Movlog

Kerala

മുല്ലപെരിയാർ വിഷയം ! കേരളത്തിനൊപ്പം സ്റ്റാലിൻ – തമിഴ്നാട് മുഖ്യമന്ത്രിയുടെ വാക്കുകൾ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയ്ക്ക് പൂർണ പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആയിരുന്നു ഒരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ ഉറപ്പു നൽകിയത്. ജലനിരപ്പിനെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നണ്ടെന്നും കേരള അധികൃതരുമായി തുടർച്ചയായി ആശയവിനിമയം നടത്തി ദുരിതമനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കുമെന്നും എം കെ സ്റ്റാലിൻ കത്തിലൂടെ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ കളക്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ചുള്ള എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. കേരളം ആവശ്യപ്പെട്ടതു പ്രകാരം മുല്ലപ്പെരിയാർ ഡാമിൽ നിന്നും പരമാവധി വെള്ളം വൈഗ ഡാമിലേക്ക് തിരിച്ചു വിടുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ 2300 ക്യൂ സെക്സ് അളവിലാണ് വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.

ബുധനാഴ്ച രാത്രിയോടെ 137.80 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ഇനിയും ജലനിരപ്പ് താഴ്ന്ന് ഇല്ലെങ്കിൽ ഒക്ടോബർ 29ന് രാവിലെ 7 മണിക്ക് മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്. ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്രിയുടെ അറിയിപ്പിന് ശേഷം ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ കേരളം സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു അയച്ച കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ പൂർണപിന്തുണ കേരളത്തിനൊപ്പം ഉണ്ടെന്ന് എം കെ സ്റ്റാലിൻ അറിയിച്ചത്.

അടുത്തിടെ കേരളത്തിൽ ഉണ്ടായിരുന്ന വെള്ളപ്പൊക്കത്തിലുള്ള ആശങ്കയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കുവച്ചു. ഒപ്പം മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാടിനെ കൊണ്ട് ആവും വിധമുള്ള സഹായങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും ജനങ്ങളുടെ സംരക്ഷണം കണക്കിലെടുത്ത് വേണ്ട നടപടികൾ എടുക്കുമെന്നും സ്റ്റാലിൻ ഉറപ്പു നൽകി.ഒക്ടോബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടി ആയിട്ടാണ് സ്റ്റാലിൻ കത്തയച്ചത്.

അണക്കെട്ടിലെ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചു വിടണമെന്നും ഏതെങ്കിലും കാരണവശാൽ ഷട്ടറുകൾ തുറക്കുന്നുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ കേരളത്തിനെ വിവരമറിയിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി നൽകിയ കത്തിൽ ഉണ്ടായിരുന്നത്. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘന അടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 2300 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് മന്ത്രി അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടിയായി ക്രമീകരിക്കണം എന്ന് കേരള സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ മഴയും ഉരുൾപൊട്ടലും കേരളത്തിനെ മുക്കി കളയുമ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ് മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ജലബോംബ്. അണക്കെട്ടിന്റെ കാലപെരുപ്പവും, സംഭരണ ശേഷിയും, വിള്ളലും എല്ലാം വീണ്ടും ചർച്ചാവിഷയങ്ങൾ ആവുകയാണ്. ഇതിനിടയിൽ ആയിരുന്നു ഡാമിന്റെ ബലക്ഷയത്തിനെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പഠനം പുറത്തു വന്നത്.142 അടി ആണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ ജലനിരപ്പ്. 136 അടിയിൽ നിന്നും 142 അടിയിലേക്ക് ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതി അനുവാദം നൽകിയതിനു ശേഷം മൂന്നുതവണയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽ എത്തിയത്.

2014, 2015, 2018 തുലാവർഷ കാലത്തായിരുന്നു മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി എത്തിയത്. വീണ്ടും ഒരു തുലാവർഷം സംസ്ഥാനത്ത് വന്നെത്തുമ്പോൾ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഭൂചലന സാധ്യത മേഖലയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഇതിനു മുമ്പുണ്ടായ രണ്ടു ചെറിയ ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളൽ ഉണ്ടായിട്ടുമുണ്ട്. 125 വർഷം പഴക്കമുള്ള അണക്കെട്ടും അതിന്റെ ചോർച്ചയും എല്ലാം ആശങ്കകൾ പരത്തുന്നത് തന്നെയാണ്. ഇടുക്കിയിൽ പെയ്യുന്ന ശക്തമായ മഴയും ഉരുൾപൊട്ടലും കാരണം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് ഉള്ള ആശങ്കകൾ വർദ്ധിക്കുകയാണ്. യുഎൻ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ മുൻ നിര താരങ്ങളടക്കം മുല്ലപ്പെരിയാർ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഡീകമ്മീഷൻ മുല്ലപ്പെരിയാർ ഡാം എന്ന #ടാഗ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top