Movlog

Health

‘മാറിടം പൊട്ടാൻ തുടങ്ങിയപ്പോൾ പൗഡർ പൂശി ദുർഗന്ധം മാറ്റാൻ ശ്രമിച്ചു’ – വൈറൽ ആയ ഡോക്ടറുടെ കുറിപ്പ്

ആളുകൾക്ക് അത്ര എളുപ്പം മനസ്സിലാക്കാൻ കഴിയാത്ത അത്ര സങ്കീർണ്ണമാണ് കാൻസർ ചികിത്സ. എന്തു കൊണ്ട് പലർക്കും പല രീതിയിൽ ചികിത്സ നടക്കുന്നു ? തീർച്ചയായും കേട്ടിരിക്കണം ഡോകറ്ററുടെ കുറിപ്പ്. കാരണം എന്തെന്ന് നിങ്ങൾക്ക് ഈ കുറിപ്പ് വായിച്ചാൽ മനസിലാകും തീർച്ച “സ്ത്രീകളിലെ കാൻസർ – ഭർത്താവിനെയും കൂട്ടിയാണ് സുമ ടീച്ചർ എന്നെ കാണാൻ വന്നത്. ക്ഷീണിച്ച് അവശയായിരുന്നു അവർ. നടു വേദന മൂലം ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ. മാറിടത്തിൽ തടിപ്പ് ആദ്യമായി ശ്രദ്ധിച്ചത് രണ്ടു വർഷം മുൻപ് ആയിരുന്നു. അപ്പോഴേ തനിക്ക് സ്തനാർബുദമാണെന്ന് അവർ തിരിച്ചറിഞ്ഞു. എങ്കിലും സ്വന്തം ഭർത്താവിൽ നിന്നു പോലും അവർ അത് മറച്ചു വച്ചു. മാറിടം പൊട്ടാൻ തുടങ്ങിയപ്പോൾ പൗഡർ പൂശി ദുർഗന്ധം മാറ്റാൻ ശ്രമിച്ചു. അവസാനം ഭർത്താവിന് സംശയം തോന്നി പരിശോധനയ്ക്ക് നിർബന്ധിച്ചു. അങ്ങനെ ടീച്ചർക്ക് സ്തനാർബുദം സ്ഥിരീകരിച്ചു. അപ്പോഴേയ്ക്ക് രോഗം ശരീരത്തിൻ്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേയ്ക്കും പടർന്നു കഴിഞ്ഞിരുന്നു.

ഓരോ തവണ ചികിത്സയ്ക്കായി അവർ വരുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് “എന്തു കൊണ്ട് ടീച്ചർ ആയിരുന്നിട്ടു കൂടി രോഗവിവരം സ്വന്തം ഭർത്താവിൽ നിന്നു പോലും മറച്ചു വച്ചു ?” മാസത്തിൽ ഒരിക്കൽ എങ്കിലും ഇപ്പോഴും ഇതേ കഥ ആവർത്തിക്കപ്പെടുന്നു. കാൻസർ അവബോധത്തിൽ നാം ബഹുദൂരം മുന്നോട്ട് പോയി എങ്കിലും ചിലർ എങ്കിലും ഇന്നും പിന്നിൽ തന്നെയാണ്. രോഗം യഥാസമയം കണ്ടെത്താൻ കഴിയാത്തതാണ് കാൻസർ മാരകമാകാനുള്ള ഒരു കാരണം. കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും അധികമായി കാണപ്പെടുന്ന അഞ്ച് കാൻസറുകൾ താഴെ പറയുന്നു. 1. സ്തനാർബുദം 2. ഗർഭാശയമുഖ കാൻസർ 3. വായിലെ കാൻസർ 4. അണ്ഡാശയ കാൻസർ 5. ഗർഭാശയ കാൻസർ

കേരളത്തിലെ കാൻസർ രോഗികളിൽ (സ്ത്രീ പുരുഷ ഭേദമന്യേ ) ഏഴിലൊരാൾ സ്തനാർബുദ രോഗിയാണ്. സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് സ്തനാർബുദം ഉണ്ടാവുന്നത്തിൻറെ പ്രധാന കാരണം. ആർത്തവാരംഭം നേരത്തെ ആകുന്നതും ആർത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികൾ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടൽ കുറയുന്നതും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യം അഞ്ച് ശതമാനം രോഗികളിലേ സ്തനാര്ബുദത്തിന് കാരണമാവുന്നുള്ളൂ എന്നും ഓർക്കുക. ജീവിത ശൈലിയിലും ആഹാര ക്രമത്തിലും വന്ന മാറ്റങ്ങൾ കാര്യങ്ങൾ കുറേ കൂടി സങ്കീർണ്ണമാക്കി. മാറിടത്തിലെ മുഴ, മുലഞെട്ട് ഉൾവലിയുക, രക്തം കലർന്ന സ്രവം വരിക, തൊലിപ്പുറം ഓറഞ്ചിൻ്റെ തൊലി പോലെ ചുക്കി ചുളിയുക, ഇവ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുക. നിസാരമായി കരുതരുത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ കാൻസർ സാന്നിധ്യം കണ്ടെത്തുന്നതിന് സ്ക്രീനിങ്ങ് ടെസ്റ്റ് ആയി മാമോഗ്രാം നടത്താവുന്നതാണ്. 50 വയസ്സു മുതൽ ഒന്നോ രണ്ടോ വർഷത്തിൽ ആവർത്തിച്ചു ചെയ്യേണ്ട ടെസ്റ്റ് ആണ് മാമോഗ്രാം. ഗർഭാശയമുഖ കാൻസർ ഭാഗ്യവശാൽ നമ്മുടെ നാട്ടിൽ കുറഞ്ഞു വരുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലം ആണ് ഈ രോഗം ഉണ്ടാവുന്നത്. പങ്കാളിയിൽ ഈ വൈറസിൻ്റെ സാന്നിധ്യം ഉണ്ടെങ്കിലും ഈ രോഗം വരാം. രക്ത സ്രാവം, പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന രക്ത സ്രാവം, വെള്ളപോക്ക് ഇവയെല്ലാം ആണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നതും എളുപ്പത്തിൽ ഭേദപ്പെടുത്താവുന്ന ഒന്നുമാണ് ഗർഭാശയമുഖ കാൻസർ.

