Movlog

Health

കൂർക്കംവലി ഒരു രോഗലക്ഷണമാണോ? കൂർക്കം വലിക്കാർ ഇത് കാണാതെ പോവരുത്

ഉറങ്ങുമ്പോൾ ശ്വസനപ്രക്രിയ തടസപ്പെടുന്നത് കാരണം ഉണ്ടാവുന്ന ശബ്ദമാണ് കൂർക്കംവലി. രക്തത്തിൽ ഓക്സിജന്റെ അളവിൽ വ്യത്യാസം ഒന്നും ഇല്ലാത്ത കൂർക്കംവലികളെ പ്രൈമറി സ്നോറിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നത് ഒരു രോഗാവസ്ഥയാണ്. കുട്ടികളിൽ അഡിനോയ്ഡ് അഥവാ ദശ കാരണം ശ്വാസതടസ്സം അനുഭവപ്പെടുകയും ഇതിനെ തുടർന്ന് കൂർക്കംവലി ഉണ്ടാവുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് ഇത് കണ്ടു വരികയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. മുതിർന്നവരിൽ ദശ കൂടാതെ, ചെറുനാവിന്റെ ഭാഗത്തുള്ള പേശികൾക്ക് ബലക്ഷയം വരുമ്പോഴും ഈ അവസ്ഥ ഉണ്ടാവാം.

ശ്വാസതടസ്സം അനുഭവിക്കുമ്പോൾ ശരീരത്തിനുള്ളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തലച്ചോർ ഉണർന്നു പ്രവർത്തിക്കുകയും ശ്വാസം കിട്ടുവാൻ വേണ്ടി മനുഷ്യശരീരത്തെ ഉണർത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവർ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നന്നായി ശ്വാസം എടുക്കേണ്ടതായി വരുന്നു. നല്ല ഉറക്കം രാത്രി ലഭിക്കാത്തതിനാൽ പകൽ മുഴുവനും ഉറക്കം തൂങ്ങേണ്ടി വരുന്നു. അത് വലിയ അപകടങ്ങൾക്ക് കാരണമാവുന്നു.

വണ്ടി ഓടിക്കുമ്പോൾ ഉറക്കം തൂങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഇതിനു പുറമെ ഏകാഗ്രത കുറയുക, വിഷാദരോഗം, ക്ഷീണം എന്നിവയാണ് ഈ അസുഖത്തിന്റെ മറ്റു ലക്ഷണങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ ആണ് കൂർക്കംവലി ഒരു രോഗാവസ്ഥ ആയി മാറുന്നത്. ഈ സാഹചര്യത്തിൽ ഒന്നെങ്കിൽ ഒരു ഇ എൻ ടി ഡോക്ടറെയോ അല്ലെങ്കിൽ പൾമോനോളജിസ്റ്റിനെയോ കാണിക്കുക. കുട്ടികളിലെ കൂർക്കം വലിക്ക് ഇഎൻടിയെ കാണിക്കുക. മുതിർന്നവരിൽ ഡോക്ടർമാർ ആദ്യം നിർദേശിക്കുന്നത് സ്ലീപ് സ്റ്റഡി ആണ്. ഉറക്കത്തിൽ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പോളിസോമ്‌നോഗ്രഫി ഉപയോഗിച്ച് കണ്ടെത്തും. ഇത് വീട്ടിൽ വെച്ചോ ആശുപത്രിയിൽ വെച്ചോ ചെയ്യാവുന്ന പരിശോധനയാണ്.

ഇതിനു ശേഷം സ്ലീപ് എൻഡോസ്കോപ്പി ചെയ്യുന്നു. എവിടെയാണ് ശ്വാസം വലിക്കുന്നതിലുള്ള തടസം ഉള്ളത് എന്ന് കണ്ടെത്താൻ ഉള്ള ചികിത്സാരീതിയാണിത്. കൂർക്കംവലി പരിഹരിക്കാൻ ആയി ഉപയോഗിക്കുന്ന മാസ്കുകൾ ആണ് സിപാപ്. സമ്മർദം നൽകി ശ്വാസതടസം കാരണം ചുരുങ്ങുന്ന ഭാഗം വികസിപ്പിക്കുവാൻ ഉള്ള മാർഗമാണിത്. ഇത് കൂടാതെ ഉള്ള മറ്റൊരു മാർഗം സർജറി ചെയ്യുക എന്നതാണ്. അതിനാൽ കൂർക്കംവലിയുടെ ആദ്യ ഘട്ടത്തിൽ തന്നെ വൈദ്യ സഹായം തേടുന്നതാണ് ഉത്തമം. അതൊരു രോഗാവസ്ഥയിലേക്ക് കടന്നാൽ തലച്ചോർ,ഹൃദയം എന്നീ അവയവങ്ങളെ വരെ ബാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top