Movlog

Kerala

വിവാഹത്തിന് ആഹാരം വിളമ്പുന്ന വരൻ…വെറും അഞ്ചാളുകൾ പങ്കെടുത്ത റസിയയുടെ വിവാഹം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ.

റസിയ എന്ന കല്യാണ പെണ്ണിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വെറും അഞ്ചു പേർ മാത്രം പങ്കെടുത്ത ലളിതമായ ഒരു വിവാഹം. ആൾക്കൂട്ടവും ആരവങ്ങളും അയൽക്കാരും ബന്ധുക്കളും ഒന്നും ഇല്ലാതെ ഒരു കൊച്ചു വിവാഹം. വനിതാദിനത്തിൽ ഫാസിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സാധു സ്ത്രീയുടെ പ്രതീക്ഷകളുടെയും കണ്ണുനീരിന്റെയും കഥയാണ് ഫാസിൽ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. ഫാസിലിന്റെ സഹപ്രവർത്തക യാണ് റസിയ. സാധാരണഗതിയിൽ ഒരു കല്യാണവീട്ടിൽ പന്തലും ആൾക്കൂട്ടവും വണ്ടികളും എല്ലാം ഉണ്ടാകും. എന്നാൽ ഇതൊന്നും ഇല്ലാത്തതിനാൽ പലരോടും ചോദിച്ചാണ് ഫാസിൽ റസിയയുടെ കല്യാണ വീട്ടിലെത്തിയത്.

വീട് എന്ന യാഥാർത്ഥ്യത്തോട് യോജിക്കാത്ത ഒരു കുടിലിനു മുന്നിൽ ആണ് ഫാസിൽ എത്തിയത്. ആ കുടിലിനു മുന്നിൽ ഒരു മാരുതി കാർ ഉണ്ടായിരുന്നു. കല്യാണത്തിന്റെ യാതൊരു ബഹളങ്ങളും ഇല്ലാത്ത ആ വീടിനു മുന്നിലെത്തിയപ്പോൾ റസിയ മുടന്തി ഫാസിലിന്റെ അരികിലേക്ക് വന്നു. 35 വയസ്സുള്ള റസിയ പുതുനാരിയുടെ വേഷത്തിൽ. കഴിഞ്ഞ ദിവസം വീണ് കാലിനു ചെറിയ പൊട്ടലുണ്ട് റസിയക്ക്. ഹൃദയാഘാതം സംഭവിച്ച ഒരു സഹോദരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ഐസിയുവിൽ പരിചരിച്ചതിനു നന്ദിയായി തിരൂരിനടുത്ത് നിന്ന് വന്ന രോഗിയും ഉപ്പയും സഹോദരനുമാണ് മാരുതി കാറിൽ ഉള്ളത്. ഇവർക്ക് പുറമെ ഫാസിലും സുഹൈലും. അങ്ങനെ അഞ്ചുപേരാണ് കല്യാണപന്തൽ ഇല്ലാത്ത ആ മുറ്റത്തെ കസേരയിലിരുന്ന ആകെയുള്ള അതിഥികൾ.

റസിയയ്ക്ക് ഒപ്പം അനാഥമന്ദിരത്തിൽ കൂടെ പഠിച്ചിരുന്ന ചില സഹോദരികൾ അകത്ത് ഉണ്ടായിരുന്നു. പുതിയാപ്ല എപ്പോഴാ വരിക എന്ന് മണവാട്ടിയോട് ചോദിച്ചപ്പോൾ ഇപ്പോൾ വരും എന്നായിരുന്നു മറുപടി. ഒരു കാറിൽ സുഹൃത്തുക്കൾക്കൊപ്പം വരുന്ന പുതിയാപ്പിളയെ മനസ്സിൽ കണ്ടു എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ വന്ന ആൾ നാലാൾക്ക് ഇരിക്കാവുന്ന മേശയിലുള്ളവർക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി. അപ്പോൾ റസിയ പരിചയപ്പെടുത്തി അതാണ് കക്ഷി എന്ന്. വളരെ സാധാരണമായ വേഷത്തിൽ വന്ന് അതിഥികൾക്ക് ഭക്ഷണം വിളമ്പി ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ആ ബൈക്കിൽ വന്ന ആളായിരുന്നു പുതിയാപ്പിള. ഇതെല്ലാം സ്വപ്നമാണോ എന്ന അത്ഭുതത്തിൽ ആയിരുന്നു ഫാസിലും സുഹൃത്തും.

രോഗത്തിന്റെ ക്ഷീണവും സാഹചര്യങ്ങൾ കാരണമുള്ള മാനസിക പ്രയാസങ്ങളും ഒന്നും മുഖത്ത് കാണിക്കാതെ വളരെ സാധാരണമായ വേഷത്തിൽ മുഖത്ത് പുഞ്ചിരിയുമായി അതിഥികളോട് എല്ലാം അയാൾ സംസാരിച്ചു. സഹപ്രവർത്തകർക്ക് വേണ്ടി ഗ്രൂപ്പിൽ ഇടാനായി റസിയക്കൊപ്പം ഒരു ഫോട്ടോ എടുത്തു. കല്യാണ ഫോട്ടോയിൽ ചിരിക്കുമ്പോഴും കല്യാണ പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു. എന്നാൽ സാധാരണ മണവാട്ടികൾ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഉള്ള കരച്ചിൽ ആയിരുന്നില്ല അത്. നിക്കാഹിനു പോലും സ്വന്തം കൈയിൽ നിന്ന് കാശ് എടുത്തു കൊടുത്ത ഒരു പെണ്ണിന്റെ കരച്ചിൽ ആയിരുന്നു അത്. സഹായിക്കാൻ ആരും ഇല്ലാത്ത റസിയയെ സഹപ്രവർത്തകരും സുഹൃത്തുക്കളും മറ്റ് സുമനസ്സുകളും ചേർന്നാണ് സഹായം എത്തിച്ചത്.

ആ സഹായത്തിന് മഹത്വം ഫാസിൽ നേരിട്ട് കണ്ടു. റസിയയുടെ വീട്ടിലേക്കുള്ള യാത്രയിൽ ഒരുപാട് സംസാരിച്ചാണ് ഫാസിലും സുഹൃത്തും എത്തിയതെങ്കിലും തിരികെ പോകുമ്പോൾ ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. തിരികെയുള്ള യാത്രയിൽ ഓഡിറ്റോറിയത്തിലും വീട്ടിലുമായി ഒരുപാട് കല്യാണ പരിപാടികൾ കണ്ടു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും കമ്മലും വളയും മാസ്കും അണിഞ്ഞ പല വർണ്ണ കാഴ്ചകളും കണ്ടു ഫാസിൽ. “അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല” എന്ന മഹത്തായ പ്രവാചക വചനം ഓർത്ത് പോയി ഫാസിൽ. അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ് മുഹമ്മദ് ഫാസിൽ പങ്കുവെച്ചത്. ഫാസിലിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top