Movlog

Movie Express

മരക്കാർ തിയേറ്ററുകളിൽ എത്തും – വമ്പൻ ട്വിസ്റ്റ് -അവസാന ശ്രമം വിജയത്തിലേക്ക്

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന സിനിമയുടെ റിലീസിനെ കുറിച്ചായിരുന്നു. സമാനതകളില്ലാത്ത വിവാദങ്ങളും ചർച്ചകളും ആയിരുന്നു സിനിമയെക്കുറിച്ച് ഉണ്ടായത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്നും തിയേറ്ററുകൾ വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ മരയ്ക്കാർ പോലുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

എന്നാൽ തിയേറ്റർ ഉടമകളും നിർമാതാക്കളും ഇടയിലുള്ള തർക്കങ്ങൾ കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി. മന്ത്രി വരെ ഇടപെടേണ്ടി വന്ന വിഷയത്തിൽ ഒടുവിൽ മരക്കാർ ആമസോൺ പ്രൈമിൽ ആയിരിക്കും റിലീസ് ചെയുക എന്ന വാർത്തകളായിരുന്നു പുറത്തു വന്നത്. എന്നാൽ ഇപ്പോഴും ചിത്രത്തിന്റെ തിയേറ്റർ റിലീസ് സാധ്യതകൾ ആണ് പുറത്തു വരുന്നത്. സിനിമ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത നിലനിർത്തിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ അറിയിച്ചത്. സംഘടനകൾക്ക് അതീതമായി നൂറോളം വരുന്ന തീയേറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും തുടർന്ന് മടിച്ചു നിൽക്കുന്ന മറ്റുള്ള തിയേറ്ററുകൾ ചിത്രം ഏറ്റെടുക്കുമെന്നും ലിബർട്ടി ബഷീർ പ്രതീക്ഷ പങ്കുവെച്ചു. ലിബർട്ടി ബഷീറിന്റെ ഈ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാങ്കേതിക വിദ്യയിൽ ദേശീയ പുരസ്കാരം വരെ നേടിയ മരയ്ക്കാർ എന്ന ചിത്രത്തിന്റെ തീയേറ്റർ അനുഭവം ലഭിക്കുവാൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒടിടിയിൽ റിലീസ് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പണം മാത്രമല്ല ഒരു സിനിമയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കിയ ബഷീർ കേരളത്തിലെ തിയേറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

അതിനു ഒരു സംഘടനയുടെയും സമ്മതം വേണ്ട എന്നും സർക്കാർ തിയേറ്ററുകൾ, തങ്ങളുടെ സംഘടനയുടെ കീഴിലുള്ള തീയേറ്ററുകൾ, ആന്റണി പെരുമ്പാവൂരിന്റെ തീയേറ്ററുകൾ, മോഹൻലാലിന്റെ തിയേറ്ററുകൾ അങ്ങനെ നിരവധി തിയറ്ററുകൾ കേരളത്തിൽ ഉണ്ടെന്നും ഇവിടെയെല്ലാം ചിത്രം പ്രദർശനത്തിന് എത്തിയാൽ കേരളത്തിലെ മറ്റു തിയേറ്ററുകളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് ബഷീർ വ്യക്തമാക്കി. ഇതോടെ പ്രേക്ഷകർ രണ്ടു വർഷങ്ങളായി കാത്തിരിക്കുന്ന പ്രിയ താരത്തിന്റെ ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്. അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ മരക്കാർ 2018ൽ ചിത്രീകരണം ആരംഭിച്ച് 2019ൽ പൂർത്തീകരിക്കുകയായിരുന്നു. 2020 മാർച്ച് 26 ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. പിന്നീട് തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ 2021ൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും വീണ്ടും കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് മരക്കാർ.കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഇപ്പോഴും തീയേറ്ററുകളിലേക്ക് ആളുകൾ പഴയപോലെ എത്തിച്ചേർന്നിട്ടില്ല. മരയ്ക്കാർ തീയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് കരുതി ആയിരുന്നു ഇത്രയും കാലം റിലീസ് നീട്ടിവെച്ചത്. എന്നാൽ തീയേറ്ററുകളിലെ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതിലുള്ള ആശങ്കയിലാണ് ഒടിടി റിലീസിനൊരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top