മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഒരു നടിയാണ് ജോമോൾ. “ഒരു വടക്കൻ വീരഗാഥ” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ ജോമോൾ, “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ദേശീയ പുരസ്കാര പ്രഖ്യാപനങ്ങളിൽ പ്രത്യേക പരാമർശവും ജോമോൾ കരസ്ഥമാക്കി. പിന്നീട് “നിറം”, “ദീപസ്തംഭം മഹാശ്ചര്യം”, “മയിൽപ്പീലിക്കാവ്” തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനായിക ആയി മാറുകയായിരുന്നു ജോമോൾ.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ജോമോളുടെ വിവാഹം. ഇന്നത്തെപോലെ സമൂഹമാധ്യമങ്ങൾ അത്രയേറെ സജീവമല്ലാത്ത കാലത്തായിരുന്നു ജോമോളുടെ പ്രണയം. 2001ൽ യാഹൂവിലൂടെയാണ് ജോമോൾ ചന്ദ്രുവിനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ തന്നെ ജോമോളിനെക്കാൾ കുറച്ചു പ്രായകൂടുതൽ ഉണ്ടെന്ന് ചന്ദ്രു തുറന്നു പറയുകയായിരുന്നു. ആ സമയത്ത് മലയാള സിനിമയിലെ നായികയായിരുന്നു ജോമോൾ എന്ന് ചന്ദ്രുവിന് അറിയില്ലായിരുന്നു.
മലയാളം അറിയാത്തതിനാൽ മലയാള സിനിമയെ കുറിച്ചൊന്നും അധികം അറിയില്ലായിരുന്നു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നീ അഭിനേതാക്കളെ മാത്രമേ ചന്ദ്രുവിന് അറിയാമായിരുന്നുള്ളൂ. സിനിമയിലൊക്കെ ചെറിയ വേഷം ചെയ്യുന്ന ആളാണെന്ന് ചന്ദ്രു ആദ്യം കരുതി. “മയിൽപീലി കാവ്” എന്ന സിനിമ കണ്ടപ്പോൾ ആണ് മലയാള സിനിമയിലെ മുൻ നിര നായിക ആണ് ജോമോൾ എന്ന് ചന്ദ്രു തിരിച്ചറിയുന്നത്.
കുറച്ചു നാളത്തെ ചാറ്റിങ്ങിന് ശേഷം ഇവർ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാരുടെ കടുത്ത എതിർപ്പുണ്ടായിരുന്നു വിവാഹത്തിന്. വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ച ജോമോൾ, ഗൗരി ചന്ദ്രശേഖരപിള്ള എന്ന പേര് സ്വീകരിക്കുകയായിരുന്നു. രണ്ടു പെൺകുട്ടികൾ ആണ് ജോമോൾക്ക് . വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ജോമോളിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും ജോമോളുടെ ഒളിച്ചോട്ടം തടയാൻ ശ്രമിച്ചതിനെക്കുറിച്ചും ജെ ബി ജങ്ഷനിൽ സുരേഷ് ഗോപി പറഞ്ഞത് ആണ് ശ്രദ്ധേയമാവുന്നത്. “ഒരു വടക്കൻ വീരഗാഥ” എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മുതൽ തുടങ്ങിയ ബന്ധമാണ് സുരേഷ് ഗോപിക്ക് ജോമോളിന്റെ കുടുംബം ആയിട്ട്. അന്ന് ജോമോൾ ചെറിയ കുട്ടിയാണ്. ജോമോളിന്റെ ഒളിച്ചോട്ടം തടയാൻ ഒരുപാട് ശ്രമിച്ചിരുന്നു സുരേഷ് ഗോപി.
ജോമോളിനെയും ചന്ദ്രുവിനെയും പോലീസിനെ കൊണ്ടും, കോഴിക്കോട് എയർപോർട്ടിൽ എമിഗ്രേഷൻ വഴിയും എല്ലാ റെയിൽവേ സ്റ്റേഷൻ വഴിയും പിടിപ്പിക്കാൻ നോക്കിയിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ചന്ദ്രശേഖരപിള്ള മോളെ തട്ടിക്കൊണ്ടുപോയി എന്നാണ് ജോമോളിന്റെ അമ്മ സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞത്. ചന്ദ്രശേഖരപിള്ള എന്ന പേര് കേട്ടപ്പോൾ 55 തൊട്ട് 60 വയസ്സുള്ള ആളുടെ മുഖമായിരുന്നു മനസ്സിലേക്ക് എത്തിയത് എന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
