Movlog

Movie Express

ജൂഹി രസ്തോഗി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ… വീണ്ടും വരുന്നു എന്ന പ്രതീക്ഷയിൽ സന്തോഷം അറിയിച്ചു

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കുടുംബ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുളകും”. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി അമ്മായിഅമ്മ പോരുകളും മരുമകളുടെ കരച്ചിലുകളും ഒന്നുമില്ലാതെ ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും വികാരഭരിതമായ മുഹൂർത്തങ്ങളും കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു “ഉപ്പും മുളകും”. ബാലുവിനെയും നീലുവിനെയും കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ ഏറ്റെടുത്തത്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല മറിച്ചു ജീവിക്കുകയായിരുന്നു. മികച്ച അഭിനയം കൊണ്ട് അഞ്ചു വർഷത്തിലേറെ മലയാളികളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറി ഈ പരമ്പര. നീലുവും ബാലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും എല്ലാം മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ്. നീലുവായി നിഷ സാരംഗ്, ബാലുവായി ബിജു സോപാനം ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുന്നോട്ടു പോയിരുന്നത്.

യാതൊരു അറിയിപ്പുകളും ഇല്ലാതെ ആയിരുന്നു പെട്ടെന്ന് പരമ്പര അവസാനിപ്പിച്ചത്. ഇത് ആരാധകരെ ഒരുപാട് വേദനിപ്പിച്ചു. പരമ്പര വീണ്ടും തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ മുന്നോട്ടുവന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉപ്പും മുളകും താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്. ഈ കാര്യം അഭിനേതാക്കളായ നിഷയും ബിജുവും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. “ഉപ്പും മുളകും” പരമ്പരയ്ക്ക് സമാനമായി “ചക്കപ്പഴം” എന്ന പരമ്പര ഫ്ലവർസ് ടിവിയിൽ വന്നുവെങ്കിലും “ഉപ്പും മുളകും” എന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെ തങ്ങി നിൽക്കും.

അടുത്തിടെയായിരുന്നു “ഉപ്പും മുളകും” പരമ്പരയിലെ ലച്ചുവായി എത്തിയ ജൂഹി രസ്തോഗിയുടെ അമ്മയുടെ അപ്രതീക്ഷിത വിയോഗം. 56 വയസ്സായിരുന്ന ഭാഗ്യലക്ഷ്മി മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു വാഹനാപകടം. സ്കൂട്ടറിന് പിന്നാലെ ഒരു ലോറി വന്ന് ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു ഭാഗ്യലക്ഷ്മിയും മകനും. ലോറി ശരീരത്തിൽ കയറി തൽക്ഷണം തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അലറിവിളിച്ചുകൊണ്ട് ഓടിവരുന്ന ജൂഹിയുടെ വീഡിയോ ഒരു നൊമ്പര കാഴ്ചയായി മാറിയിരുന്നു.

ജൂഹി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ആയിരുന്നു അച്ഛൻ രഘുവീർ ശരൺ രസ്തോഗി അന്തരിച്ചത്. എറണാകുളത്ത് ബിസിനസ് ആയിരുന്നു അദ്ദേഹത്തിന്. അച്ഛന്റെ അകാല വിയോഗത്തിനു ശേഷം അമ്മയുടെ തണലിൽ കഴിയുകയായിരുന്നു ജൂഹിയും സഹോദരൻ ചിരാഗും. അമ്മയുടെ അപ്രതീക്ഷിത വിയോഗം ജൂഹിയെ പൂർണമായും തകർത്തിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിൽ താങ്ങായി ഉപ്പും മുളകും പ്രവർത്തകർ ലച്ചുവിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാവുന്നത് ഉപ്പും മുളകും താരങ്ങൾ വീണ്ടും ഒന്നിച്ചുള്ള വീഡിയോ ആണ്.

വീഡിയോയിൽ ബാലു പാന്റും ഷർട്ടും അണിഞ്ഞും നീലു മദാമ്മയുടെ വേഷത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. കേശുവും ലച്ചുവും മുടിയനും പാറുക്കുട്ടിയും ശിവാനിയും എല്ലാം വീഡിയോയിൽ എത്തിയിട്ടുണ്ട്. ഇതോടെ പ്രിയ പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുവാൻ തുടങ്ങുകയാണോ എന്ന ആകാംഷയിലാണ് ആരാധകർ. ലച്ചുവിനെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ലച്ചുവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. ലച്ചുവിന് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം ആശംസകൾ അറിയിച്ചും ആരാധകർ മുന്നോട്ടുവരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top