ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് നടന്നുപോയ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്താണ് ദുഖകരമായ ആ സംഭവം നടന്നത്. നഗരൂർകൊടുവിള വീട്ടിൽ സുനിൽകുമാർ (57) ആണ് അന്തരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ആളായിരുന്നു സുനിൽകുമാർ. രാവിലെ 8:30ന് നഗരൂർ ആൽത്തറമൂട് കടയിൽ നിന്നും പഴം വാങ്ങാനായി ഇറങ്ങിയതായിരുന്നു സുനിൽകുമാർ.
നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തേക്കിറങ്ങുന്നവർ സത്യവാങ്മൂലം കൈവശം കരുതണം എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാൽ സത്യവാങ്മൂലം കൈവശം കരുതാതിരുന്ന സുനിൽ കുമാറിന് 500 രൂപ പിഴ ചുമത്തി പോലീസ്. അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ പോലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു സുനിൽകുമാർ. വീട്ടിലെത്തി ഒമ്പതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം.ഉടൻ തന്നെ അദ്ദേഹത്തെ കാരേറ്റിലുല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ മരുന്നു കടയിൽ നിന്നും മരുന്ന് വാങ്ങി മടങ്ങുന്ന വഴിയാണ് സുനിൽ കുമാറിന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ടു. സുനിൽ കുമാറിന്റെ വിയോഗം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അടക്കം മൂന്നു ജില്ലകളിൽ ആണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കുകയും അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന വ്യക്തികളുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു പരിശോധനയും നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നടന്നു പോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചത് അത്യന്തം ദുഃഖകരമായ ഒരു സംഭവമായിരിക്കുകയാണ്.
