മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. ആദ്യ രണ്ടു സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം ഈ വർഷം വാലന്റ്റൈൻസ് ദിനത്തിലായിരുന്നു മൂന്നാം സീസൺ ആരംഭിച്ചത്. സംഭവബഹുലമായ മുഹൂർത്തങ്ങൾ കൊണ്ട് മുന്നേറുന്ന ബിഗ്ബോസിൽ കഴിഞ്ഞ ദിവസം വികാരനിർഭരമായ നിമിഷങ്ങൾ ആണ് ഉണ്ടായത്. മൂന്നാം സീസണിലെ 38മത്തെ ദിവസം ബിഗ് ബോസ് ഹൗസിൽ തേടിയെത്തിയത് ഒരു ദുഃഖ വാർത്തയായിരുന്നു. പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് അന്തരിച്ചു എന്ന വാർത്തയാണ് മത്സരാർഥികളെ ഞെട്ടിച്ചത്.
ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് ബിഗ് ബോസ് ഈ കാര്യം അറിയിച്ചത്. ഭാഗ്യലക്ഷ്മിയുടെ കരച്ചിൽ മറ്റു മത്സരാർത്ഥികളെയും വിഷമത്തിൽ ആഴ്ത്തി. ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാറിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു കിടിലൻ ഫിറോസ് മോണിങ് ആക്ടിവിറ്റിയെക്കുറിച്ച് വായിച്ചത്. ഇതിനിടയിൽ ബിഗ് ബോസ് ഹൗസിലെത്തിയ പുതിയ ടാസ്ക് ആണ് ശ്രദ്ധേയമാവുന്നത്. ബുദ്ധിയുടെയും സൗന്ദര്യത്തിനും അടിസ്ഥാനത്തിൽ മത്സരം നടക്കുകയാണെങ്കിൽ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു ടാസ്ക്. ആദ്യം ടാസ്കിനു എത്തിയത് സജിന ആയിരുന്നു. ടാസ്കിനു ഭർത്താവ് ഫിറോസ് ഖാനെ ആണ് സജ്ന തിരഞ്ഞെടുത്തത്. തന്റെ മുന്നിൽ സൗന്ദര്യവും ബുദ്ധിയും ഒക്കെ ഉള്ളത് തന്റെ ഇക്കയ്ക്ക് ആണ് എന്നും തന്റെ എല്ലാം എല്ലാം അദ്ദേഹമാണ് എന്നുമായിരുന്നു സജ്ന പറഞ്ഞത്.
രണ്ടാമതായി എത്തിയ മണിക്കുട്ടൻ സൗന്ദര്യത്തിൽ മജ്സിയയുടെ പേരും ബുദ്ധിയിൽ സജ്നയുടെ പേരും ആണ് പറഞ്ഞത്. തന്റെ സൗന്ദര്യ സങ്കല്പത്തിൽ ഉള്ളത് തട്ടം ഇട്ടുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന മജിസിയ ബാനു ആണെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു. മണിക്കുട്ടനു ശേഷം ടാസ്കിന് എത്തിയ റംസാൻ സൗന്ദര്യമത്സരത്തിൽ നോബിയെ വിടുമെന്നും ബുദ്ധിയുടെ കാര്യത്തിൽ ഋതുവിനെ തിരഞ്ഞെടുക്കുന്നു എന്നു പറഞ്ഞു. ഇതിനുപിന്നാലെയാണ് സൂര്യ ടാസ്ക്ൽ എത്തിയത്. ബുദ്ധിയുടെ കാര്യത്തിൽ അഡോണിയുടെ പേരും സൗന്ദര്യത്തിന്റെ കാര്യത്തിൽ മണിക്കുട്ടന്റെ പേരുമാണ് സൂര്യ പറഞ്ഞത്. തന്റെ കണ്ണിനു തോന്നിയ സൗന്ദര്യമാണ് മണിക്കുട്ടൻ എന്നും അത് ബിഗ് ബോസ് ഹൗസിൽ വന്നപ്പോൾ അല്ല പുറത്തുവെച്ച് അങ്ങനെയായിരുന്നു എന്നും സൂര്യ കൂട്ടിച്ചേർത്തു. വ്യക്തിത്വം, സൗന്ദര്യം, ഇടപെടലുകൾ അങ്ങനെ എന്ത് കാര്യത്തിന് ആണെങ്കിലും ഒരു പടി മുകളിലാണ് അദ്ദേഹമെന്ന് സൂര്യ കൂട്ടിച്ചേർത്തു. നോബി ഡിംപിളിനെയും ഋതുവിനെയും ആണ് ടാസ്കിൽ തിരഞ്ഞെടുത്തത്.
