Movlog

Technology

എന്ത് ചോദിച്ചാലും ഉത്തരം കിട്ടുന്ന ഗൂഗിൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? എവിടുന്നാണ് ഇത്രയും ഉത്തരങ്ങൾ ഗൂഗിൾ നൽകുന്നത് എന്ന് കണ്ടു നോക്കു

ലോകമെമ്പാടുമുള്ള വിവരങ്ങൾ ശേഖരിച്ച് അത് ലോകത്ത് എവിടെ നിന്നു വേണമെങ്കിലും ഉപയോഗിക്കാൻ മനുഷ്യരെ സഹായിക്കുന്ന ഏറ്റവും വലിയ സംവിധാനമാണ് ഗൂഗിൾ. പ്രോജക്ടുകൾക്ക് ഉള്ള വിഷയങ്ങൾ, രാഷ്ട്രീയം, ചരിത്രപരമായ കാര്യങ്ങൾ എന്നു തുടങ്ങി അടുക്കളയിൽ പാകം ചെയ്യുന്ന ഒരു വിഭവത്തിനെ കുറിച്ചു പോലും എന്ത് സംശയം ഉണ്ടെങ്കിലും ഞൊടിയിടയിൽ തന്നെ ഉത്തരം നൽകുന്ന ഗൂഗിൾ നമ്മുടെ ജീവിതങ്ങളെല്ലാം എത്രയേറെ സുഗമമാക്കുന്നു എന്ന് പറയാതെ വയ്യ.

എവിടെ നിന്നാണ് ഗൂഗിളിന് ഇത്രയേറെ വിവരങ്ങൾ ലഭിക്കുന്നത് എന്ന് പലരും ചിന്തിച്ചിട്ടുണ്ട്. ഒന്ന് തിരയുമ്പോൾ തന്നെ നമുക്ക് വേണ്ട ഉത്തരങ്ങൾ പല വെബ്‌സൈറ്റുകളുടെ രൂപത്തിൽ ഗൂഗിൾ തരുന്നത് നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ കോടി കണക്കിന് വെബ്സൈറ്റുകൾ ആണുള്ളത്. അപ്പോൾ നമുക്ക് വേണ്ട കാര്യം ഈ കോടി കണക്കിന് വെബ്‌സൈറ്റുകളിൽ നിന്ന് തപ്പി എടുക്കുന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ല. അത് അസാധ്യമാണെന്ന് തന്നെ
പറയാം.

ദിവസേന ഒരുപാട് വെബ്‌സൈറ്റുകൾ ആണ് ഗൂഗിളിൽ പുതിയതായി എത്തുന്നത്. അതുകൊണ്ട് ഓരോ പുതിയ വെബ്സൈറ്റ് ഗൂഗിളിൽ എത്തുമ്പോഴും ഗൂഗിളിന്റെ സെർച്ച്‌ ബോട്ട് എന്ന പ്രോഗ്രാം വെബ്സൈറ്റിൽ പ്രവേശിച്ച് അതിൽ എന്തൊക്കെയാണ് ഉള്ളത് എന്നും അതിന്റെ ചിത്രങ്ങൾ, ഓഡിയോ, വീഡിയോ , ടെക്സ്റ്റ് തുടങ്ങിയവയെല്ലാം പരിശോധിച്ച് ഒരു ഡാറ്റാബേസ് ഉണ്ടാക്കി വയ്ക്കും. ഈ ഡാറ്റ ബേസിനെയാണ് സർച് ഇൻഡക്സ് എന്ന് പറയുന്നത്.

