Movlog

Food

രുചിയേറിയ കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്.

രുചി വൈവിധ്യങ്ങളുടെ നാടാണ് കേരളം. അങ്ങ് തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ വളരെ വ്യത്യസ്തവും രുചികരവുമായ ഭക്ഷണം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. പൊറോട്ടയും ബീഫും, കരിമീൻ പൊള്ളിച്ചതും, മുളകിട്ട മീൻ കറിയും, നല്ല കോഴിക്കോടൻ ബിരിയാണി മുതൽ സദ്യയും പായസം വരെ വൈവിധ്യങ്ങളേറെയാണ് നമ്മുടെ രുചികൾക്ക്. വിദേശികൾ കേരളത്തിനെ തേടിയെത്തുന്നതിന്റെ ഒരു പ്രധാന കാരണം കേരളത്തിലെ നാടൻ വിഭവങ്ങളാണ്. കേരളത്തിൽ വന്ന വിദേശികൾ നിർബന്ധമായും കഴിക്കുന്ന ഒന്നാണ് കരിമീൻ പൊള്ളിച്ചത്. അത്രയേറെ പ്രശസ്തമാണ് കേരളത്തിന്റെ ഈ വിഭവം.

കുട്ടനാട്ടുകാരുടെ പ്രത്യേക വിഭവം ആയ കരിമീൻ പൊള്ളിച്ചത് ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റു പ്രദേശങ്ങളിലും ലഭ്യമാണ്. വാഴയിലയിൽ കരിമീനിൽ മസാല നിറച്ചു പൊള്ളിച്ചെടുക്കുന്ന ഈ വിഭവത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. കരിമീനിന്റെയും മസാലയുടെയും രുചിക്ക് മുകളിൽ വാഴയിലയിൽ പൊതിഞ്ഞതിന്റെ ആ നാടൻ സ്വാദ് കൂടി വരുമ്പോൾ ഇതിനെ വെല്ലാൻ മറ്റൊരു വിഭവം ഇല്ലാതെ വരും. മലയാളികളുടെ ഇഷ്ട വിഭവം ആയ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം.

ഇതിനായി കരിമീൻ നന്നായി വൃത്തിയാക്കി വരഞ്ഞു വെക്കുക. മസാലയൊക്കെ നന്നായി അകത്തേക്ക് കടക്കാൻ നല്ലത് പോലെ വരയുക. ഇതിലേക്കുള്ള മസാല തയ്യാറാക്കാൻ ആയി മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ്, കായപ്പൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ചെറുനാരങ്ങാ നീര് എന്നിവയെല്ലാം നന്നായി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ കൂടി ഒഴിച്ച് കുഴമ്പ് രൂപത്തിലാക്കുക. കരിമീനിലേക്ക് ഈ മസാല നന്നായി തേച്ചു പിടിപ്പിക്കുക. മുക്കാൽ മണിക്കൂറിനു ശേഷം വെളിച്ചെണ്ണയിൽ കരിമീൻ വറക്കുക.

ഇനി മസാല തയ്യാറാക്കാൻ ആയി ആദ്യം വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പിലയും ചെറിയുള്ളിയും ഇട്ടു നന്നായി വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, പെരുംജീരക പൊടി, മുളക് പൊടി, മീറ്റ് മസാല എന്നിവ ചേർക്കുക. ഇനി തക്കാളി ചേർത്തതിന് ശേഷം അല്പം തേങ്ങാപാൽ ചേർക്കുക. തേങ്ങാപാൽ ഇട്ടതിനു ശേഷം അധികം തിളപ്പിക്കരുത്. ഇനി ഇല കഴുകിയിട്ട് ഒന്ന് വാട്ടിയെടുക്കുക. ഇതിലേക്ക് മസാല ഇട്ടതിനു ശേഷം കരിമീൻ വെച്ച് അതിന്റെ മുകളിലായി വീണ്ടും മസാല ഇടുക. ഇല നല്ലതു പോലെ മടക്കി കെട്ടി വെക്കുക. ഇനി ഇത്തിരി എണ്ണയിൽ ഈ ഇലപ്പൊതികൾ പൊള്ളിച്ചെടുക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top