ഹാസ്യവും ഗൗരവവും നിറഞ്ഞ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി ആയ താരം ആണ് ശ്രിന്ദ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വാഭാവിക അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ ശ്രിന്ദയ്ക്ക് എളുപ്പം സാധിച്ചു.
മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയ ആയ താരം ആണ് ശ്രിന്ദ. നാടൻ വേഷങ്ങളും മോഡേൺ ഔട്ട്ഫിറ്റുകളും ഒരേ പോലെ ചേരുന്ന ശ്രിന്ദയ്ക്ക് പൊട്ടിച്ചിരിപ്പിക്കാൻ മാത്രമല്ല ഗൗരവം നിറഞ്ഞ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാനും അറിയാം.
കൊച്ചി സ്വദേശിയായ ശ്രിന്ദ 1985 ആഗസ്ത് 20ന് ആണ് ജനിച്ചത്. സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ, സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയെയും ഫോട്ടോഗ്രഫിയെയും സ്നേഹിച്ച പെൺകുട്ടി ആയിരുന്നു ശ്രിന്ദ. ജോലി ചെയ്തു മടുത്തപ്പോൾ ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് താരം ചുവട് വെച്ചത്. വളരെ കുറച്ചുകാലം ടെലിവിഷൻ അവതാരകയായി പ്രവർത്തിച്ചു.
2010ൽ “ഫോർ ഫ്രണ്ട്‌സ്” എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദ അഭിനയരംഗത്തേക്ക് കടന്നു വന്നത്. ആഷിക് അബു സംവിധാനം ചെയ്ത “22 ഫീമെയിൽ കോട്ടയം” എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധേയമാവുന്നത്. പിന്നീട് “തട്ടത്തിൻ മറയത്ത്”, “നോർത്ത് 24 കാതം”, “101 വെഡിങ്സ്”, “ആർട്ടിസ്റ്റ്”, “അന്നയും റസൂലും”, “ഹോംലി മീൽസ്”, “ടമാർപടാർ”, “ആട് “, ” ഷെർലക് ടോംസ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
“1983” എന്ന ചിത്രത്തിലെ ശ്രിന്ദയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. “വെണ്ണിലാ വീട്” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു താരം. സിനിമകൾ കൂടാതെ പരസ്യങ്ങളിലും ആൽബങ്ങളിലും സജീവമാണ് ശ്രിന്ദ .
19 വയസ്സുള്ളപ്പോൾ ആയിരുന്നു അഷാബിനെ താരം വിവാഹം കഴിച്ചത്. അർഹൻ എന്ന ഒരു മകനുമുണ്ട്. 2014ൽ വിവാഹ മോ ചി ത യാ യ ശ്രിന്ദ 2018ൽ സിജു എസ് ബാവയെ വിവാഹം കഴിച്ചു.
ഫോട്ടോഷൂട്ടുകളിലും വളരെ സജീവമായ താരം ഗ്ലാമർ ലുക്കിലും സ്റ്റൈലിഷ് വേഷങ്ങളിലും എത്തി ശ്രദ്ധ നേടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആകാറുണ്ട്. സിനിമയിൽ കൂടുതൽ നാടൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളത് എങ്കിൽ ഫോട്ടോഷൂട്ടുകളിൽ വളരെ ബോൾഡ് ലുക്കിലാണ് താരം എത്താറുള്ളത്. അടുത്തിടെ ടെലിവിഷൻ പരിപാടിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ ശ്രിന്ദ എടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു.
ഇത് 2021 ആണ് എന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങൾ താരം കുറിപ്പ് പങ്കുവെച്ചത്. ടോക്സിക് സ്വഭാവരീതികളിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നും എല്ലാം പിൻവാങ്ങാൻ ശ്രമിക്കുകയും, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും, അവനവന്റെ ശരീരം സ്നേഹിക്കാൻ സജീവമായി ഇടം ഒരുക്കുകയും ഒക്കെ ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെ എല്ലാം സംഭവിക്കുന്നത് വളരെ ദുഃഖകരമാണ് എന്ന് ശ്രിന്ദ കുറിച്ചു.
ചിലർ 20000 ചുവടുകൾ പുറകിലോട്ട് പോവുകയാണെന്ന് ആയിരുന്നു താരം കുറിച്ചത്. തന്റെ ശരീരത്തെ സ്നേഹിക്കാൻ പഠിക്കുന്ന താരം ഫാഷൻ,സിനിമ എന്നീ മേഖലകളിലൂടെ തന്റെ അഭിപ്രായം പങ്കു വെക്കുകയാണ്. ആർക്കുവേണ്ടിയും താൻ സ്നേഹിക്കുന്നതോ എനിക്ക് വേണ്ടതോ നിർത്താൻ പോകുന്നില്ല, ഫോട്ടോഷൂട്ട് ചെയ്യുന്നതും നിർത്താൻ പോകുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. അഭിനയത്തിനെയും കാടുകളെയും ഒരു പോലെ സ്നേഹിക്കുന്ന താരം ആണ് ശ്രിന്ദ.
ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ വനത്തിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയതായും താരം പങ്കു വെച്ചിരുന്നു. കാടുകളോടും വന്യജീവികളോടും ഉള്ള സ്നേഹം ആദ്യം ഒരു കൗതുകം ആയിരുന്നു പിന്നീട് അത് ഒരു വികാരം ആയി മാറുകയായിരുന്നു എന്ന് ശ്രിന്ദ മുമ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളായി കാടുകളിൽ സഫാരിയും ട്രെക്കിങ്ങും നിരന്തരമായി ചെയ്യുന്ന ശ്രിന്ദയ്ക്ക് വന്യജീവികളെയും കാടിനേയും അനുബന്ധിച്ചുള്ള സേവനങ്ങൾ ചെയ്യാനും മൃഗങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും ആഗ്രഹമുണ്ട്. മൃഗങ്ങൾ പരസ്പരം സംവദിക്കുന്ന മാർഗങ്ങൾ കണ്ടെത്താനും ഇഷ്ടമാണെന്നു ശ്രിന്ദ പറയുന്നു .