പാപ് സ്മിയർ ടെസ്റ്റ് ആണ് സ്ക്രീനിങ് പരിശോധന. ഇരുപത്തിയൊന്ന് വയസ്സിന് ശേഷം സ്ത്രീകൾ മൂന്ന് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട ഒന്നാണ് ഈ പരിശോധന. എന്തു കൊണ്ടോ നമ്മുടെ നാട്ടിൽ പൊതുവെ സ്വീകാര്യത കുറവാണ് ഈ ടെസ്റ്റിന്. വായിലെ കാൻസർ പ്രധാനമായും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. ഉണങ്ങാത്ത വൃണങ്ങൾ കാണപ്പെടുന്നതാണ് രോഗലക്ഷണം. എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയും ഭേദപ്പെടുത്താൻ സാധിക്കുന്നതുമായ രോഗമാണ് വായിലെ കാൻസർ. പുകയില ഉപയോഗം കുറയുന്നതനുസരിച്ചു ഈ രോഗത്തിൻറെ തോത് കുറയുമെന്ന് പ്രതീക്ഷിക്കാം. വയറു വല്ലാതെ വീർക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് മിനി ഡോക്ടറെ കാണുന്നത്. അൾട്രാസൗണ്ട് സ്കാനിങ്ങ് നടത്തിയപ്പോൾ അണ്ഡാശയത്തിൽ 10 സെൻ്റീമീറ്ററോളം വലിപ്പമുള്ള ഒരു മുഴയും വയറിനുള്ളിൽ വെള്ളം കെട്ടുന്നതായും കണ്ടു. വിശദ പരിശോധനയിൽ അണ്ഡാശയ കാൻസർ ആണെന്നും മൂന്നാം സ്റ്റേജിൽ ആണ് രോഗമെന്നും കണ്ടെത്തി.

പ്രാരംഭ ദിശയിൽ അണ്ഡാശയ കാൻസർ പലരിലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. രോഗം മൂർച്ഛിച്ച് വയറുവീർക്കുകയോ, വിശപ്പിലായ്മ തോന്നുകയോ അല്ലെങ്കിൽ വയറു വേദനിക്കുമ്പോഴോ ആണ് രോഗമുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. രോഗനിർണയത്തിന് സ്കാനിങ്ങ്, രക്ത പരിശോധന (CA -125), ചില സമയത്ത് ബയോപ്സി, ഇത് മൂന്നും പ്രധാനമാണ്. രോഗം ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ, കൃത്യമായ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ വരാൻ സാധിക്കും എന്ന് ഓർക്കുക.

ഗർഭാശയ കാൻസറും സ്ത്രീകളെ ഏറ്റവും അധികമായി ബാധിക്കുന്ന കാൻസറിൻ്റെ ലിസ്റ്റിൽ പെടുന്നു. അമിതവണ്ണമുള്ളവർക്കും, ജീവിത ശൈലി രോഗങ്ങൾ ഉള്ളവർക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ പ്രായമായവരിൽ ( മാസമുറ നിന്നതിനു ശേഷം) ആണ് ഈ രോഗം കാണപ്പെടുന്നത്. മാസമുറ നിന്നതിനു ശേഷം രക്തസ്രാവം ഉണ്ടാകുന്നതാണ് ഏറ്റവും സാധാരണയായി കാണുന്ന രോഗലക്ഷണം. ഈ രോഗം പൊതുവെ ആരംഭ ദിശയിൽ തന്നെ കണ്ടെത്താവുന്ന ഒന്നാണ്. കാരണം, മേൽ പറഞ്ഞ രോഗലക്ഷണം പൊതുവെ സ്ത്രീകൾ അവഗണിക്കാറില്ല, അവഗണിക്കാൻ പാടില്ല. പൊതുവെ ചികിത്സിച്ച് പൂർണ്ണമായി ഭേദപ്പെടുത്താവുന്ന ഒരു രോഗമാണ് ഗർഭാശയ കാൻസർ. ഒന്നാം സ്റ്റേജിൽ രോഗം കണ്ടെത്തുന്ന തൊണ്ണൂറു ശതമാനം രോഗികളും പൂർണ്ണമായി രോഗം ഭേദപ്പെടുന്നവർ ആണ്. അവരിൽ പലർക്കും സർജറിക്ക് ശേഷം മറ്റ് ചികിത്സ ഒന്നും വേണ്ടി വരാറില്ല. സ്ത്രീകൾ മേൽപറഞ്ഞ രോഗങ്ങളെ പറ്റി അറിഞ്ഞിരിക്കണം. അറിവാണ് ഏറ്റവും വലിയ ആയുധം. Dr സഞ്ജു സിറിയക് ”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top