Movlog

Kerala

നിയമ പോരാട്ടത്തിലൂടെ രക്ഷപ്പെട്ട രക്തസാക്ഷി എന്ന പരിവേഷത്തോടെ ആയിരിക്കും ദിലീപ് തിരിച്ചെത്തുക

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായ വിധി വരാൻ ഇരിക്കവേയായിരുന്നു കേസിനെ അട്ടിമറിച്ചുകൊണ്ട് പല ശബ്ദരേഖകൾ തെളിവുകളായി പുറത്ത് വന്നത്. അടുത്തിടെ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറയേണ്ട കാര്യങ്ങൾ ദിലീപിന്റെ സഹോദരനെ പഠിപ്പിക്കുന്ന സംഭാഷണങ്ങളും പുറത്തു വന്നു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് വിമർശിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ സെബിൻ ജേക്കബ്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ കുറ്റാരോപിതൻ മാത്രം ആണ്. എന്നാൽ ദിലീപ് പലപ്പോഴും പരസ്യ വിചാരണയ്ക്ക് ഇരയാവുകയാണ്. തെളിവുകൾ ഉണ്ടാക്കുന്നതിനായി അഭിഭാഷകനും അയാളുടെ കക്ഷിയും തമ്മിലുള്ള വ്യക്തിപരമായ സംഭാഷണങ്ങൾ രഹസ്യമായി ടേപ്പ് ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നും സെബിൻ ജേക്കബ് ചൂണ്ടികാണിച്ചു. ദിലീപിനോടുള്ള ഇഷ്ടം കാരണമാണ് സെബിൻ ഇങ്ങനെ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.

പണ്ടു മുതലേ ദിലീപിന്റെ സിനിമകൾ ഇഷ്ടമില്ലാത്ത ആളാണ് സെബിൻ. തരംതാഴ്ന്ന തമാശകളും ബോഡി ഷെമിങ്ങും ഉള്ള ദിലീപ് സിനിമകൾ കാണുന്നത് സെബിനെ സംബന്ധിച്ച് പ്രയാസകരമായ കാര്യമാണ്. അടിസ്ഥാനപരമായി ദിലീപിനോടും അയാളുടെ അഭിരുചികളോടും അദ്ദേഹത്തിന് എതിർപ്പുണ്ട്. പല കാരണങ്ങൾ കൊണ്ടും നടിയെ ആക്രമിച്ച ഹീനകൃത്യം ആസൂത്രണം ചെയ്തത് ദിലീപ് ആണെന്നുള്ള സംശയവും സെബിനുണ്ട്.

വ്യക്തിപരമായി ദിലീപിനെ ബഹിഷ്കരിച്ച് ഉണ്ടെങ്കിലും അത് സംശയാതീതമായി തെളിയേണ്ടത് ഉണ്ട് എന്നും സെബിൻ വിശ്വസിക്കുന്നു. അതുവരെ ദിലീപിനെതിരെ ഉള്ള ഈ പരസ്യവിചാരണയും പരസ്യ നിലപാടുകളൊന്നും പാടില്ല. അത് ദിലീപ് എന്ന നടനോട് കാണിക്കുന്ന കരുണ അല്ല മറിച്ച് കുറ്റാരോപിതരായ ഓരോരുത്തരോടും ഉള്ള സമീപനം ആണ് എന്നും സെബിൻവ്യക്തമാക്കി. കുറ്റം തെളിയിക്കുന്നത് വരെ ഒരു വ്യക്തിയെ അതിന്റെ പേരിൽ പരസ്യവിചാരണ ചെയ്യുന്നതിൽ അർത്ഥമില്ല.

ചില കേസുകളിൽ കുറ്റം ചെയ്ത ആൾ എന്ന് നമ്മൾ സംശയിക്കും എങ്കിലും യാതൊരു തെളിവുകളില്ലാതെ അവരാണ് കുറ്റം ചെയ്തത് എന്ന് നമുക്ക് തെളിയിക്കാൻ സാധിക്കില്ല. എന്നാൽ നമ്മുടെ മനസ്സിനുള്ളിൽ അവർ തന്നെയായിരിക്കും ആ കുറ്റം ചെയ്തത്. അങ്ങനെ തോന്നിയത് കൊണ്ടാണ് ദിലീപിന്റെ സിനിമകൾ ഇനി അങ്ങോട്ട് കാണില്ല എന്ന് സെബിൻ നിശ്ചയിച്ചത്. എന്നാൽ അത് പൊതുജനങ്ങളോട് പറയണമെങ്കിൽ കുറ്റം ചെയ്തത് ദിലീപ് ആണെന്ന് തെളിയിക്കപ്പെടണം.

