Movlog

Movie Express

“ഉപ്പും മുളകും” പരമ്പര താൽക്കാലികമായി നിർത്തിവെച്ചതിന്റെ കാരണം വെളിപ്പെടുത്തി ശ്രീകണ്ഠൻ നായർ

മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സ്വീകാര്യത നേടിയ ഒരു കുടുംബ പരമ്പരയാണ് “ഉപ്പും മുളകും”. പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കണ്ണീരും, കരയുന്ന നായികയും, അമ്മായിഅമ്മ പോരുകളും ഒന്നും ഇല്ലാതെ നർമവും,ഹൃദയഹാരിയുമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണ് “ഉപ്പും മുളകും”. നമ്മുടേത് ഇങ്ങനെ ഒരു കുടുംബം പോലെ ആയിരുന്നെങ്കിൽ എന്ന് കൊതിപ്പിക്കുന്ന, ആർക്കും ഇഷ്ടപ്പെട്ടു പോകുന്ന ഒരു കുടുംബമാണ് ഈ പരമ്പരയെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. മൂവായിരത്തോളം എപ്പിസോഡുകൾ പിന്നിട്ട “ഉപ്പും മുളകും” എന്ന പരമ്പര ഫ്‌ളവേഴ്‌സ് ചാനലിന്റെ യാത്രയുടെ ആരംഭം മുതൽ ഭാഗമായിരുന്നു. ബാലുവും നീലുവും കുട്ടികളുമെല്ലാം ഇപ്പോൾ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ചാനലിൽ “ഉപ്പും മുളകും ” സംപ്രേഷണം ചെയ്യാത്തതിന്റെ കാരണം തിരക്കുകയാണ് ആരാധകൻ. പരമ്പര തിരിച്ചു കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടു നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരമ്പര നിർത്തിയതിന്റെ കാരണവും ഇവർ ചോദിക്കുന്നു.

“ഉപ്പും മുളകും “എന്ന പരമ്പരയ്ക്ക് സമാനമായി “ചക്കപ്പഴം”എന്ന പരമ്പര ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.പുതിയ പരമ്പരയ്ക്ക് വേണ്ടി “ഉപ്പും മുളകും ” നിർത്തി എന്ന വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ചാനലിന്റെ എം ഡി യായ ശ്രീകണ്ഠൻ നായർ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് .ഫ്‌ളവേഴ്‌സ് ചാനലിന്റെ തന്നെ ഭാഗമായ 24 ന്യൂസിൽ ആണ് പരമ്പരയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ആയിരക്കണക്കിന് ആളുകൾ ആണ് “ഉപ്പും മുളകും” പരിപാടി നിർത്തിയോ എന്ന് അന്വേഷിച്ച് വിളിക്കുന്നതെന്നും ഇതെല്ലം ഒരാൾ വേണം അറ്റൻഡ് ചെയ്യാൻ എന്നും അദ്ദേഹം പ്രതികരിച്ചു.

അഞ്ചു വർഷത്തിലധികമായി സംപ്രേഷണം തുടരുന്ന “ഉപ്പും മുളകും” മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ടെന്നും ,ഒരു പരമ്പര ഇത്രയധികം നീണ്ടുപോകുമ്പോൾ അത് കാഴ്ചക്കാരിലും അഭിനേതാക്കളിലും വിരസത ഉണ്ടാക്കും എന്ന് അദ്ദേഹം പറയുന്നു. പല അഭിനേതാക്കളും കൃത്യ സമയത്ത് ലൊക്കേഷനിൽ എത്താത്ത സാഹചര്യവും, അഭിനയത്തിൽ വിരസത കാണിക്കാൻ തുടങ്ങിയതും എപ്പിസോഡുകളെയും വിരസമാക്കി. അത് കൊണ്ട് “ഉപ്പും മുളകും” താത്കാലികമായി നിർത്തി എന്ന് അദ്ദേഹം അറിയിച്ചു.

ഒരുപാട് കാലം നീണ്ടു പോകുന്ന ഒരു പരിപാടിക്ക് ഇടയ്ക്ക് ഒരു ഇടവേള ആവശ്യം ആണെന്നും വീണ്ടും “ഉപ്പും മുളകും” പ്രേക്ഷകരിലേക്ക് എത്തുന്നതായിരിക്കും എന്നും അദ്ദേഹം ഉറപ്പ് നൽകി. “ഉപ്പും മുളകും” എന്ന പരമ്പരയിലൂടെ പ്രശസ്തരായ താരങ്ങൾ എല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് സജീവമാവുകയും പുതിയ വെബ് സീരീസ് ആരംഭിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top