ഓരോ വെബ്സൈറ്റുകളിലും ഈ സെർച്ച് ബോട്ട് ഇടയ്ക്ക് കയറി നോക്കി എന്തെങ്കിലും ആ വെബ്സൈറ്റിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് അത് സേർച്ച് ഇൻഡക്സിലും കൂട്ടിച്ചേർക്കും. ആ വെബ്സൈറ്റിന്റെ സേർച്ച് ഇൻഡക്സ് ഗൂഗിൾ ഡാറ്റാ സെന്ററുകളിലെ വലിയ ഹാർഡ് ഡിസ്കുകളിൽ സൂക്ഷിച്ചുവെക്കും. ഇന്റർനെറ്റിൽ മുഴുവനുമുള്ള വെബ്സൈറ്റുകളുടെ ഒരു ചെറിയ പതിപ്പാണ് ഇങ്ങനെ ഉണ്ടാക്കി വെക്കുന്ന സേർച്ച് ഇൻഡക്സ്.

അപ്പോൾ ഗൂഗിളിൽ നമ്മൾ എന്തെങ്കിലും തിരയുമ്പോൾ നമുക്ക് വേണ്ട വിവരങ്ങൾ ഉണ്ടോ എന്ന് ഈ സെർച്ച് ഇൻഡക്സിലാണ് ഗൂഗിൾ പരിശോധിക്കുന്നത്. എന്നിട്ട് അത് ഏതെല്ലാം വെബ്സൈറ്റ് ആണെന്ന് നോക്കി ആ ലിങ്കുകൾ ഒരു പ്രത്യേക ക്രമത്തിൽ ഏറ്റവും ഉപകാരപ്രദമായി എടുക്കാവുന്ന രീതിയിൽ റാങ്ക് ചെയ്തു നമുക്ക് കാണിച്ചു തരുന്നു. ഇതാണ് ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ സംഭവിക്കുന്നത്. അതായത് ലോകത്തിലെ മുഴുവൻ വെബ്സൈറ്റുകളും ഒരു ലൈബ്രറിയിലെ പുസ്തകങ്ങൾ ആണെങ്കിൽ അവിടുത്തെ ലൈബ്രേറിയൻ ആണ് ഗൂഗിൾ.

ഓരോ പുതിയ പുസ്തകം വരുമ്പോഴും ലൈബ്രറിയൻ അത് വായിച്ച്( സേർച്ച്‌ ബോട്ട്) ഒരു ഡയറിയിൽ അതിലെ വിവരങ്ങൾ കുറിച്ചു വെക്കും (സേർച്ച്‌ ഇൻഡക്സ്). പിന്നീട് ലൈബ്രറിയിൽ പോയി ലൈബ്രേറിയനോട് (ഗൂഗിൾ) ഒരു കാര്യത്തെ കുറിച്ച് അറിയാൻ ഏതു പുസ്തകമാണ് (ഗൂഗിൾ) നോക്കേണ്ടത് എന്ന് ചോദിക്കുമ്പോൾ (ഗൂഗിൾ സേർച്ച്‌) ആ ഡയറി തപ്പിനോക്കി എവിടെയാണ് വിവരങ്ങൾ ഉള്ളതെന്ന് ലൈബ്രേറിയൻ പെട്ടെന്നു തന്നെ പറഞ്ഞു തരുന്നു.

വായിക്കുമ്പോൾ എളുപ്പമാണെങ്കിലും വളരെയധികം സങ്കീർണമായ ഒരു പ്രക്രിയയാണിത്. ഒരു ലൈബ്രറിയിൽ ഉള്ള എണ്ണാവുന്ന അത്ര പുസ്തകങ്ങൾ അല്ല ഗൂഗിളിൽ ഉള്ളത്. ദിവസേന വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോടിക്കണക്കിന് വെബ്സൈറ്റുകളാണ് ഗൂഗിളിൽ ഉള്ളത്. അതിൽ എല്ലാ വിവരങ്ങളും ശേഖരിച്ച് നമുക്ക് വേണ്ടത് വേർതിരിച്ച് വേണം നൽകാൻ. ആ വിവരം നൽകുന്നതിനു മുമ്പ് ചില പ്രക്രിയകൾ ഉണ്ട്. ഏറ്റവും മികച്ചത് നോക്കി നല്ലത് ആദ്യം പേജ് റാങ്കിങ് ചെയ്‌ത്‌ ക്രമീകരിക്കണം.

