Movlog

India

“ഓപ്പറേഷൻ സ്ക്രീൻ” ആരംഭിച്ചു. ആർക്കും ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്! പിഴ തുക

സംസ്ഥാനത്തെ വാഹനങ്ങളിൽ കൂളിംഗ് ഫിലിമും, കർട്ടനുകളും ഉപയോഗിച്ച് കാഴ്ച മറക്കുന്നത് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ “ഓപ്പറേഷൻ സ്ക്രീൻ” പരിശോധന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശമനുസരിച്ചാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിംഗ് ഫിലിമും കർട്ടനും ആയെത്തി കുടുങ്ങിയത്.

മന്ത്രികൾ അടക്കം നിരവധി സർക്കാർ ഉദ്യോഗസ്ഥരും വാഹനങ്ങളിൽ നിന്നും കൂളിംഗ് ഫിലിമും കർട്ടനും മാറ്റുവാൻ തയ്യാറാകാത്തതിനാൽ ആണ് “ഓപ്പറേഷൻ സ്ക്രീൻ” പോലുള്ള ഒരു പദ്ധതി മോട്ടോർ വാഹന വകുപ്പിന് ആവിഷ്കരിക്കേണ്ടി വന്നത്. യാത്രക്കാർക്ക് അസൗകര്യം നേരിടാത്ത വിധം അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടോയെടുത്ത് ഇ ചലാൻ വഴി പിഴ സന്ദേശം ആയി അയക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാംഘട്ടത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ചില വാഹന ഉടമകൾ അപ്പോൾ തന്നെ കൂളിംഗ് ഫിലിമും കർട്ടനും നീക്കം ചെയ്യുവാൻ തയ്യാറായിരുന്നു.

“ഓപ്പറേഷൻ സ്ക്രീൻ” പദ്ധതിയിൽ ആർക്കും ഇളവ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിൽ പുറകിൽ കർട്ടൻ ഉണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി. പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായി ഇല്ല എന്നാണ് ആർ ടി ഓയുടെ വിശദീകരണം. “ഓപ്പറേഷൻ സ്ക്രീൻ ” എന്ന പദ്ധതി സാധാരണക്കാർക്ക് മാത്രം നടപ്പിലാക്കുന്നുള്ളൂ എന്ന ആരോപണം ഉയരുന്നുണ്ട്. നിയമം പാലിക്കാതെ ഉന്നതർ നിയമസഭയിൽ എത്തുന്ന ദൃശ്യങ്ങൾ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എം എൽ എ മാരും മന്ത്രിമാരും കർട്ടനും കൂളിംഗ് ഫിലിമും ഉള്ള വാഹനങ്ങളിൽ എത്തിയത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ധാർമികമായി നിയമം നടപ്പിലാക്കാൻ വേണ്ടി ബാധ്യസ്ഥരായ നേതാക്കളുടെ ഭാഗത്ത് നിന്നും ഗൗരവമായ ഒരു വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കുന്നു എന്ന ആരോപണവും അതിശക്തമായി ഉയരുന്നുണ്ട്.

അതേസമയം വാഹനത്തിൽ കർട്ടനും ആയി എത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് വാഹനത്തിന് ആർടിഓ പിഴചുമത്തി. സെഡ് കാറ്റഗറി സുരക്ഷ ഉള്ളവർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസ്ഥാനത്ത് “ഓപ്പറേഷൻ സ്ക്രീനി”ൽ ഇളവ് നൽകിയിരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെൽമെറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികൾക്ക് ഒപ്പമാണ് മോട്ടോർവാഹനവകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.video courtesy -manorama news

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top