Movlog

Faith

അഭിനയ കുലപതിക്ക് മലയാളത്തിന്റെ ആദരാഞ്ജലികൾ ! കണ്ണീരോട് വിട

മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടങ്ങളുടെ കാലമാണ്. സംവിധായകൻ സച്ചി, നരണിപ്പുഴ ഷാനവാസ്, അനിൽ നെടുമങ്ങാട്, അനിൽ മുരളി, ശശി കലിംഗ, രവി വള്ളത്തോൾ, രമേശ് വലിയശാല, പി ബാലചന്ദ്രൻ എന്നിവരുടെ വേർപാടിന് ശേഷം മലയാള സിനിമാപ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അനശ്വര താരം നെടുമുടി വേണു ഇനി ഇല്ല. പകരം വെക്കാനാവാത്ത അഭിനയവിസ്മയം ആണ് നെടുമുടിവേണു. അദ്ദേഹം ചെയ്ത നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ നെടുമുടി വേണു ഇനി മലയാളികളുടെ മനസുകളിൽ ജീവിക്കും.

ശരീര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു നെടുമുടിവേണു. 73 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. അഞ്ഞൂറിലേറെ സിനിമകളിൽ തിളങ്ങിയിട്ടുള്ള നെടുമുടി വേണു ഇന്ത്യൻ സിനിമയുടെ തന്നെ പ്രതിഭാശാലികളായ അഭിനേതാക്കളിൽ ഒരാൾ ആണ്. വില്ലനായും നായകനായും സ്വഭാവനടനായും പിന്നീട് അച്ഛൻ വേഷങ്ങളിലും മലയാളസിനിമയിൽ തിളങ്ങി നിന്നിട്ടുള്ള നെടുമുടി വേണു തമാശ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും എല്ലാം അനായാസമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള ഒരു മഹാ നടൻ ആണ്.

മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള നെടുമുടിവേണു, ചില ചിത്രങ്ങളിൽ രചനയും നിർവ്വഹിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി കെ കേശവൻ പിള്ളയുടെയും, കുഞ്ഞുകുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ് കെ വേണുഗോപാൽ എന്ന മലയാളികളുടെ സ്വന്തം നെടുമുടിവേണു പിറന്നത്. നെടുമുടി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള താരം പഠനകാലത്തുതന്നെ സാംസ്കാരിക കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

പാരലൽ കോളേജിൽ അധ്യാപകൻ ആയിട്ടും ജോലി ചെയ്തിട്ടുള്ള നെടുമുടിവേണു കോളേജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാ രംഗത്തേക്ക് പ്രവേശിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു തോപ്പിൽഭാസിയുടെ “ഒരു സുന്ദരിയുടെ കഥ” എന്ന സിനിമയിൽ മുഖം കാണിക്കുന്നത്. ആ സമയത്തായിരുന്നു കാവാലം നാരായണ പണിക്കരെ നെടുമുടിവേണു പരിചയപ്പെടുന്നത്. അദ്ദേഹവുമായുള്ള പരിചയം കാരണം അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമാവുകയായിരുന്നു വേണു.

അങ്ങനെ ഭരത്ഗോപി അടക്കമുള്ള പ്രഗൽഭ താരങ്ങളുമായി നെടുമുടി വേണുവിന് അടുപ്പം ഉണ്ടായി. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടക അധ്യാപകനായി ജോലി ചെയ്തിട്ടുള്ള നെടുമുടി വേണു, “അവനവൻ കടമ്പ” തുടങ്ങി നിരവധി പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ കലാകൗമുദിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട് താരം. 1978ൽ അരവിന്ദന്റെ “തമ്പി”യിലൂടെയാണ് നെടുമുടി വേണു മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. പിന്നീട് ഭരതൻ സംവിധാനം ചെയ്ത “ആരവ”വും, “തകര”യും എന്ന ചിത്രങ്ങളിലൂടെ നെടുമുടി വേണു എന്ന അഭിനയപ്രതിഭയെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.

മലയാള സിനിമയിലെ പ്രശസ്തരായ സംവിധായകർക്കൊപ്പവും സൂപ്പർതാരങ്ങൾക്കൊപ്പവും എല്ലാം അഭിനയിച്ചിട്ടുള്ള നെടുമുടി വേണു വളരെ വ്യത്യസ്തവും ശക്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദർശന്റെ ആദ്യകാലത്ത് ശ്രദ്ധേയമായ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് താരം. “കൈരളി വിലാസം ലോഡ്ജ്” എന്ന പരമ്പരയുടെ സംവിധായകൻ കൂടിയായിരുന്നു നെടുമുടി വേണു. “അച്ചു ഏട്ടന്റെ വീട്”, “വിടപറയും മുമ്പേ”, “ഗുരുജി ഒരു വാക്ക്”, “ചാമരം”, “ഹിസ് ഹൈനസ് അബ്ദുള്ള”, “ഒരിടത്തൊരു ഫയൽവാൻ”, “ഭരതം”, “ഈ തണുത്ത വെളുപ്പാൻ കാലത്ത്”, “സൈറ” എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ.

മലയാളത്തിനു പുറമേ “അന്യൻ”,” ഇന്ത്യൻ” എന്നീ തമിഴ് സിനിമകളിലും നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. “പൂരം” എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള നെടുമുടിവേണു, “ഒരു കഥ ഒരു നുണക്കഥ”, “കാറ്റത്തെ കിളിക്കൂട്”, “സവിതം”, “തീർത്ഥം” എന്നീ ചിത്രങ്ങളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന “മരക്കാർ അറബിക്കടലിലെ സിംഹം”, മോഹൻലാലിന്റെ “ആറാട്ട്” എന്നീ ചിത്രങ്ങളിലാണ് നെടുമുടി വേണു അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഭാര്യ സുശീല, മക്കൾ കണ്ണൻ ഗോപാൽ ,ഉണ്ണി ഗോപാലൻ. മലയാള സിനിമയുടെ അനശ്വര നടന് ആദരാഞ്ജലികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top