Movlog

Kerala

പൊള്ളലേറ്റ ഷാഹിനയുടെ വാർത്ത കണ്ടു മമ്മുക്ക ചെയ്തു കൊടുത്ത സഹായം ! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഷാഹിന

അഭിനയജീവിതത്തിൽ 50 സുവർണ വർഷങ്ങൾ പൂർത്തിയാക്കിയ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഞ്ചു ദശാബ്ദങ്ങളായി നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ താരം ഏഴു തവണ കേരള സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി, “അനുഭവങ്ങൾ പാളിച്ചകൾ” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത “ദേവലോകം” എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല.

1980ൽ പുറത്തിറങ്ങിയ “വിൽക്കാനുണ്ട് സ്വപ്നങ്ങൾ” ആണ് മമ്മൂട്ടി നായകനായി എത്തിയ ആദ്യത്തെ ചിത്രം. പ്രായം വെറും അക്കം ആണെന്ന് തെളിയിച്ചുകൊണ്ട് ഇന്നും തന്റെ ജൈത്രയാത്ര തുടരുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. അഭിനയത്തിനു പുറമേ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് മമ്മൂക്ക. സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റ് എന്ന് ജീവകാരുണ്യ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡറും മമ്മൂക്ക ആണ്. ബാലവേലയും കുട്ടികളെ ഭിക്ഷാടനത്തിന് അയക്കുന്നതും ഉന്മൂലനം ചെയ്യുന്ന ഒരു പദ്ധതിയാണിത്.

സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലും സജീവമാണ് മമ്മൂക്ക. ഇപ്പോഴിതാ പൊള്ളലേറ്റ് മുഖം ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും വേദന തിന്നു ജീവിക്കുന്ന ഷാഹിനയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുകയാണ് നമ്മുടെ പ്രിയതാരം. സമൂഹമാധ്യമങ്ങളിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ ഒരുപാട് വ്യക്തികളുണ്ട്. വ്യത്യസ്തമായ വാർത്തകൾ വൈറൽ ആവുന്നതോടെ ഒരു രാത്രി പുലരുമ്പോഴേക്കും പ്രശസ്തരായവർ നമുക്കിടയിലുണ്ട്.

മലബാർ ഗോൾഡിന്റെ പരസ്യം കണ്ടു തനിക്കും ഇതുപോലെ അണിഞ്ഞ് ഒരുങ്ങണം എന്ന് കൺജസ്റ്റീവ് ഹാർഡ് ഡിസോഡർ എന്ന അപൂർവ്വമായ രോഗബാധിതയായ ധന്യ സോജൻ പറഞ്ഞപ്പോൾ സ്വപ്നത്തിൽപോലും തന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുമെന്ന് ധന്യ കരുതിയിട്ടുണ്ടാവില്ല. ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, കരീന കപൂർ എന്നിവർ അഭിനയിച്ച പരസ്യത്തിനു കീഴിലായിരുന്നു ധന്യ കമന്റ് ഇട്ടത്. ഇത് മലബാർ ഗോൾഡിന്റെ ശ്രദ്ധയിൽപ്പെടുകയും ധന്യയെ മലബാർ ഗോൾഡിന്റെ അടുത്ത പരസ്യത്തിലെ മോഡൽ ആകുവാൻ അവസരം നൽകുകയും ചെയ്തു. കരീന കപൂർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ധന്യയുടെ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

അത്തരത്തിൽ സോഷ്യൽ മീഡിയ കാരണം ജീവിതം മാറിമറിയുകയാണ് ഡോക്ടർ ഷാഹിനയുടെതും . വിഷ്ണു സുരേഷിന്റെ ഫോട്ടോഗ്രാഫിയിൽ ആമ്പൽ കുളത്തിൽ പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് ഷാഹിനയുടെ കഥ പുറംലോകമറിയുന്നത്. വളരെ ചെറുപ്പകാലത്തു തന്നെ പൊള്ളലേറ്റ ഷാഹിനയുടെ മുഖം ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും വേദന തിന്നു കൊണ്ട് ജീവിക്കുകയാണ് ഷാഹിന. ആമ്പൽ കുളത്തിൽ വള്ളത്തിൽ ഇരുന്ന് തൂവെള്ള നിറത്തിലുള്ള ചുരിദാർ അണിഞ്ഞുള്ള ഷാഹിനയുടെ അതിമനോഹരമായ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ട് വൈറൽ ആവുകയായിരുന്നു.

ഷാഹിനയുടെ ചിത്രങ്ങൾ വൈറലായതോടെ ഷാഹിനയുടെ ജീവിതകഥ മമ്മൂക്കയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് മമ്മൂക്കയുടെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ഷാഹിനയ്ക്ക് സൗജന്യചികിത്സ ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വേദനയ്ക്ക് ശമനം ഉണ്ടാകാൻ പോകുന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആണ് ഷാഹിനയും കുടുംബവും. “നമുക്ക് പരമാവധി നോക്കാം ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്” എന്നാണ് മമ്മൂക്ക ഫോണിലൂടെ വിളിച്ചു പറഞ്ഞത്.

അഞ്ചു വയസ്സുള്ളപ്പോഴാണ് ഷാഹിനയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ആ സംഭവം നടന്നത്. കറണ്ട് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്ന ഷാഹിനയുടെ കൈതട്ടി വിളക്ക് മടിയിലേക്ക് വീഴുകയായിരുന്നു. പോളിസ്റ്റർ വസ്ത്രം ധരിച്ചിരുന്നതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്നു . ദേഹമാസകലം പൊള്ളലേറ്റ ഷാഹിനയ്ക്ക് ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ട് ജീവൻ തിരികെ കിട്ടി. പിന്നീടങ്ങോട്ടുള്ള നാളുകൾ ശസ്ത്രക്രിയകളുടെയും വേദനയുടെയും ആയിരുന്നു. ഭൂരിഭാഗം ചികിത്സയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നായിരുന്നു. ഈ സംഭവത്തെ തുടർന്ന് സ്കൂളിൽ ഒരു വർഷം വൈകിയാണ് ഷാഹിനയെ ചേർത്തത്.

പഠനകാലത്തും ശസ്ത്രക്രിയകൾ നടന്നുകൊണ്ടിരുന്നു. അക്കാലത്ത് മുഖമുയർത്തി സംസാരിക്കാൻ പോലും മടിയായിരുന്നു ഷാഹിനയ്ക്ക്. മുഖം മറയ്ക്കുവാൻ ആയി പുറത്തിറങ്ങി നടക്കാൻ പോലും ഷാഹിന മടിച്ചു. എന്നാൽ മുന്നോട്ടുള്ള ജീവിതം ഷാഹിനയ്ക്ക് പല തിരിച്ചറിവുകളും നേടിക്കൊടുത്തു. തന്നെ ആദ്യം സ്നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും താൻ തന്നെയാണ് എന്ന തിരിച്ചറിവ് ഷാഹിനയ്ക്ക് ലഭിച്ചു. പിന്നീട് എൻട്രൻസ് എഴുതി മെഡിസിൻ അഡ്മിഷൻ നേടി. പിഎസ്‍സി എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടുകയും ചെയ്തു. ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഉള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസർ ആയി പ്രവർത്തിക്കുകയാണ് ഷാഹിന.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top