Movlog

Faith

അവസാനയാത്രയിലും നാലുപേർക്ക് കാഴ്ച നൽകി പുനീത് രാജ്‌കുമാർ ! വേർപാടിലും വിലമതിക്കുന്ന സേവനം

കന്നട സൂപ്പർ താരം പുനിത് രാജ് കുമാറിന്റെ കണ്ണുകൾ നാലു യുവാക്കൾക്കാണ് കാഴ്ച നൽകിയത്. നാരായണ നേത്രാലയിൽ വെച്ച് 3 യുവാക്കൾക്കും ഒരു യുവതിക്കും ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഴ്ച ലഭിച്ചത്. ഇതോടെ രാജ് കുമാറിന്റെ കുടുംബത്തിൽ കണ്ണുകൾ ദാനം ചെയ്യുന്ന മൂന്നാമത്തെ അംഗമായി മാറി പുനീത് രാജ്‌കുമാർ. ഇതിനു മുമ്പ് 2006ൽ രാജ് കുമാറും 2017ൽ പുനീതിന്റെ അമ്മ പാർവതമ്മയും ആയിരുന്നു കണ്ണുകൾ ദാനം ചെയ്‌തത്‌.

ഇതിഹാസ താരം രാജ് കുമാറിന്റെ മകൻ പുനീത് രാജ് കുമാർ 46 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഒക്ടോബർ 29ന് ആയിരുന്നു ഇന്ത്യൻ സിനിമാലോകത്തെ തന്നെ നടുക്കിയ പുനീതിന്റെ അപ്രതീക്ഷിത വിയോഗം. ആറാം മാസത്തിൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച് പിന്നീട് കന്നഡ സിനിമയിലെ പവർ സ്റ്റാർ ആയി മാറിയ താരമാണ് പുനീത് രാജ് കുമാർ. “അപ്പു ” എന്ന ചിത്രത്തിലൂടെ നായകൻ ആയി അരങ്ങേറ്റം കുറിച്ച പുനീതിനെ പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ചിരുന്നത് അപ്പു എന്നായിരുന്നു. പുനീതിന്റെ മൂത്ത സഹോദരൻ ശിവ രാജ്‌കുമാർ കന്നഡയിലെ പ്രശസ്ത നടൻ ആണ്.

ഇതിഹാസ താരം രാജ്‌കുമാറിന്റെയും പാർവ്വതമ്മയുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകൻ ആയിരുന്നു പുനീത്. 1976 ൽ “പ്രേമദാ കാണിക്ക “, “ആരതി” എന്നീ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ആറു മാസമുള്ള കൈക്കുഞ്ഞായിരുന്നു താരം. “ബെട്ടട ഹൂവ് “എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു താരം. പുനീത് വിട പറഞ്ഞയുടൻ സഹോദരൻ രാഘവേന്ദ്ര, നാരായണൻ നേത്രാലയിലേക്ക് വിളിച്ച് താരത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

മരിച്ചു കഴിഞ്ഞാൽ കണ്ണുകൾ ദാനം ചെയ്യണം എന്ന് പുനീതിന്റെ വലിയ ആഗ്രഹമായിരുന്നു. 20 തൊട്ട് 30 വയസ്സ് വയസിനിടയിലുള്ള നാല് യുവാക്കൾക്ക് ആണ് പുനീതിലൂടെ കാഴ്ച ലഭിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നേത്രദാനം നിർത്തിവെച്ചതിനാൽ നാലു യുവാക്കളും ആറുമാസത്തോളം കാത്തിരിക്കുകയായിരുന്നു. ഒരു മാസം 200 നേത്രദാന സർജറികൾ എന്ന നിയന്ത്രണം ഉണ്ടായിരുന്നു . സാധാരണഗതിയിൽ ഒരാൾ ദാനം നൽകിയാൽ രണ്ടു പേർക്ക് ആണ് കാഴ്ച ലഭിക്കുന്നത്.

എന്നാൽ പുനീതിന്റെ കണ്ണുകൾ നാലുപേർക്ക് ആണ് ജീവൻ നൽകിയിരിക്കുന്നത്. പുനീതിന്റെ രണ്ടു കോർണിയയിലെയും വിവിധ പാളികൾ കാഴ്ച തകരാർ സംഭവിച്ച നാല് രോഗികൾക്ക് നൽകുകയായിരുന്നു. 1994ൽ പുനീതിന്റെ അച്ഛൻ രാജ്‌കുമാർ ആയിരുന്നു അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച നേത്ര ബാങ്കിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന വേളയിൽ തന്റെ കുടുംബാംഗങ്ങൾ എല്ലാവരുടെയും കണ്ണുകൾ ദാനം ചെയ്യുമെന്ന് സമ്മതപത്രം നൽകിയിരുന്നു. മികച്ച ഒരു നടൻ മാത്രമല്ല നന്മ നിറഞ്ഞ ഒരു വ്യക്തിത്വം കൂടിയായിരുന്നു പുനീത്.

പുനീതിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടം ആണ്. 6 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 25 സ്കൂളുകൾ, 1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആയിരുന്നു പുനീത് കുമാർ ചെയ്തത്. അഭിനയത്തിന് പുറമെ അനുഗ്രഹീത ഗായകൻ കൂടി ആയിരുന്ന പുനീത് ഗാനാലാപനത്തിലൂടെ കിട്ടിയിരുന്ന പ്രതിഫലം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആയി നൽകുമായിരുന്നു. തന്റെ വരുമാനത്തിന്റെ നിശ്ചിത ഭാഗവും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പുനീത് രാജ്‌കുമാർ ചിലവഴിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top