Movlog

Movie Express

അങ്ങനെ ആണേൽ പിന്നെ നമുക്കൊന്ന് പ്രണയിച്ചാലോ എന്ന് മോനിഷ ചോദിച്ചു! ആ വേർപാട് ഒരു തരിപ്പയിരുന്നു – ഓർമ്മകൾ പങ്കുവെച്ചു വിനീത്

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരമാണ് മോനിഷ. നീണ്ട മുടിയും വിടർന്ന കണ്ണുകളും ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. മോനിഷയുടെ അപ്രതീക്ഷിത വിയോഗം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മതിമറപ്പിക്കും വിധം പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്ര കുഞ്ഞ് എന്നായിരുന്നു മോനിഷയെ എംടി വാസുദേവൻനായർ വിശേഷിപ്പിച്ചത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എം ടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ, സിബി മലയിൽ തുടങ്ങിയ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് മോനിഷ. “ചെപ്പടിവിദ്യ” എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അപ്രതീക്ഷിതമായി ഒരു കാർ അപകടത്തിൽ താരം ഈ ലോകത്തോട് വിട പറഞ്ഞത്. ഒരുപാട് സിനിമകൾ ചെയ്യാൻ ബാക്കി വെച്ചു കൊണ്ട് ഡിസംബർ അഞ്ചിനായിരുന്നു മോനിഷ അരങ്ങൊഴിഞ്ഞത്.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. അകാലത്തിൽ പൊലിഞ്ഞു പോയ മലയാളികളുടെ പ്രിയപ്പെട്ട താരം മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിലും ഏറെ പ്രിയങ്കരിയായിരുന്നു. ആദ്യസിനിമയിൽ തന്നെ ദേശീയ പുരസ്കാരം ലഭിക്കുമ്പോൾ 15 വയസ്സായിരുന്നു മോനിഷയുടെ പ്രായം. അക്കാലത്തെ മികച്ച കൂട്ടുകെട്ടായിരുന്നു മോനിഷയും വിനീതും.

ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം മികച്ച വിജയം ആയിരുന്നു. മികച്ച അഭിനേതാവ് മാത്രമല്ല പ്രശസ്തനായ ഒരു നർത്തകൻ കൂടിയാണ് വിനീത്. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട് താരം. മൂന്ന് പതിറ്റാണ്ടുകളോളം ആയി സിനിമയിൽ സജീവമായിട്ടുള്ള താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിന് സംസ്ഥാന അവാർഡ് നേടുകയും ചെയ്തു. വിനീതിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു വിനീതിന്റെ ആദ്യ സിനിമയിലെ നായിക കൂടിയായ അന്തരിച്ച നടി മോനിഷ.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഹൃദയവേദനയോടെ കേട്ട ഒരു മരണ വാർത്തയായിരുന്നു മോനിഷയുടെത് എന്ന് വിനീത് അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോഴായിരുന്നു മോനിഷയുടെ മരണവാർത്തയറിഞ്ഞ് എന്നും അതിനു ശേഷം വല്ലാത്ത മരവിപ്പായിരുന്നു എന്നും വിനീത് പറയുന്നു. അഞ്ചു സിനിമകളിൽ ആയിരുന്നു വിനീതും മോനിഷയും ഒന്നിച്ചത്. “നഖക്ഷതങ്ങളിൽ” അഭിനയിക്കുമ്പോൾ ഇരുവരും കുട്ടികളായിരുന്നു.

അതു കൊണ്ടു തന്നെ ഷൂട്ടിംഗ് ഒരു പിക്നിക് പോലെയായിരുന്നു ആസ്വദിച്ചിരുന്നത്. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന നല്ലൊരു കുട്ടിയായിരുന്നു മോനിഷ. മരിക്കുന്നതിന് തലേദിവസം വരെ വിനീത് അവർക്കൊപ്പമുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും വന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വിനീത്. മോനിഷയും അമ്മയും ബാംഗ്ലൂരിൽ നിന്നും ഒപ്പം കയറുകയായിരുന്നു. തുടർച്ചയായി ഷൂട്ടിംഗ് കഴിഞ്ഞ് വിനീത് തലശ്ശേരിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ ഗേറ്റിൽ തന്നെ അച്ഛനും അമ്മയും സഹോദരിയും എല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു.

അമ്മ അടുത്തേക്ക് വന്ന് വിനീതിന്റെ കൈ പിടിച്ചു കൊണ്ട് മോനിഷ പോയി എന്ന് പറയുകയായിരുന്നു. ഇതുകേട്ടതും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു അനുഭവപ്പെട്ടതെന്ന് വിനീത് ഓർക്കുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടി ആയതുകൊണ്ട് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. പിന്നീട് സിനിമയിലെ പരിചയക്കാരെ വിളിച്ച് അറിഞ്ഞ വാർത്ത സത്യമാണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ കൊച്ചിയിലേക്ക് മടങ്ങി.

മോനിഷയുടെ മൃതദേഹം ബാംഗ്ലൂരിലേക്ക് ആയിരുന്നു കൊണ്ടു പോയത്. മോനിഷയുടെ അമ്മ ശ്രീദേവിക്കൊപ്പം ബാംഗ്ലൂരിലേക്ക് സഹായിയായി ഒപ്പം വിനീതും പോയി. മോഹൻലാൽ അടക്കം ഒരുപാട് താരങ്ങൾ അന്ന് മോനിഷയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയതായി വിനീത് ഓർക്കുന്നു. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ശോഭനയുടെ തലത്തിലേക്ക് വളരേണ്ട നടിയും നർത്തകിയും ആകുമായിരുന്നു മോനിഷ എന്നും വിനീത് കൂട്ടിച്ചേർത്തു.

ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ജോഡികൾ ആയിരുന്നു മോനിഷയും വിനീതും. എന്നാൽ ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കളായിരുന്നു എന്ന് വിനീത് പറയുന്നു. ഒരിക്കൽ ഗോസിപ്പുകളെ കുറിച്ചു മോനിഷ ചോദിച്ചിരുന്നു. എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത്, എന്നാൽ പിന്നെ നമുക്ക് ശരിക്കും ഒന്ന് പ്രണയിച്ചാലോ എന്ന് മോനിഷ തമാശയ്ക്ക് ചോദിച്ചിരുന്നു. അങ്ങനെ പ്രണയിക്കാൻ അന്ന് ഇരുവർക്കും സമയം ഉണ്ടായിരുന്നില്ല എന്നും വിനീത് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top