Movlog

Faith

സമപ്രായക്കാർ പബ്‌ജി കളിക്കുകയും ഇൻസ്റ്റയിൽ സെൽഫി ഇടുകയും ചെയ്യുമ്പോൾ രാജ്യത്തിന് വേണ്ടി വീരമൃത്യു കൈവരിച്ച വൈശാഖിനെ കുറിച്ച് ശിവ പങ്കു വെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

സിനിമ കാണുമ്പോഴും ക്രിക്കറ്റുകളി കാണുമ്പോഴും മാത്രം ഉണരുന്ന ദേശഭക്തി ആണ് മിക്ക ആളുകൾക്കും ഉള്ളത്. സിനിമക്കാരെയും കായിക താരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്നവർ ഒരിക്കൽ പോലും നമ്മുടെ നാടിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഓർക്കാറില്ല. നാടിനായി ഓരോ പട്ടാളക്കാരും ചെയ്യുന്ന ത്യാഗങ്ങൾ കുറിച്ച് ആരും ചിന്തിക്കാറില്ല. കടുത്ത വെയിലും അസഹനീയമായ തണുപ്പും സഹിച്ച് ജന്മനാടിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പണയം വെക്കുന്നവരാണ് ഓരോ പട്ടാളക്കാരനും. കഠിനാധ്വാനവും ആത്മസമർപ്പണവും ദൃഢനിശ്ചയവും ഉള്ള ദേശസ്നേഹികൾ മാത്രമാണ് പട്ടാളക്കാർ ആവുന്നത്.

രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ വേദവാക്യം. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ ഒരു സംഭവം ജമ്മു കാശ്മീരിൽ നടന്നത്. കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിന്റെ സ്വന്തം പുത്രൻ വൈശാഖ് പൂഞ്ചിലെ തീവ്രവാദികളുമായി ഉള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. വൈശാഖിന്റെ ജീവത്യാഗം ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ചയായിരുന്നു ജമ്മുകാശ്മീരിലെ പൂഞ്ച് എന്ന ജില്ലയിൽ തീവ്രവാദികളുമായി ഉള്ള ഏറ്റുമുട്ടലുണ്ടായത്. 2004 ലെ ആക്രമണം കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷമാണു ഇത്രയും ഭീകരമായ ഒരു ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാവുന്നത്. 5 സൈനിക ഉദ്യോഗസ്ഥരുടെ ജീവനുകളാണ് ഏറ്റുമുട്ടലിൽ നഷ്ടമായത്. നായബ് സുബേദാർ ജസ്വിന്ദർ സിംഗ്, നായിക് മൻദീപ് സിങ്, ഗജൻ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാല് ഉദ്യോഗസ്ഥർ. തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രാജ്യത്തിനുവേണ്ടി അഞ്ചു ജവാന്മാർ ജീവത്യാഗം ചെയ്തത്.

വൈശാഖിന്റെ വീരമൃത്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്ന് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. സൈന്യത്തിലേക്ക് ആദ്യത്തെ തവണ സെലക്ഷൻ കിട്ടിയില്ലെങ്കിലും രണ്ടാംതവണ പരിശ്രമിച്ചു വിജയിക്കുകയായിരുന്നു. സേനയിൽ ചേർന്നതിനു ശേഷം വൈശാഖിന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട് ആയിരുന്നു. പുതുവർഷ ദിനത്തിൽ ആയിരുന്നു ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടിയും, വായ്പയും ചേർത്ത് വീട് എന്ന തന്റെ സ്വപ്നം വൈശാഖ് യാഥാർഥ്യമാക്കിയത്.

എന്നാൽ തന്റെ സ്വപ്ന വീട്ടിൽ ഒരു അവധിക്കാലം മാത്രമാണ് വൈശാഖിന് താമസിക്കാൻ കഴിഞ്ഞത്. നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടർന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹം. എന്നാൽ ആഗ്രഹങ്ങളെല്ലാം ബാക്കി വെച്ചു ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി യുവ സൈനികൻ വിടവാങ്ങി ഇരിക്കുകയാണ്.

