Movlog

Movie Express

“ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എന്ന ചിത്രത്തിനെ കുറിച്ചുള്ള വേറിട്ട കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്‌ അനുപമ പരമേശ്വറും ,ഹക്കീം ഷാജഹാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് “ഫ്രീഡം അറ്റ് മിഡ്നൈറ്റ്”. മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ വിഷ്വൽ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റർപീസ് ആണെന്നും സ്നേഹം അറിയിക്കുന്നു എന്നും യൂട്യൂബ് ഇന്ത്യ കമന്റ് ചെയ്തു. നിരവധി പേരാണ് ചിത്രത്തിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. ഈ ഹസ്വചിത്രത്തിൽ ആവിഷ്കരിക്കുന്ന വിഷയത്തെക്കുറിച്ച് ഒരുപാട് കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

മഞ്ജു വാര്യർ, ഷെയ്ൻ നിഗം എന്നിവർ ഒന്നിച്ച “C/O സൈറ ബാനു” എന്ന സിനിമയിൽ സഹ തിരക്കഥാകൃത്തായിരുന്ന ആർ ജെ ഷാനിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് “ഫ്രീഡം അറ്റ് മിഡ്നൈറ്റ്”. അബ്ദുൽ റഹീം ആണ് ചായാഗ്രഹണം നിർവഹിച്ചത്. ലിജി ബാബിനോ ആണ് സംഗീതം നൽകിയത്. ചന്ദ്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് ഈ ഷാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദാസ് എന്ന നായകകഥാപാത്രമായി ഹക്കീം ഷാജഹാൻ എത്തുന്നു. ചിത്രത്തിൽ അവതരിപ്പിച്ച വിവിധ വശങ്ങളെക്കുറിച്ച് ആഴത്തിൽ പരാമർശിക്കുകയാണ് നാസർ ഹുസൈൻ കിഴക്കേടത്ത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം..

വിവാഹം : കുടുംബത്തിന്റെ തുടക്കവും പ്രണയത്തിന്റെ മരണവും.. സ്വന്തം ഭർത്താവ് ഒരു ഗുണവുമില്ലാത്ത ഒരാൾ ആണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത ആനന്ദം തേടി പോകുന്ന ഒരാൾ ആണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെപ്പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേൽ പറഞ്ഞപോലെ മോശമായ ഒരാൾ ആണെങ്കിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുരുവിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും…

മനുസ്മൃതി ” 5.154-64.. “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എന്ന ചെറു സിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം നൂറ്റാണ്ടിലോ മറ്റോ എഴുതിയ സ്ത്രീവിരുദ്ധമായ മനുസ്‌മൃതിയിൽ നിന്ന് മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡികയിൽ ഒതുക്കാം. സമൂഹം എങ്ങനെയാണോ അതാണ് കലയിൽ കാണുന്നത് എന്നതുകൊണ്ട് ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ് വിഷയത്തിലേക്ക് വരുമ്പോൾ ചർച്ചചെയ്യാൻ അനേകം കാര്യങ്ങൾ ഉണ്ട് എന്ന് മാത്രം. അനുപമയുടെ സാരിയും, മഴയും, പ്ലംബറും അവസാനത്തെ സീനിലെ ചെടികളും എല്ലാവരും ചർച്ചചെയ്തു കഴിഞ്ഞെങ്കിൽ കുറച്ചുകൂടി കാതലായ കാര്യങ്ങൾ ഇനി നമുക്ക് അന്വേഷിക്കാം.

