Movlog

Kerala

ഭാര്യ വീട്ടിൽ ആണെന്നോ, അങ്ങോട്ട് പോകുകയാണ് എന്ന് ഒക്കെ പറയാൻ നിങ്ങൾക്ക് മടിയാണോ ? ശ്രദ്ധേയമായി ഷെബിൻ മുഹമ്മദിന്റെ കുറിപ്പ്

ഭാര്യവീട്ടിൽ കഴിയുന്ന ഭർത്താക്കന്മാരോട് ഒരു പുച്ഛമാണ് പൊതുവേ നാട്ടുകാർക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഭാര്യവീട്ടിൽ താമസിക്കുന്നത് ഒരു നാണക്കേടാണെന്ന് തോന്നലാണ ആണുങ്ങളുടെ ഉള്ളിൽ അവരറിയാതെ തന്നെ ഉണ്ടാവുന്നത്. ഒരു പെൺകുട്ടി ഇരുപതോളം വർഷങ്ങൾ കഴിഞ്ഞ സ്വന്തം വീട്ടിൽ നിന്നും വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് എത്തി ആ വീടിനെ സ്വന്തമായി കാണുമ്പോൾ എന്തുകൊണ്ട് വിവാഹം കഴിഞ്ഞ പുരുഷനും അവന്റെ ഭാര്യയുടെ വീട് സ്വന്തമായി കണ്ടുകൂടാ? ഈ വിഷയത്തിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ മറുപടി നൽകുകയാണ് ഷെബിൻ മുഹമ്മദ് എന്ന യുവാവ്.

സ്വന്തം വീട് കഴിഞ്ഞാൽ ഏതു പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറിക്കിച്ചെല്ലാവുന്ന ഒരേ ഒരു വീട് ഭാര്യ വീടാണെന്ന് തുറന്നു പറയുകയാണ് ഷെബിൻ. ഭാര്യയുടെ വീട്ടിലേക്ക് മരുമകൻ എന്ന പട്ടം ചാർത്താതെ ഒരു മകനായി കയറി പോകുന്ന എത്ര പേർ നമുക്കിടയിൽ ഉണ്ടാകും? സ്വന്തം മാതാപിതാക്കളെ ഭാര്യ അവളുടെ സ്വന്തമായി കരുതണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാർ തിരിച്ചും അങ്ങനെ ചെയ്യാറുണ്ടോ? ഭാര്യയുടെ മാതാപിതാക്കൾ വർഷത്തിലൊരിക്കൽ ആരൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം കാണേണ്ടവർ ആകരുത്. നിരവധിപേരാണ് ഷെബിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ഷെബിന്റെ സുഹൃത്തുക്കൾ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ എപ്പോഴും തമാശയായി ഷെബിനെ കളിയാക്കുന്ന ഒരു കാര്യമാണ് നാട്ടിൽ വന്നാൽ ഷെബിനെ കാണണമെങ്കിൽ ആനക്കംപോയിൽ പോകണമെന്ന്. ഷെബിന്റെ ഭാര്യവീട്ട് ആനക്കംപോയിൽ ആണ്. നാട്ടിലെത്തിയാൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ആനക്കാംപൊയിലെ ഭാര്യവീട്ടിൽ ആയിരിക്കും ഷെബിൻ. ഇതു പറയാൻ യാതൊരു കുറച്ചിലും ഷെബിന് ഇല്ല. എല്ലാ പുരുഷന്മാർക്കും അവരുടെ ഭാര്യമാർ സ്വന്തം അച്ഛനമ്മമാരെ സ്വന്തമായി കരുതുകയും സ്നേഹിക്കുകയും പരിചരിക്കുകയും വേണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ തിരിച്ച് ഭാര്യയുടെ അച്ഛനെയും അമ്മയെയും സ്വന്തം പോലെ കരുതുന്ന എത്രപേരുണ്ടാവും?

ഭാര്യവീട് എന്ന് പറയാതെ സ്വന്തം വീട് ആയി കരുതി അവിടെ കയറി ചെല്ലുന്നവർ എത്രപേരുണ്ട്? യാതൊരു വിശേഷങ്ങളും ഇല്ലാതെ ഭാര്യയുടെ അച്ഛനെയും അമ്മയെയും ഫോൺ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്ന എത്ര മരുമക്കൾ ഉണ്ടാകും? ഭാര്യയുടെ വീട്ടിലെ അടുക്കളയിൽ പോയി അവിടുത്തെ ‘അമ്മ ഉണ്ടാക്കുന്ന ചൂടോടെ ഉള്ള പലഹാരങ്ങൾ വാങ്ങി കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ടോ? അടുക്കളയിലും ഹാളിലും ഇരുന്ന് ഭാര്യയുടെ സഹോദരങ്ങളുമായി കളിക്കുകയും രസിക്കുകയും ചെയ്യുന്നവരുണ്ടോ? പുറത്തേക്കു പോകുമ്പോഴൊക്കെ സ്വന്തം അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോകുന്ന ആൺമക്കളിൽ എത്രപേർ ഭാര്യയുടെ അച്ഛനെയും അമ്മയെയും പുറത്തേക്ക് കൊണ്ടു പോയിട്ടുണ്ട്?

