Movlog

Kerala

കോടഞ്ചേരിയിൽ ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു… രക്ഷകനായ നാട്ടുകാരന് അഭിനന്ദന പ്രവാഹം.

കോഴിക്കോട് കോടഞ്ചേരിയിൽ വെച്ച് ആയിരുന്നു ലോറിയിലെ വൈക്കോലിന് തീ പിടിച്ചത്. വയനാട്ടിൽ നിന്നും വൈക്കോലും ആയി വന്ന ലോറിയിലാണ് തീപടർന്നത്.

തീകെടുത്താൻ ഒരുപാട് പരിശ്രമിച്ചിട്ടും അത് നടക്കാതെ വന്നപ്പോൾ പരിഭ്രാന്തരായ ഡ്രൈവറും സഹായിയും ഇറങ്ങിയോടി. എന്നാൽ അപകട സാഹചര്യം കണ്ട നാട്ടുകാരനായ ഷാജി വർഗീസ് ലോറി അടുത്തുള്ള മൈതാനത്തിലേക്ക് ഓടിച്ചു കയറ്റി. ലോറി ചുറ്റിക്കറങ്ങുന്നതിനിടയിൽ തീപിടിച്ച കെട്ടുകൾ ഓരോന്നായി താഴെ വീഴുകയായിരുന്നു.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും ഡ്രൈവറുമാണ് ഷാജി വർഗീസ്. ഒടുവിൽ കോടഞ്ചേരി പോലീസും മുക്കത്ത് നിന്നും ഫയർഫോഴ്സും എത്തി കാര്യങ്ങൾ നിയന്ത്രണത്തിൽ ആക്കുകയായിരുന്നു. ഇതോടെ ഡീസൽ ടാങ്കിലേക്ക് തീ പടർന്നാൽ ഉണ്ടായേക്കാവുന്ന വലിയൊരു അപകടമാണ് ഒഴിഞ്ഞത്. വൈദ്യുതി കമ്പിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലോറിയിലെ വൈക്കോൽ കെട്ടിന് തീ പിടിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പോലീസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഷാജി കത്തിക്കൊണ്ടിരിക്കുന്ന ലോറി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയത്. വലിയൊരു അപകടം ഒഴിവാക്കാനായിരുന്നു ഈ നീക്കം. അടിവാരം ഭാഗത്തു നിന്നും വൈക്കോലും ആയി വന്ന ലോറി കോടഞ്ചേരി അങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു തീ പിടിച്ചത്. ജെസിബി ഉപയോഗിച്ചാണ് ലോറിയിലെ വൈക്കോൽ നീക്കിയത്.

ലോറി ഡ്രൈവറും സഹായിയും പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. ഷാജി വർഗീസ് ലോറി ഗ്രൗണ്ടിൽ എത്തിക്കുമ്പോഴേക്കും തീപടർന്നത് കാരണം ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു.

എങ്കിലും ലോറി വട്ടംകറക്കി വൈക്കോൽ കെട്ടുകൾ ഓരോന്ന് ആയി താഴേക്ക് വീഴ്ത്തി കൊണ്ടേയിരുന്നു. നടുറോഡിൽ വെച്ച് ലോറി കത്തിയാൽ ഉണ്ടാകുന്ന വലിയൊരു ദുരന്തമാണ് ഷാജിയുടെ സമയോചിത ഇടപെടലിലൂടെ ഇല്ലാതായത്.

സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു വലിയ ദുരന്തം ഇല്ലാതാക്കിയ ഷാജിക്ക് അഭിനന്ദനപ്രവാഹം ആണിപ്പോൾ. തീപിടിച്ച ലോറിയിൽ ഷാജി ഓടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഷാജിയെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. സ്വന്തം ജീവൻ നോക്കി ലോറിയുടെ ഡ്രൈവറും സഹായിയും തടി തപ്പി പോയെങ്കിലും നിസ്വാർത്ഥമായി ആ ദൗത്യം ഏറ്റെടുത്ത ഷാജിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top