നമ്മളിൽ പലരും കരുതുന്ന പോലെ വിവാഹവും പ്രണയവും ഏക ഭർത്തൃ പത്നി സമ്പ്രദായവും കൂട്ടി കെട്ടിയിട്ട് അധികം നാളുകൾ ആയിട്ടില്ല.ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുമ്പ് ഇരുപതോ മുപ്പതോ ആളുകളുള്ള ഗ്രൂപ്പുകൾ ആയി കായ്കറികൾ പെറുക്കിയും നായാടിയും നടന്ന സമയത്ത് മറ്റുള്ള എല്ലാ വസ്തുക്കളെയും എന്ന പോലെ ഭാര്യമാരെയും ഭർത്താക്കന്മാർയും പരസ്പരം പങ്കു വെച്ച് നടന്ന ഒരു കൂട്ടരാണ് മനുഷ്യർ. അതിനു ശേഷം കൃഷി തുടങ്ങുകയും സ്വകാര്യ സ്വത്ത് സമ്പാദനവും തുടങ്ങിയതിനു ശേഷം മാത്രമാണ്, സ്വത്തിന്റെ പിന്തുടർച്ച തന്റെ രക്തത്തിലുള്ള ഒരാൾക്ക് പോകണം എന്ന കാരണം കൊണ്ട് ഒരു പുരുഷനും ഒരു ഭാര്യയും അടങ്ങിയ കുടുംബം എന്ന അവസ്ഥ വരുന്നത്.

ഉണ്ടാകുന്ന കുട്ടി തന്റേത് ആണെന്ന് ഉറപ്പു വരുത്തുകയും അത് വഴി സ്വകാര്യ സ്വത്തിന്റെ പിന്തുടർച്ചാവകാശം തന്റെ തന്നെ ഡി എൻ എ ഉള്ള ഒരാളിലേക്ക് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അത് വഴി മനുഷ്യൻ ചെയ്തത്. പ്രണയം അപ്പോഴും വിവാഹത്തിന്റെ ഭാഗം ആയിരുന്നില്ല. മഹാഭാരതത്തിലെ അംബയെ തട്ടിക്കൊണ്ടു പോയ കഥ മുതൽ, രാജപുത്രരും ആയി രാഷ്ട്രീയ ബന്ധമുണ്ടാക്കാൻ ബന്ധമുണ്ടാക്കാൻ മുഗൾ ചക്രവർത്തിമാർ നടത്തിയ രജപുത്ര രാജകുമാരിമാരും ആയുള്ള വിവാഹങ്ങൾ വരെ വിവാഹങ്ങൾ സൗകര്യങ്ങൾക്ക് വേണ്ടിയും, രാഷ്ട്രീയ അധികാരം ഉറപ്പിക്കാനും മറ്റുമായി ചെയ്തിരുന്നതാണ് എന്ന് കാണാം. ലൈംഗികതയുടെ കാര്യത്തിലും വിവാഹം ലൈംഗികതയ്ക്ക് വേണ്ടിയുള്ള സമ്മതമായിരുന്നില്ല. പല പങ്കാളികൾ ഉള്ള ഒരു വ്യവസ്ഥയാണ് കേരളത്തിലെ നായന്മാരുടെ ഇടയിൽ പോലും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നത്. മാര്യേജ് ഓഫ് കൺവീനിയന്സ് ആയിരുന്നു ഇതിൽ പലതും .ഇന്നും അറേൻജ്‌ഡ്‌ മാരിയേജ് നടക്കുമ്പോൾ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പൊരുത്തം വിവാഹത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യം ആയി കണക്കാക്കാൻ ചരിത്രപരമായ കാരണം ഇതാണ്.

പക്ഷേ പ്രണയം, ലൈംഗികത, കുട്ടികൾ അടങ്ങുന്ന കുടുംബം എന്നിവ വിവാഹം എന്ന ഒരേ നൂലിൽ കോർക്കുമ്പോൾ അതിന്റെതായ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി നമുക്ക് കാണാം. പണ്ട് ഗോത്രങ്ങൾ ആയും, വംശങ്ങൾ ആയും കൂട്ടുകുടുംബങ്ങൾ ആയും ജീവിച്ചിരുന്ന മനുഷ്യർ ഒരാളും അയാളുടെ ഭാര്യയും കുട്ടികളും അയാളുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു ന്യൂക്ലിയർ കുടുംബ വ്യവസ്ഥയിലേക്ക് മാറി. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രശ്നമാണ് ഇതിൽ ഏറ്റവും വലുതായി ഉള്ളത്.

