Movlog

Kerala

ക്യാച് വോട്ടർ ഡ്രെയിനേജ് സംവിധാനവും കുതിരാൻ തുരങ്കത്തിൽ ചെയ്തിട്ടില്ലാത്തതിനാൽ അപകട സാധ്യത !

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കുമിടയിൽ നിർമ്മിച്ചിട്ടുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നു കൊണ്ടുള്ള ഈ തുരങ്കം കൃത്യമായ ദൂരം ഒരു കിലോമീറ്റർ ആണ്. 14 മീറ്റർ വീതിയിൽ ആണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. പത്തു മീറ്റർ ഉയരമുള്ള തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലം ഉണ്ട്. ഭൂമിശാസ്ത്രപരവും ഭരണപരവുമായ വെല്ലുവിളികൾ കാരണം ഒരു ദശകത്തിലധികം സമയമെടുത്താണ് ഈ തുരങ്കത്തിന്റെ ജോലികൾ പൂർത്തിയായത്. ഇപ്പോഴിതാ ഇടതു തുരങ്കത്തിലുണ്ടായ ചോർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഈ ചോർച്ച തുടർന്നാൽ അപകടമാണെന്ന് തുരങ്കം നിർമ്മിച്ച കരാർ കമ്പനി പ്രഗതി അഭിപ്രായപ്പെട്ടു. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ലു താഴേക്ക് വീഴാൻ ഉള്ള സാധ്യതകൾ ഉണ്ടെന്നും വിദഗ്ധർ കണ്ടെത്തി. തുരങ്കത്തിനു ഉള്ളിൽ നേരിയ കനത്തിൽ സിമന്റ് മിശ്രിതം സ്പ്രേ ചെയ്ത ഭാഗങ്ങളിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. ഗതാഗതത്തിന് തുറക്കുന്നതിനു മുമ്പ് തന്നെ തുരങ്കത്തിൽ പലസ്ഥലങ്ങളിലും ചോർച്ച ഉണ്ടായിരുന്നെങ്കിലും ഈ ഭാഗങ്ങളിൽ ദ്വാരം ഇട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കി പോകുകയായിരുന്നു.

എന്നാൽ സംസ്ഥാനത്ത് കനത്ത മഴ ശക്തമായതിനെ തുടർന്ന് ദ്വാരങ്ങളിലുള്ള സ്ഥലങ്ങൾക്ക് പുറമേ പല ഭാഗങ്ങളിൽ നിന്നും വെള്ളം ചോർന്ന് ഇറങ്ങുകയായിരുന്നു. ഈ വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നത് വൈദ്യുത തകരാറുകൾക്ക് കാരണമായേക്കും. ഉരുക്കു പാളികൾ ഘടിപ്പിച്ച ഒരു മീറ്റർ കനത്തിൽ ഉള്ള ഗ്യാന്ററി കോൺക്രീറ്റിംഗ് ആയിരുന്നു തുരങ്കത്തിനു ഉള്ളിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ പാറയ്ക്ക് ബലം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കരാർ ഏറ്റെടുത്ത കമ്പനിയായ കെഎംസിസി പല ഭാഗങ്ങളിൽ ഇത് ഒഴിവാക്കുകയായിരുന്നു.

തുരങ്കത്തിന്റെ ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കെഎംസി അധികൃതർ. ചോർച്ച ഉള്ള ഭാഗങ്ങൾ പരിശോധിച്ചതിനുശേഷം അപകടസാധ്യതയുണ്ടെങ്കിൽ ഇവിടങ്ങളിൽ ദ്വാരങ്ങൾ ഇട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് കെ എം സി അധികൃതർ ഉറപ്പു നൽകി. എന്നാൽ തുരങ്കത്തിനു കിഴക്കുഭാഗത്ത് മണ്ണിടിച്ചിൽ തടയാനായി ചെയ്തിട്ടുള്ള കോൺക്രീറ്റ് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രഗതി കമ്പനി തുരങ്കത്തിലെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് മണ്ണിടിച്ചിലിന് ഉള്ള സാധ്യതയും ചൂണ്ടിക്കാണിച്ചു.

മലമുകളിൽ നിന്ന് വെള്ളം തുരങ്ക മുഖത്തേക്ക് നേരിട്ട് ഒഴുകി ഇറങ്ങിയാൽ തടയാനുള്ള ക്യാച് വോട്ടർ ഡ്രെയിനേജ് സംവിധാനവും കുതിരാൻ തുരങ്കത്തിൽ ചെയ്തിട്ടില്ലെന്ന് പ്രഗതി കമ്പനി അധികൃതർ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ തുരങ്കത്തിനുള്ളിൽ വെള്ളം ഊർന്നിറങ്ങി റോഡിൽ തെന്നി വീഴാതിരിക്കാൻ ഉള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചോർന്നു വരുന്ന വെള്ളവും ചെളിയും കൂടിച്ചേർന്ന് ഇരുചക്ര വാഹനങ്ങൾക്ക് അപകടഭീഷണി ഉണ്ടായതാണ് ഈ നടപടിക്ക് കാരണമായത്.

ചോർച്ചയുള്ള ഭാഗങ്ങളിൽ ഓരോ നാല് മണിക്കൂർ കൂടുമ്പോഴും വെള്ളം പൂർണമായും തുടച്ചു മാറ്റുന്നുണ്ട്. രണ്ടാമത്തെ തുരങ്കത്തിൽ കമാനാകൃതിയിൽ ഉരുക്കുപാളികൾ ഘടിപ്പിക്കുന്നുണ്ട്. ഈ പണി പൂർത്തിയായതിനുശേഷം ഒന്നാമത്തെ തുരങ്കത്തിലും സമാനമായ പണി ചെയ്യാൻ ആണ് നിർദ്ദേശം. ഇതോടെ ചോർച്ചയുടെ കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു. മലമുകളിൽ നിന്ന് ചോർന്ന് ഇറങ്ങുന്ന വെള്ളം വിവിധയിടങ്ങളിൽ ദ്വാരങ്ങൾ നിർമ്മിച്ച പൈപ്പ് വഴി അഴുക്കുചാലിൽ എത്തിക്കുന്ന സംവിധാനം ഐ ഐ ടി മദ്രാസിൽ നിന്നെത്തിയ വിദഗ്ധസംഘം പരിശോധന നടത്തിയശേഷം എടുത്തു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചെയ്തത്.

നിലവിലെ സാഹചര്യത്തിൽ ചോർച്ചയെ കുറിച്ച് യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ തുരങ്കത്തിൽ ഉരുക്കു പണികഴിപ്പിച്ച കോൺക്രീറ്റിംഗ് നടത്തുന്ന പണികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. എന്നാൽ ശക്തമായ മഴ കാരണം നിരന്തരം വെള്ളം വന്നിറങ്ങുന്നത് തുരങ്കത്തിന്റെ ബലത്തിന് ഭീഷണി ആകുമോ എന്ന് വിദഗ്ധ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് മല ഉറപ്പിച്ച ഭാഗത്തിലെ ഒരിടത്ത് കോൺക്രീറ്റ് അടർന്നു വീണത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനിയിലെ വിദഗ്ധ തൊഴിലാളികൾ എല്ലാം കുതിരാനിൽ തന്നെ ഉള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പോലും ആശങ്കപ്പെടേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top