Movlog

Kerala

ഒരു സോപ്പ് വാങ്ങിത്തരാമോ എന്നായിരുന്നു ചോദിച്ചത് ! ഇത് കേട്ട പോലീസ് ചെയ്തത് കണ്ടോ

സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചിട്ടും ആളുകളുടെ കുത്തുവാക്കുകളും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വിഭാഗമാണ് പോലീസുകാർ. രാപ്പകലില്ലാതെ അധ്വാനിക്കുന്ന പൊലീസുകാരുടെ സേവനങ്ങൾ മാനിക്കാതെ ഇവർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും അസഹിഷ്ണുതയോടെയാണ് പോലീസുകാരുടെ പ്രവർത്തികളെ ആളുകൾ നോക്കിക്കാണുന്നത്.

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം എന്ന പേരിൽ കേരള പോലീസ് അനധികൃതമായി പിഴ ഈടാക്കുന്ന നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് പേരാണ് മോശം അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്. പോലീസ് തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നു എന്ന പ്രതിഷേധങ്ങളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രമ സമാധാന പരിപാലനം ഏറെ ദുഷ്കരമായ ഒന്നായി മാറിയിരിക്കുകയാണ് കേരള പോലീസിന്. എന്തു ചെയ്താലും അത് വിവാദമാവുന്ന ഒരു പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.

എന്നാൽ കാക്കിക്കുള്ളിലെ കനിവാർന്ന ഹൃദയം ആണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ് ബി ഷൈജു ആണ് ഇന്ന് ജനങ്ങൾക്കിടയിലെ താരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൊരിഞ്ഞ വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ആയിരുന്നു വളരെ പതുക്കെ നടന്നു വരികയായിരുന്നു യാചകൻ ആയ ഒരു വയോധികൻ ഷൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഡ്യൂട്ടി കഴിഞ്ഞ് തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടയിൽ വയോധികന്റെ സമീപത്ത് എത്തിയ ഷൈജു റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു അയാളിൽ നിന്നും ലഭിച്ചത്. കുളിക്കാൻ ഒരു സോപ്പ് വാങ്ങി തരാമോ എന്നായിരുന്നു ആ വയോധികൻ നാണയത്തുട്ടുകൾ ഷൈജുവിന്റെ നേരെ നീട്ടി കൊണ്ട് ചോദിച്ചത്.

ഇതോടെ കുളിക്കാനുള്ള യാചകന്റെ ആഗ്രഹം മനസ്സിലാക്കിയ ഷൈജു സമീപത്തെ ഇടവഴിയിൽ നിന്ന് കുളിക്കാൻ സൗകര്യമൊരുക്കി കൊടുത്തു. 80 വയസോളം പ്രായമുള്ള അദ്ദേഹത്തിന് കപ്പിൽ വെള്ളം കോരി ഒഴിക്കാനുള്ള ആരോഗ്യം പോലും ഇല്ലെന്ന് മനസ്സിലാക്കിയ ഷൈജു മറ്റൊന്നുമാലോചിക്കാതെ അദ്ദേഹത്തെ സോപ്പ് തേപ്പിച്ചു കുളിപ്പിച്ചു. ഇതു കണ്ടു നിന്ന ആളുകളിൽ ചിലർ വാങ്ങിക്കൊടുത്ത തോർത്തുമുണ്ട് ഉപയോഗിച്ച് തോർത്തി കൊടുത്തു.

ശരീരം മുഴുവൻ തുടച്ചു വൃത്തിയാക്കി. അതിന് ശേഷം കുറച്ചു വസ്ത്രവും പണവും നൽകിയായിരുന്നു വയോധികനെ ഷൈജു യാത്രയാക്കിയത്. തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുന്ന യാചകൻ കടവരാന്തയിലും മറ്റുമായി ആണ് അന്തിയുറങ്ങുന്നത് എന്ന് ആളുകളിൽ നിന്നും ഷൈജു അറിഞ്ഞു. പ്രായാധിക്യം കാരണം അങ്ങേയറ്റം അവശത നേരിടുന്ന അദ്ദേഹത്തിന് തന്നെ കൊണ്ട് കഴിയുന്നത് ചെയ്തതിന്റെ സംതൃപ്തിയും സന്തോഷവും ആണ് ഷൈജുവിന് ഇപ്പോൾ.

കണ്ടു നിന്നവരിൽ ആരോ ആണ് ഷൈജു വയോധികനെ കുളിപ്പിക്കുന്ന ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ ഷൈജുവിന് അഭിനന്ദന പ്രവാഹമാണ്. പലപ്പോഴും ചില പോലീസുകാരുടെ പ്രവർത്തി കാരണം മുഴുവൻ കേരള പോലീസിന് ആണ് ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത്. എന്നാൽ എല്ലാ പോലീസുകാരും അങ്ങനെയല്ല എന്ന ഓർമ്മപ്പെടുത്തൽ ആണ് ഷൈജു.
മോശം അനുഭവങ്ങളെ പോലെ തന്നെ പോലീസിന്റെ നല്ല വശവും ആളുകൾ തിരിച്ചറിയണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top