രണ്ടു വ്യക്തികൾ പരസ്പരം കണ്ടുമുട്ടി ഡേറ്റ് ചെയ്തത് അവർക്ക് ഇഷ്ടമായി കഴിഞ്ഞ്, അവർ സമ്പാദിച്ച പണം കൊണ്ട് വിവാഹം നടത്തുകയും വിവാഹത്തിനു മുൻപോ ശേഷമോ അവർ രണ്ടുപേരും ഒരു വീടെടുത്ത് മാറി അവിടെ അവരുടെ പുതിയ കുടുംബം തുടങ്ങുക എന്നതാണ് വികസിത രാജ്യങ്ങളിൽ നിലവിലുള്ള സ്ഥിതി. ഇതിന്റെ ഗുണം എന്നത് കുട്ടികളുടെ വിവാഹം കഴിഞ്ഞാലും മാതാപിതാക്കൾക്ക് അവരുടെ വീട്ടിൽ സ്വാതന്ത്ര്യമുണ്ട്. കുട്ടികളുടെ വിവാഹം കഴിഞ്ഞാലും അച്ഛനും അമ്മയും ലൈംഗികമായി ബന്ധപ്പെടുന്നവർ ആണെന്ന് നമ്മളിൽ പലരും മനസ്സിലാക്കാത്ത അല്ലെങ്കിൽ ഓർക്കാത്ത സംഗതിയാണ്. നമ്മുടെ നാട്ടിലെ പോലെ മക്കൾ വിവാഹം കഴിഞ്ഞു ഒരേ വീട്ടിൽ തന്നെ താമസിക്കുമ്പോൾ യഥാർത്ഥത്തിൽ ആ വീട്ടിൽ രണ്ടു കുടുംബങ്ങൾ ഉണ്ട് നമ്മളിൽ പലരും ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുട്ടികളുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് എന്ന് മാത്രം. മാതാപിതാക്കളുടെ ലൈംഗികത നമുക്ക് വിഷയമായി വരുന്നത് തന്നെയില്ല.

ഇന്ത്യയിലെ വിവാഹങ്ങളിൽ പ്രണയം എന്നത് അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നാണ്. ശരിക്കും സംഭവിക്കുന്നത് ഒരു പുരുഷൻ പ്രായം ആകുമ്പോൾ അയാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പെൺകുടിയെ അവളുടെ തന്നെ മാതാപിതാക്കളുടെ പണം കൂടി വാങ്ങിച്ചുകൊണ്ട് വീട്ടിൽ കൊണ്ട് നിർത്തുക എന്ന ഒരു വിരോധാഭാസമാണ്. അത് മാത്രമല്ല ഇയാൾക്കും ഇയാളുടെ കുടുംബത്തിനുള്ള ഭക്ഷണം. അത് പാതിരാത്രിയിൽ ആവശ്യപ്പെടുന്ന സേമിയ ഉപ്പുമാവ് വരെ, പെൺകുട്ടി ഉണ്ടാക്കി കൊടുക്കണം. ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അതൊരു മോശമായ കാര്യമായി കണ്ട് വഴക്കു പറഞ്ഞു പുറത്തേയ്ക്കിറക്കി വിടുന്ന അമ്മമാർ ഉള്ള നാടാണ് നമ്മുടേത്.

