Movlog

Health

കോവിഡ് വാക്സിൻ എടുക്കുന്നതിനു മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഒരു വർഷത്തിലേറെയായി ലോകജനത കൊറോണ വൈറസിന്റെ പിടിയിലായിട്ട്. കൊറോണ വൈറസിനെ തടയുന്നതിന്റെ ആദ്യ ഘട്ടമായി രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. കോവിഡ്19 എന്ന മഹാമാരിയെ ചെറുത്ത് നിൽക്കാൻ ആയി ഇതിന്റെ വാക്സിനുകൾ ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ 60 വയസിന് മുകളിലുള്ളവർക്ക് ആണ് വാക്സിൻ ലഭിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങും. ഈ ഒരു സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ വാക്‌സിനെതിരെ ഒരുപാട് വ്യാജ പ്രചരണങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് കുട്ടികൾ ഉണ്ടാവില്ല. മറ്റു പാർശ്വഫലങ്ങൾ ഉണ്ടാവും, മരണം വരെ സംഭവിക്കും തുടങ്ങി ഒരുപാട് പ്രചരണങ്ങൾ ആണ് വാക്‌സിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കോവിഡ് വാക്സിൻ എടുക്കുന്നതിനു മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മനുഷ്യ ശരീരത്തിലേക്ക് ഒരു വൈറസ് കടന്നു വരുമ്പോൾ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കുന്നു. ഈ ആന്റിബോഡികൾ ആണ് വീണ്ടുമുള്ള വൈറസിന്റെ ആക്രമണം തടയുന്നത്. ഇവിടെയാണ് വാക്സിന്റെ പ്രാധാന്യം വരുന്നത്.

മനുഷ്യ ശരീരത്തിലേക്ക് നിർവീര്യമായ വൈറസിനെ കടത്തിവിടുകയോ അല്ലെങ്കിൽ വൈറസിന്റെ ചില ഘടകങ്ങൾ കടത്തി വിട്ടു ദോഷമുണ്ടാക്കാതെ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാക്കുന്ന പ്രവർത്തനമാണ് വാക്സിനുകൾ ചെയ്യുന്നത്. ഈ ആന്റിബോഡി ശരീരത്തിൽ ഉണ്ടാവുമ്പോൾ കൊറോണ വൈറസ് വന്നാലും അത് ബാധിക്കുകയില്ല. ഇന്ത്യയിൽ രണ്ടു തരത്തിലുള്ള വാക്സിനുകൾ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ തന്നെ തനതായി വികസിപ്പിച്ച കോവാക്സിനും കോവിഷീൽഡ്‌ വാക്സിനും. ലോകമെമ്പാടുമുള്ള പഠനങ്ങൾ പ്രകാരം 70 ശതമാനം ഫലപ്രദമാണ് കോവിഷീൽഡ്‌ വാക്സിൻ.

ഇത് വരെ ഈ വാക്സിനുകൾക്ക് വലിയ പാർശ്വഫലങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചിലർക്ക് വാക്സിനെടുത്ത് ആദ്യത്തെ രണ്ടു ദിവസങ്ങൾ ചെറിയ ചില ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്. ക്ഷീണം, തലവേദന, പനി, ശരീര വേദന, ഉറക്ക കുറവ്, ശർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് കണ്ടു വരുന്നുണ്ട്. രണ്ടു ദിവസത്തെ വിശ്രമത്തിലൂടെ ഇത് മാറുകയും ചെയ്യും. അല്ലാതെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ വാക്സിനെടുത്തൽ തലച്ചോറിനെ ബാധിക്കുകയോ കുട്ടികൾ ഇല്ലാതിരിക്കുകയോ ഒന്നും ചെയ്യില്ല.

ചില വിഭാഗക്കാർക്ക് വാക്സിൻ എടുക്കാൻ പാടില്ല. അത് പാർശ്വഫലങ്ങൾ കാരണമല്ല. മറിച്ച് ആ വിഭാഗക്കാർക്ക് വാക്സിനെടുത്താൽ ഉണ്ടാവുന്ന ഫലത്തിനെ കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയായിട്ടില്ലാത്തത് കൊണ്ടാണ്. ഗർഭിണികൾ, മുലയൂട്ടുന്നവർ, 18 വയസിനു താഴെയുള്ള കുട്ടികൾ എന്നീ വിഭാഗക്കാർക്ക് ആണ് വാക്സിനുകൾ എടുക്കാൻ പാടില്ലാത്തത്. അവർക്ക് പുറമെ വാക്സിനുകൾ എടുക്കുമ്പോൾ കഠിനമായ അലർജിയും, ശ്വാസം മുട്ടലും, ബോധക്ഷയവും അനുഭവപ്പെടുന്ന ആളുകളും വാക്സിൻ എടുക്കാൻ പാടില്ല. ഈ വിഭാഗക്കാർ ഒഴികെ മറ്റ് എല്ലാവരും വാക്സിൻ എടുക്കേണ്ടതാണ്. മറ്റു പല രോഗങ്ങൾ ഉള്ളവർക്കും സുരക്ഷിതമായി തന്നെ ഈ വാക്സിൻ എടുക്കാവുന്നതാണ്. മറ്റു വാക്സിൻ എടുത്തവർ 14 ദിവസം കഴിഞ്ഞു മാത്രമേ കോവിഡ് വാക്സിൻ എടുക്കാൻ പാടുള്ളൂ. ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സിൻ ജനിതക മാറ്റം സംഭവിച്ച കോറോണവൈറസിനെയും തടയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top