വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന്റെ നായക പദവിയിൽ നിന്നും സഞ്ജു സാംസനെ നീക്കം ചെയ്തു. സൈദ് മുസ്താഖ് ട്രോഫിയിൽ സഞ്ജുവിന് കീഴിൽ കേരള ടീം അത്യുജ്വല പ്രകടനം നടത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചിരുന്നില്ല. സഞ്ജുവിനു നായകസ്ഥാനം നഷ്ടപ്പെടാൻ കാരണം ഇതായിരിക്കും എന്നാണ് വിലയിരുത്തൽ. സച്ചിൻ ബേബി ആയിരിക്കും കേരള ക്രിക്കറ്റ് ടീമിനെ നയിക്കുക. വിഷ്ണു വിനോദ് ആയിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റൻ.
സഞ്ജു സാംസനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനുപിന്നാലെ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്തെത്തി. സഞ്ജു സാംസനെ നായക സ്ഥാനത്തു നിന്നും മാറ്റിയതിൽ ആശ്ചര്യം എന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ടീമിലെ മികച്ച പേസർമാരായ ആസിഫ്, ബേസിൽ തമ്പി, മികച്ച ബാറ്റ്സ്മാൻ ആയ രോഹൻ പ്രേം എന്നിവർ ഇല്ലാത്തതിനെയും ശശി തരൂർ ശക്തമായി വിമർശിച്ചു. ഈ തീരുമാനം വിനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ തിങ്കളാഴ്ചയാണ് കെസിഎ പ്രഖ്യാപിച്ചത്. 13 മുതൽ ബംഗളൂരുവിൽ നടക്കുന്ന ടൂർണ്ണമെന്റിൽ എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന, രോഹൻ എസ് കുന്നുമ്മൽ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്,അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, എസ് മിഥുൻ, എംഡി നിധീഷ് ഉൾപ്പെടെയുള്ളവർ 20 അംഗ ടീമിലുണ്ട്. ആറ് വേദികളിലായി നടക്കുന്ന ടൂർണ്ണമെന്റിൽ ആറു ടീമുകൾ വീതം ഉൾപ്പെട്ട 5 എലീറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകൾ ഉൾപ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലും ആയാണ് പ്രാഥമിക മത്സരങ്ങൾ. എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.
