അത്തരത്തിൽ തന്റെ പെണ്മക്കളെ പഠിപ്പിച്ച് ഡോക്ടർമാർ ആക്കി സമൂഹത്തിന് സമ്മാനിച്ച ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സൈന ഒന്നു വിളിച്ചാൽ ആറ് ഡോക്ടർമാരാണ് ആ വീട്ടുമുറ്റത്ത് എത്തുക. അത് സൈന ഒരു വിഐപി ആയിട്ട് ഒന്നുമല്ല. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ അതെല്ലാം അതിജീവിച്ച് മുന്നോട്ടു വന്ന ഒരു അഞ്ചാം ക്ലാസുകാരിയായ സാധാരണ വീട്ടമ്മയാണ് സൈന. സൈനയുടെ അച്ഛന്റെ പെങ്ങളുടെ മകൻ ആയ അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയെയാണ് സൈന വിവാഹം കഴിച്ചത്.

വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചപ്പോൾ അഞ്ചാംക്ലാസിൽ പഠിത്തം നിർത്തേണ്ടി വന്ന സങ്കടമായിരുന്നു സൈനയുടെ മനസ്സു നിറയെ. അക്കാലത്ത് മദ്രാസിൽ ബിസിനസ് ആയിരുന്നു സൈനയുടെ ഭർത്താവിന്. കല്യാണം കഴിഞ്ഞ് ആദ്യത്തെ മകൾ ജനിച്ചപ്പോൾ അഹമ്മദ് ഖത്തറിലേക്ക് പോവുകയായിരുന്നു. അവിടെ ഒരു പെട്രോളിയം കമ്പനിയിൽ ജോലി ലഭിച്ചു. സൈനയെയും കുഞ്ഞിനെയും അവിടേക്ക് കൊണ്ടുപോകും എന്നു പറഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു സൈന. ഒരു കുടുംബിനി ആയതിന്റെ ആദ്യത്തെ അങ്കലാപ്പും പരിഭ്രമവും മാറിയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഓരോന്നായി ഏറ്റെടുത്തു സൈന.

പെട്രോളിയം കമ്പനിയിൽ ജോലി ചെയ്തിരുന്ന ൽ=കുഞ്ഞഹമ്മദിന് വായനയും പുസ്തകങ്ങളും ആയിരുന്നു ലഹരി. പൊതുവിജ്ഞാനം ഒരുപാട് ഉള്ള ആളാണ് അദ്ദേഹം. ഇടയ്ക്കെപ്പോഴോ ഒരു ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ചെങ്കിലും സൈനയ്ക്ക് പിറന്നത് എല്ലാം പെൺകുട്ടികളായിരുന്നു. ഫാത്തിമ, ഹാജറ, ആയിഷ, ഫായിസ, രഹനാസ്, അമീറ എന്നിങ്ങനെ ആറ് പെൺകുട്ടികൾ. നാട്ടിൽ എല്ലാവരും പറയുമായിരുന്നു ഇത്രയും പെൺകുട്ടികളെയൊക്കെ എങ്ങനെ വളർത്തും എന്ന്. എന്നാൽ സൈനയ്ക്ക് ഒരിക്കലും പെൺകുട്ടികൾ ആയിപ്പോയല്ലോ എന്ന ചിന്ത ഉണ്ടായിരുന്നില്ല.

മക്കളെ നന്നായി പഠിപ്പിക്കണമെന്നും അവർ നന്നായി പഠിക്കണമെന്നും മാത്രമായിരുന്നു സൈനയുടെ ആഗ്രഹം. അത് മാത്രമായിരുന്നു സൈനയുടെ ജീവിതലക്ഷ്യവും സന്തോഷവും. നമ്മൾ ചെയ്യുന്ന ജോലി കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം വേണം എന്ന് കരുതിയപ്പോൾ ആയിരുന്നു മക്കളെ ഡോക്ടർമാർ ആക്കണം എന്ന സൈനയുടെ ആഗ്രഹം ഉടലെടുക്കുന്നത്. അങ്ങനെ 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സൈനയുടെ ഭർത്താവ് നാട്ടിലെത്തുമ്പോൾ മൂത്തവർ രണ്ടുപേരും ഡോക്ടർമാർ ആയിരുന്നു.

മൂന്നാമത്തെയും നാലാമത്തെയും മക്കൾ എംബിബിഎസിന് പഠിക്കുകയായിരുന്നു. ആ സമയത്ത് ആയിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടാകുന്നത്. നാട്ടിലെത്തി രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കുഞ്ഞമ്മദിന് നെഞ്ചുവേദന വന്നു. അതിനു പിന്നാലെ അദ്ദേഹം അന്തരിച്ചു. കുഞ്ഞഹമ്മദിന്റെ വിയോഗം സൈനയ്ക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അദ്ദേഹം യാത്രയായപ്പോൾ രണ്ടു മക്കളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ബാക്കി മക്കളെല്ലാം പഠിക്കുകയായിരുന്നു.

എന്നാൽ ഭർത്താവിന്റെയും തന്റെയും സ്വപ്നങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തന്നെ സൈന തീരുമാനിച്ചു. അദ്ദേഹത്തിനൊപ്പം ഉള്ള നല്ല ഓർമ്മകൾ സൈനയ്ക്ക് കൂട്ടായിരുന്നു. ഇപ്പോൾ സൈനയുടെ നാല് മക്കൾ ഡോക്ടർമാരാണ്. ഇളയമകൾ ഒന്നാംവർഷം എംബിബിഎസ് വിദ്യാർത്ഥിയും. മക്കളുടെ വിവാഹത്തെക്കുറിച്ച് ഓർത്ത് സൈനയ്ക്ക് യാതൊരു പരിഭ്രമവും ഇല്ല. സ്ത്രീധനം ചോദിച്ചു വരുന്നവരെ നമ്മുടെ മക്കൾക്ക് വേണ്ട എന്ന കുഞ്ഞമ്മദ് കുട്ടിയുടെ പോളിസി തന്നെയാണ് അക്കാര്യത്തിൽ സൈനയുടെ പാഠപുസ്തകം. സ്ത്രീകൾ സ്വപ്നങ്ങൾ പേറുന്ന തുമ്പികൾ ആകണം,അതിരില്ലാതെ ആകാശത്ത് പാറിപ്പറക്കുന്ന തുമ്പികൾ ഇതല്ലാതെ മറ്റെന്തു ആവാൻ എന്നാണ് ഈ അഞ്ചാം ക്ലാസുകാരിയായ വീട്ടമ്മയ്ക്ക് പറയാനുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top