കുറ്റം തെളിയിക്കപ്പെടാൻ നിയമത്തിനു അതിന്റെതായ മാർഗ്ഗങ്ങളുണ്ട്. അവ പോലീസ് തേടി കോടതിയിൽ അംഗീകരിക്കപ്പെടണം. അതിനുള്ള തെളിവുകൾ കിട്ടിയില്ലെങ്കിൽ തെളിവുകൾ ഉത്പാദിപ്പിക്കുക അല്ല വേണ്ടത്. നടിയെ ആക്രമിച്ച കേസിൽ നിന്നും ദിലീപ് ഊരി പോകും എന്ന് മനസ്സിലായതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ എങ്കിലും ദിലീപിനെ കുടുക്കണം എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

എന്നാൽ ഇതിനു വേണ്ടിയുള്ള തെളിവുകൾ ഉണ്ടാക്കുന്നത് ഒരു അഭിഭാഷകനും അയാളുടെ കക്ഷിയും തമ്മിലുള്ള സംഭാഷണങ്ങൾ രഹസ്യമായി ടേപ്പ് ചെയ്തു കൊണ്ടാവരുത്. ഇത് ദിലീപിന് മാത്രം ബാധിക്കുന്ന വിഷയമല്ല. ദിലീപിന്റെ അഭിഭാഷകൻ ചെയ്യുന്നത് തെറ്റാണെങ്കിൽ പോലും അത് ആ സംവിധാനത്തെ വ്യഭിചാരിച്ച് കൊണ്ടാകരുത് പോലീസ് തുറന്നു കാണിക്കേണ്ടത്. പ്രതിഭാഗം സാക്ഷിയും പ്രതിഭാഗം അഭിഭാഷകനും തമ്മിലുള്ള സംസാരം രഹസ്യമായി പോലീസ് ടേപ്പ് ചെയ്യുമ്പോൾ എന്ത് അധികാരത്തിന്റെ പുറത്ത് ആണ് പോലീസ് സ്വകാര്യവ്യക്തികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നത് എന്ന ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.

പോലീസ് ഇതുപോലെ തുടർന്നാൽ അഭിഭാഷകർക്ക് അവരുടെ ജോലി ചെയ്യാനാവുമോ. രാഷ്ട്രീയക്കാർക്ക് ഫോണിലൂടെ എന്തെങ്കിലും സംസാരിക്കാൻ ആകുമോ. നീതിന്യായവ്യവസ്ഥ ദിലീപിനോടും അയാളുടെ പണത്തോടും പക്ഷപാതം കാണിക്കുന്നു എന്ന് തോന്നുന്നതോടൊപ്പം മറുഭാഗത്ത് പോലീസ് ദിലീപിനോട് പരിധിയിൽ കവിഞ്ഞ ശത്രുതാ മനോഭാവം കാണിക്കുന്നു എന്നും സെബിന് തോന്നുന്നു . ഇതോടെ ഭരണകൂടത്തിന്റെ വേട്ടയാടുകളിൽ നിന്ന് നിയമ പോരാട്ടത്തിലൂടെ രക്ഷപ്പെട്ട രക്തസാക്ഷി എന്ന പരിവേഷത്തോടെ ആയിരിക്കും ദിലീപ് തിരിച്ചെത്തുക.

പ്രതിനായക സ്ഥാനത്ത് നിന്ന് പോകെപ്പോകെ നായകസ്ഥാനം ലഭിക്കുന്ന അവസ്ഥയിലാണിപ്പോൾ കാര്യങ്ങൾ പോകുന്നത്. ദിലീപിന്റെ വിഷയമല്ല സെബിൻ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചാണ് സെബിൻ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു കീഴ്വഴക്കം ഒരുക്കുകയാണ് കേരള പോലീസ് ഇതിലൂടെ. ദിലീപിനോടുള്ള സമീപനം കാരണം നമ്മൾ ഇത് കാണാതെ പോകരുത്.

സെബിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഇതിന് ശേഷം ആണ് ദിലീപിന്റെയും കൂട്ടാളികളുടെയും ഫോൺ പരിശോധിച്ചതിൽ നിന്നും ലഭിച്ച റെക്കോർഡിങ്ങുകൾ ആണ് ഇതെല്ലാം എന്നും അല്ലാതെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയത് അല്ല എന്നും സെബിൻ തിരിച്ചറിയുന്നത്. ഇതോടെ തന്റെ കുറിപ്പ് തിരുത്തുകയായിരുന്നു സെബിൻ. കുറിപ്പിന് ആധാരമായ ആശയം തെറ്റാണ് എന്നതിനാൽ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്രസക്തമാകുന്നു എന്നും സെബിൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top