Movlog

Film News

താര സമ്പന്നമായ പൂജ ചടങ്ങുകളോടെ മോഹൻലാൽ സംവിധാനം ചെയ്യുന്ന “ബാരോസ്”ന് തുടക്കം…

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് സൂപ്പർ താരം മോഹൻലാൽ. നടനായും നിർമ്മാതാവായും മലയാളികൾക്ക് ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മോഹൻലാലിനെ ഇനി സംവിധായകൻ ആയി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന “ബാരോസ്”നു തുടക്കം കുറിച്ചു. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വെച്ച് നടന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, സിദ്ദിഖ്, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബിമലയിൽ, ലാൽ തുടങ്ങി താരസമ്പന്നമായ ഒരു പൂജാ ചടങ്ങോടെ താരരാജാവിന്റെ ആദ്യ സിനിമയ്ക്ക് തുടക്കമായി. കഴിഞ്ഞവർഷം ചിത്രീകരണം ആരംഭിക്കേണ്ട സിനിമ കോവിഡ് പ്രതിസന്ധി മൂലം നീട്ടിവെക്കുകയായിരുന്നു.

പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയഡ് സിനിമയായിരിക്കും “ബാരോസ്”. വാസ്കോഡഗാമ യുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബാരോസ്. നാനൂറിലധികം വർഷങ്ങളായി ഈ നിധിക്ക് കാവലിരിക്കുന്ന ബാരോസ് യഥാർത്ഥ അവകാശിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ നിധി തേടി ഒരു കുട്ടി ,ബാരോസിന് മുന്നിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം. നായക കഥാപാത്രമായ ബാരോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. സിനിമയുടെ ഇന്റീരിയർ ഭാഗങ്ങൾ നവോദയ സ്റ്റുഡിയോയിൽ തന്നെ സെറ്റ് ഒരുക്കി ചിത്രീകരിക്കും. പ്രശസ്ത കലാസംവിധായകൻ സന്തോഷ് രാമൻ ആണ് ബാരോസിന്റെ സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്.

സന്തോഷ് ശിവൻ ചായാഗ്രഹണം നിർവഹിക്കുന്ന സിനിമയിലെ രചന ജിജോ പുന്നൂസ് ആണ്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ “മൈഡിയർ കുട്ടിച്ചാത്തൻ” സംവിധാനം ചെയ്തിരുന്നത് ജിജോയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. യുവ സൂപ്പർതാരം പൃഥ്വിരാജും സുപ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങളിൽ സജീവമായി പൃഥ്വിരാജും പങ്കെടുത്തിരുന്നു. പാസ് വേഗ, റാഫേല് അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാസ്കോഡഗാമ യായി റാഫേലും ഭാര്യയായി പാസ് വേഗയും എത്തുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top