Movlog

Faith

ചെറിയ അസ്വസ്ഥകൾ ഉണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമായി അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം… കണ്ണീരായി രഞ്ജിത്തിന്റെ കുറിപ്പ്

അനശ്വര നടൻ നെടുമുടി വേണുവിന്റെ വിയോഗം ഞെട്ടലോടെ ആയിരുന്നു സിനിമാലോകവും ആരാധകരും ഏറ്റെടുത്തത്. സമാനതകളില്ലാത്ത ഒരു മഹാനായ കലാകാരനായിരുന്നു നെടുമുടി വേണു. മലയാള സിനിമയിലെ പ്രശസ്തരായ സംവിധായകർക്കൊപ്പവും സൂപ്പർതാരങ്ങൾക്കൊപ്പവും എല്ലാം അഭിനയിച്ചിട്ടുള്ള നെടുമുടി വേണു വളരെ വ്യത്യസ്തവും ശക്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദർശന്റെ ആദ്യകാലത്ത് ശ്രദ്ധേയമായ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് താരം. “കൈരളി വിലാസം ലോഡ്ജ്” എന്ന പരമ്പരയുടെ സംവിധായകൻ കൂടിയായിരുന്നു നെടുമുടി വേണു.

“അച്ചു ഏട്ടന്റെ വീട്”, “വിടപറയും മുമ്പേ”, “ഗുരുജി ഒരു വാക്ക്”, “ചാമരം”, “ഹിസ് ഹൈനസ് അബ്ദുള്ള”, “ഒരിടത്തൊരു ഫയൽവാൻ”, “ഭരതം”, “ഈ തണുത്ത വെളുപ്പാൻ കാലത്ത്”, “സൈറ” എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. മലയാളത്തിനു പുറമേ “അന്യൻ”,” ഇന്ത്യൻ” എന്നീ തമിഴ് സിനിമകളിലും നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. “പൂരം” എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള നെടുമുടിവേണു, “ഒരു കഥ ഒരു നുണക്കഥ”, “കാറ്റത്തെ കിളിക്കൂട്”, “സവിതം”, “തീർത്ഥം” എന്നീ ചിത്രങ്ങളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന “മരക്കാർ അറബിക്കടലിലെ സിംഹം”, മോഹൻലാലിന്റെ “ആറാട്ട്” എന്നീ ചിത്രങ്ങളിലാണ് നെടുമുടി വേണു അവസാനമായി പ്രത്യക്ഷപ്പെട്ടത്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ഓർമകളും ആണ്. നിരവധി താരങ്ങളും സിനിമാപ്രവർത്തകരും ആണ് അദ്ദേഹത്തിനോടൊപ്പമുള്ള ഓർമ്മകൾ പങ്കു വെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നിർമാതാവ് രഞ്ജിത്ത് നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

അദ്ദേഹത്തിന്റെ രോഗത്തിനെ കുറിച്ചായിരുന്നു രഞ്ജിത്ത് പങ്കുവെച്ചത്. മരിക്കുന്നതിന് പത്തു ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു രഞ്ജിത്തും നെടുമുടി വേണുവും അവസാനമായി സംസാരിച്ചത്. നെടുമുടി വേണുവിന് ലിവറിൽ ക്യാൻസറായിരുന്നു. അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് സുഹൃത്തുക്കൾക്കെല്ലാം അറിയാമായിരുന്നു. അഞ്ചു വർഷമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ ചികിത്സകൾ നടക്കുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ചികിത്സതേടിയതുകൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു.

ചെറിയ അസ്വസ്ഥകൾ ഉണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമായി അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് അസുഖം കൂടിയതും ശരീരം തളരുന്നതും. മമ്മൂട്ടിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “പുഴു” എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് ദിവസങ്ങൾക്ക് മുൻപ് രഞ്ജിത്ത് സംസാരിക്കുമ്പോൾ ഒന്നും രോഗത്തിനെ കുറിച്ചുള്ള ഭയമോ ആരോഗ്യത്തെ കുറിച്ചുള്ള നിരാശയോ ഒന്നും ഉണ്ടായിരുന്നില്ല.

തന്റെ കർമ്മങ്ങളിൽ തൃപ്തനായി മുന്നോട്ടുപോവുകയായിരുന്നു ആ മഹാപ്രതിഭ. ആരോഗ്യനില ഗുരുതരം ആയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു താരം. 73 വയസായിരുന്നു പ്രായം. ഭാര്യ സുശീല, മക്കൾ കണ്ണൻ ഗോപാൽ ,ഉണ്ണി ഗോപാലൻ. മലയാള സിനിമയുടെ അനശ്വര നടന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ബിഗ് സ്‌ക്രീനിലെ അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച അനശ്വര താരം ഇനി മലയാളികളുടെ മനസുകളിൽ ജീവിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top