ആണുങ്ങളുടെ അമ്മമാരും, ഭാര്യമാരും തമ്മിൽ വലിയതോതിലുള്ള അധികാര വടംവലികളും ഈഗോ മൂലമുള്ള വഴക്കുകളും സ്ഥിരം നടക്കുന്ന ഒരു ഇടമാണ് നമ്മുടെ മേൽപ്പറഞ്ഞ പോലുള്ള നാട്ടിലെ വീടുകൾ. പല അടുക്കളയും യുദ്ധക്കളങ്ങൾ ആണ്. പുരുഷനായിരുന്നു ഇതുപോലെ വിവാഹം കഴിഞ്ഞ് പെണ്ണിന്റെ വീട്ടിൽ പോയി അടുക്കളയിൽ പെരുമാറുന്നത് എങ്കിൽ ഇതിനേക്കാൾ വലിയ യുദ്ധം നടന്നേനെ എന്നത് വേറെ കാര്യം. ഇതിന് ഒരു പോംവഴി ഞാൻ ആദ്യം പറഞ്ഞ പോലെ സ്വയം അധ്വാനിച്ചു കിട്ടിയ പണം കൊണ്ട് വിവാഹം കഴിക്കുകയും, വേറെ ഒരു വീടെടുത്ത് മാറുകയും, ചെയ്യുക എന്നതാണ്. ദൂരെ ഒരിടത്തേക്ക് പോകണം എന്നല്ല, അടുത്തു തന്നെ ഒരു വീട് എടുത്തു മാറാം, പേരക്കുട്ടികൾക്ക് മുത്തശ്ശന്മാരും, മുത്തശ്ശി മാരുമായി ആരോഗ്യകരമായ ബന്ധം ഉണ്ടാകാനും അതാണ് നല്ലത്. ഇന്നത്തെ കാലത്ത് പല വീടുകളിലും മേൽപ്പറഞ്ഞ ഈഗോ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന കുടുംബ വഴക്കുകൾക്ക് സാക്ഷിയാവുന്നു കുട്ടികളാണ് കൂടുതൽ.

അപ്പോൾ ഉയർന്നു വരുന്ന ചോദ്യം പ്രായമായ അച്ഛനമ്മമാരെ ആര് നോക്കും എന്നതാണ്. തീർച്ചയായും അവർ വയസ്സായി കഴിഞ്ഞാൽ നമ്മൾ തന്നെ നോക്കണം. പക്ഷേ അതുവരെ അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും, നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യവും ഉള്ളതാണ് നല്ലത്. ഇതൊക്കെ ഞാൻ പറയുന്നത് വേറെ വീട് എടുത്ത് നിൽക്കാൻ പ്രിവിലേജ് ഉള്ളത് കൊണ്ടാണ് എന്ന് എനിക്ക് നന്നായി അറിയാം. പലപ്പോഴും സാമ്പത്തിക കാരണങ്ങൾ ആണ് ഒരേ വീട്ടിൽ വിവാഹം കഴിഞ്ഞു തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പ്രണയത്തിന്റെ കാര്യത്തിലും ലൈംഗികതയുടെ കാര്യത്തിലും വിവാഹം ഒരു പരാജയപ്പെട്ട സിസ്റ്റം ആണ്. കാരണം വിവാഹം കഴിഞ്ഞ് കുട്ടികളുടെ കാര്യങ്ങളും, വീടിന്റെ കാര്യങ്ങളും ആളുകൾ തമ്മിലുള്ള റിലേഷൻഷിപ്പിന്റെ കാര്യങ്ങളും എല്ലാം പ്രണയത്തിന്റെ കഥ കഴിക്കുന്ന കാര്യങ്ങളാണ്. വർഷങ്ങളോളം ആദ്യത്തെ പ്രണയം നിലനിർത്തി കൊണ്ടു പോകുന്നത് അസാധാരണ കഴിവ് വേണ്ട ഒരു സംഗതിയാണ്.