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീരജവാനെ കാണാൻ ആയിരങ്ങൾ ആയിരുന്നു എത്തിയത്. ഇപ്പോഴിതാ വൈശാഖിനെ കുറിച്ച് ശിവ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വൈശാഖിനെ യാത്രയാക്കാൻ ശിവയും എത്തിയിരുന്നു. 24വയസ്സ് പ്രായമുള്ളവർ പബ്ജി കളിച്ചും ഇൻസ്റ്റയിൽ സെൽഫി ഇട്ടു ജീവിതം ആഘോഷിക്കുമ്പോൾ വൈശാഖ് ജനിച്ച മണ്ണിലെ കാവൽക്കാരനായി കാടും മലയും കയറി ഇറങ്ങുകയായിരുന്നു. വൈശാഖിന്റെ പ്രായത്തിലുള്ളവർ ടൂവീലറുകൾ അമിതവേഗത്തിൽ ഓടിച്ച് മരണത്തെ സ്വീകരിക്കുകയും പ്രണയനൈരാശ്യം കാരണം സഹപാഠിയുടെ കഴുത്തറക്കുകയും ചെയ്യുമ്പോൾ നാടിനുവേണ്ടി മഞ്ഞും ചൂടുമേറ്റ് കാവൽ നിൽക്കുകയായിരുന്നു വൈശാഖ്.

വൈശാഖിനെ വഹിച്ചുള്ള വാഹന നിര കടന്നു പോകുമ്പോൾ റോഡിന്റെ ഇരു വശങ്ങളിൽ നിന്ന് ഓരോ അമ്മമാരുടെയും കണ്ണു നിറഞ്ഞിരുന്നു. കൈകൂപ്പലോടെ ആയിരുന്നു അവർ വൈശാഖിനെ അവസാനമായി സ്വീകരിച്ചത്. വൈശാഖ് ഓടിക്കളിച്ച സ്കൂളിലേക്ക് വൈശാഖിനെ വഹിച്ചു നടക്കുമ്പോൾ കാലിൽ ഒരു വിറയൽ അനുഭവപ്പെട്ടു എന്ന് ശിവ തുറന്നു പറയുന്നു. അവിടെ തിങ്ങിക്കൂടിയിട്ട് ഉണ്ടായിരുന്ന ആയിരങ്ങൾ ഒരേ മനസ്സോടുകൂടി വൈശാഖിനു വേണ്ടി ജയ് വിളിച്ചു. അപ്പോഴൊക്കെ പഠിച്ച ക്‌ളാസിനുള്ളിൽ വൈശാഖ് ഉണ്ടായിരുന്നു എന്ന് തോന്നിപ്പോവുകയായിരുന്നു ശിവയ്ക്ക്.

ഒരുപാട് പുഷ്പങ്ങളോടെ ആയിരുന്നു വൈശാഖിനെ സ്വപ്നങ്ങൾ കൊണ്ട് പണിഞ്ഞ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയത്. പ്രിയ സഖിയുടെ കൈപിടിച്ചു വൈശാഖ് കയറേണ്ടിയിരുന്ന വീടായിരുന്നു അത്. ആ വീട് ഇന്ന് മൂകമായി ഇരിക്കുകയാണ്. വൈശാഖിനുള്ള അവസാന സല്യൂട്ട് നൽകി അദ്ദേഹത്തിനെ പുതപ്പിച്ച ദേശീയപതാകയും യൂണിഫോമും വൈശാഖിന്റെ അമ്മയ്ക്ക് കൈമാറുമ്പോൾ നെഞ്ചുപൊട്ടി കരഞ്ഞു കൊണ്ട് അതിൽ കണ്ണീരോടെ ചുംബിക്കുകയായിരുന്നു ആ അമ്മ.

വളരെ ഉച്ചത്തിൽ അണ്ണാ എന്ന് വിളിച്ച് പൊട്ടി കരയുന്നുണ്ടായിരുന്നു അനിയത്തി. ഈ കാഴ്ചകൾ എല്ലാം കണ്ട് അടക്കിപിടിച്ച് കണ്ണീർ വാർക്കുന്നുണ്ടായിരുന്നു വൈശാഖിന്ററെ അച്ഛൻ. അവസാനമായിട്ടുള്ള ആചാരവെടി മുഴങ്ങിയപ്പോൾ നാട്ടുകാർ പലരും ഞെട്ടി വിറക്കുകയായിരുന്നു. ഈ ചെറിയ പ്രായത്തിനിടയിൽ തന്നെ ഒരുപാട് അനുഭവിച്ചിട്ടുള്ള നിനക്ക് സ്വർഗം ലഭിക്കുമെന്ന് വൈശാഖിനെ പുൽകിയ അഗ്നിനാളങ്ങൾ നോക്കി കൊണ്ട് ശിവ മനസ്സിൽ കരുതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top