ഭാര്യ വീടിന്റെ അയൽ വീട്ടുകാരും നാട്ടുകാരുമായി സൗഹൃദം സൂക്ഷിക്കുന്ന ആണുങ്ങൾ ഉണ്ടോ? അങ്ങനെയുള്ളവർ വളരെ കുറവായിരിക്കും. ഭാര്യ വീട്ടിൽ പോവുകയും അവിടുത്തെ അടുക്കളയിൽ ഇരിക്കുകയും ചെയ്യുന്നത് കുറച്ചിലായി കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരു അന്യ വീട് എന്ന പോലെയാണ് ഭാര്യവീടിനെ പലരും കാണുന്നത്. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിലും ആഘോഷങ്ങൾക്കും മാത്രം പലഹാരപ്പൊതിയുമായി പോകുന്ന ഒരു വീട്. മരുമകൻ എന്ന വിശിഷ്ടാതിഥിയുടെ പ്രഹസനം കാണിക്കാൻ ഉള്ള ഒരു ഇടമാണ് പലർക്കും ഭാര്യവീട്.

ഇനി അഥവാ വർഷത്തിൽ ഒരിക്കൽ അവിടെയൊന്നു താമസിക്കേണ്ടി വന്നാൽ സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ വീട്ടിലേക്ക് പാഞ്ഞു പോയിട്ടുണ്ടാവും ഭൂരിപക്ഷം മരുമക്കളും. ഷെബിൻ ഭാര്യ വീട്ടിൽ താമസിച്ചു എന്ന് കൂട്ടുകാരോട് പറയുമ്പോൾ അവർക്ക് അത് നാണക്കേട് ആയിട്ടാണ് തോന്നുന്നത്. മറ്റുള്ളവരുടെ മുഖഭാവം കണ്ടാൽ തോന്നും ഭാര്യവീട്ടിൽ ഉള്ളവർ മരുമക്കളെ അസ്വസ്ഥതർ ആക്കുന്നവർ ആണെന്ന്. ഭാര്യ വീട്ടിൽ പോയിട്ട് കാലങ്ങളായി എന്നും അവിടെ പോയാൽ തന്നെ ഒരു ചായകുടിച്ച് അടുത്ത വണ്ടിക്ക് തന്നെ തിരിച്ചു വരുമെന്നും വലിയ സംഭവമായി പറയുന്ന ഒരുപാട് ആളുകളുണ്ട്.

ആണുങ്ങളെപ്പോലെ തന്നെ ഒരു വീട്ടിൽ ജനിച്ച്, പിച്ചവച്ച്, പഠിച്ച്, സ്വപ്നംകണ്ട്, വളർന്നു വന്നു ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമെത്തുമ്പോൾ എല്ലാമെല്ലാമായ മാതാപിതാക്കളെയും സ്വന്തം വീടും കുടുംബവും വിട്ട് വിവാഹം കഴിച്ചവരുടെ വീട്ടിലെത്തി ആ വീടിനെ സ്വന്തമായി കരുതി അവരുടെ മാതാപിതാക്കളെ പരിചരിച്ചു നോക്കുന്ന ഭാര്യമാരുടെ വീട് സ്വന്തം വീടുപോലെ കാണാൻ യാതൊരു നാണക്കേടും തോന്നേണ്ടതില്ല. യാതൊരു പരാതികളും ഇല്ലാതെ ഭാര്യമാർ ഭർത്താക്കന്മാരുടെ മാതാപിതാക്കളെ പരിചരിക്കുമ്പോൾ തിരിച്ചും ഒരു ഉപാധികളില്ലാതെ ഭാര്യയുടെ മാതാപിതാക്കളെ ചേർത്ത് നിർത്തേണ്ട ഉത്തരവാദിത്വം ഭർത്താക്കന്മാർക്കും ഉണ്ട്.

പണ്ടുകാലങ്ങളിലെ സിനിമകളിൽ പോലും ഭാര്യ വീട്ടിൽ താമസിക്കുന്നത് ഒരു പാപം എന്ന പോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അത് അന്നത്തെ സമൂഹത്തിന്റെ സങ്കല്പങ്ങൾ ആയിരുന്നു. എന്നാൽ ഇന്നും അതെല്ലാം നെഞ്ചിലേറ്റി ജീവിക്കുന്ന ആളുകളാണ് ഭൂരിഭാഗം ആളുകളും. എല്ലാ വിട്ടുവീഴ്ചകളും ചെയ്യേണ്ടത് പെണ്ണുങ്ങൾ ആണെന്നും ആണുങ്ങൾ സ്വന്തം നിലപാടിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടേക്ക് പോകാൻ പാടില്ല എന്നീ സങ്കുചിത ചിന്താഗതികൾ മാറ്റി വെക്കേണ്ട സമയം അതിക്രമിച്ചു. ഭാര്യവീട് എന്ന് കാണാതെ സ്വന്തം വീടായി കാണാൻ ആണുങ്ങൾ ശ്രമിക്കണം.

ഭാര്യയുടെ അച്ഛൻ എന്നോ അമ്മയെന്നോ സഹോദരങ്ങൾ എന്നോ കരുതാതെ സ്വന്തം മാതാപിതാക്കളായും സഹോദരങ്ങളായും അവരെ കണക്കാക്കുകയും സ്നേഹിക്കുകയും വേണം. മരുമോൻ ആയിട്ടല്ല ഒരു മകൻ ആയിട്ട് അവരുടെ വീട്ടിലേക്ക് കയറിച്ചെല്ലണം. ഇങ്ങനെ യാതൊരു ഉപാധികളും ഇല്ലാതെ ജീവിക്കുമ്പോൾ ജീവിതം കൂടുതൽ മനോഹരവും അർത്ഥപൂർണവും ആകും. അപ്പോൾ ഭാര്യവീട് എന്ന പ്രയോഗം പോലും ഇല്ലാതാകും. ഷെബിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top