ലൈംഗികതയുടെ കാര്യത്തിലാണ് ഇത് കൂടുതൽ സത്യമാകുന്നത്. നമ്മുടെ കൗമാരപ്രായത്തിലോ വിവാഹ സമയത്തോ ഉണ്ടായിരുന്ന ലൈംഗിക താൽപര്യങ്ങൾ ആകണമെന്നില്ല കുറേ വർഷങ്ങൾ കഴിഞ്ഞു നമ്മുടേത്. ലൈംഗിക താൽപര്യങ്ങൾ മാറിക്കൊണ്ടിരിക്കും. ഡേറ്റ് ചെയ്യാതെ, പരസ്പരം ബന്ധപ്പെടാതെ നടക്കുന്ന അറേഞ്ച് കല്യാണങ്ങളിൽ ഒരുപക്ഷേ വിവാഹം കഴിക്കുമ്പോൾ തന്നെ പങ്കാളികൾക്ക് വ്യത്യസ്ത ലൈംഗിക താൽപര്യങ്ങൾ ഉണ്ടാകാം. വളരെയധികം പുരോഗമനം ആയ ഒരു ലൈംഗിക വീക്ഷണം പുലർത്തുന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത് പരമ്പരാഗതമായ ലൈംഗിക വീക്ഷണമുള്ള ഒരാൾ ആണെങ്കിൽ പ്രശ്നം ആദ്യരാത്രിയിലെ തുടങ്ങും.

ലക്ഷക്കണക്കിന് വർഷങ്ങൾ പല പങ്കാളികളുമായി ബന്ധപ്പെട്ടു നടന്ന മനുഷ്യൻ വിവാഹമെന്ന കരാറിൽ ഒരേയൊരു പങ്കാളി യിലേക്ക് ചുരുങ്ങുമ്പോൾ അതുണ്ടാക്കുന്ന പ്രയാസങ്ങൾ ഇതിന്റെ കൂടെ കൂട്ടിവായിക്കണം. ഈ സിനിമയിലെ നായകൻ വേറെ സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യുന്നതും മറ്റും ഇത്തരം സ്വാഭാവിക ചോദനയുടെ ഫലമാകാം. വളരെയധികം സോഷ്യൽ കണ്ടീഷൻ ആയ ആളുകളാണ് നമ്മൾ പുരുഷന്മാരും സ്ത്രീകളും. വളർന്നുവന്ന സാഹചര്യങ്ങളും നമ്മുടെ ലൈംഗിക പ്രതികരണങ്ങളെ ബാധിക്കാം. പക്ഷേ ആണുങ്ങൾ എന്ത് ചെയ്താലും സ്ത്രീകൾ പതിവ്രതകൾ ആയി ജീവിക്കണം എന്ന കള്ളത്തരം കൊണ്ടുണ്ടാകുന്ന സമൂഹമാണ് നമ്മുടേത്. ഒന്നുകിൽ വിവാഹമെന്ന കരാറിലെ ഏക ഭർത്തൃ ഭാര്യ ബന്ധം രണ്ടുപേരും പാലിക്കണം, അല്ലെങ്കിൽ പരസ്പരം തുറന്നു ചർച്ച ചെയ്തു രണ്ടുപേരും വേറെ പങ്കാളികളെ തേടണം.

ഈ സിനിമ അവസാനിക്കുന്നത് നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട പ്രതികരണത്തിലാണ്, അല്ലെങ്കിൽ പ്രതികരണം ഇല്ലായ്മയിൽ ആണ്. ഇന്ന് ഒരുപക്ഷേ സമൂഹം ഇങ്ങനെ ആണെന്ന് ആയിരിക്കണം ചിത്രകാരൻ ഉദ്ദേശിച്ചത്, പക്ഷേ നാളെ നമ്മുടെ കുട്ടികൾ, മേൽപ്പറഞ്ഞ പ്രണയവും, ലൈംഗികതയും, വിവാഹവും, എല്ലാം പരസ്പരം ചർച്ച ചെയ്ത് വേണ്ടത് എടുത്തും വേണ്ടാത്തത് തള്ളിക്കളഞ്ഞും, പ്രണയം ഉള്ളപ്പോൾ ചേർന്നു നിന്നും, അല്ലാത്തപ്പോൾ സൗഹൃദത്തോടെ പിരിഞ്ഞും, സ്വന്തം കാലിൽ ആഹ്‌ളാദത്തോടെ ജീവിക്കുന്ന ഒരു സമയം വരട്ടെ എന്ന് ആശിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top