എന്നാൽ ഇതെല്ലാം ഒരു സെക്കൻഡിനുള്ളിൽ ആണ് നടക്കുന്നത് എന്ന് നമ്മൾ ഓർക്കണം. ഇവയിൽ മോശമായ സ്പാം സൈറ്റുകളും ഉണ്ടാകും. അത്തരം സൈറ്റുകൾ തിരിച്ചറിയാനായി ആറു തവണയെങ്കിലും ദിവസത്തിൽ പരിശോധിച്ച് പേജ് റാങ്കിംഗ് അൽഗോരിതത്തിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്താറുണ്ട് ഗൂഗിൾ. പല ബ്രാൻഡുകളുടെയും റെസിപ്പി പോലെ ഒരു രഹസ്യമാണ് ഈ അൽഗോരിതം. ആദ്യകാലം മുതലേ ഗൂഗിൾ ഉപയോഗിച്ച് പ്രസിദ്ധിയാർജ്ജിച്ച ഒരു അൽഗോരിതം ആണ് പേജ് റാങ്ക്.

വളരെ മികച്ച നിലവാരമുള്ള, പ്രാധാന്യമുള്ള വെബ്സൈറ്റുകൾക്ക് ഉയർന്ന റാങ്ക് നൽകുന്ന പ്രക്രിയ ആണ് പേജ് റാങ്ക്. ഒരു വെബ്സൈറ്റിലെ പേജിന് എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് കണ്ടെത്തി റാങ്ക് നിശ്ചയിക്കുന്നതിനായി മറ്റു വെബ് പേജുകളിൽ നിന്ന് വരുന്ന ലിങ്കുകളുടെ എണ്ണവും ഇങ്ങനെ വരുന്ന ലിങ്കുകളുടെ നിലവാരവും ആണ് പരിഗണിക്കുന്നത്. കൂടുതൽ നിലവാരവും പ്രാധാന്യമുള്ള വെബ്സൈറ്റുകൾക്കും മറ്റു വെബ്സൈറ്റുകളിൽ നിന്നും കൂടുതൽ ലിങ്കുകൾ ലഭിക്കും.

ഏറ്റവും മികച്ച വെബ്പേജുകൾ തിരഞ്ഞെടുക്കുന്നതിന് ഗൂഗിൾ ഉപയോഗിക്കുന്ന ഒരുപാട് സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ മാർഗങ്ങളിലൊന്നാണ് പേജ് റാങ്കിങ്. ഒരു യൂസർ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ ഏറ്റവും അടുത്തു നിൽക്കുന്നതും ഏറ്റവും പ്രാധാന്യമുള്ളതും മികച്ചതുമായ ഫലങ്ങൾ നൽകുന്നതാണ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ. ഒരു വെബ്സൈറ്റ് റാങ്കിംഗിനായി പരിഗണിക്കുന്ന ചില കാര്യങ്ങളാണ് ബാക്ക് ലിങ്ക്, ലിങ്ക് ജ്യൂസ്, നോ ഫോളോ ലിങ്ക്, ഡൂ ഫോളോ ലിങ്ക്, ലോ ക്വാളിറ്റി ലിങ്ക്, ആങ്കർ ടെസ്റ്റ്, ബൗൺസർ ടെസ്റ്റ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നിവ.

ഒരു വെബ്സൈറ്റിൽ നിന്നും മറ്റൊരു വെബ്സൈറ്റിലേക്കുള്ള ലിങ്ക് ആണ് ബാക്ക് ലിങ്ക് എന്ന് വിളിക്കുന്നത്. വെബ്സൈറ്റുകളുടെ നിലവാരം പരിശോധിക്കുവാൻ ആയി ഇത്തരം ബാക്ക് ലിങ്കുകൾ ഗൂഗിൾ ഉപയോഗിക്കുന്നു. ഒരു വെബ്‌സൈറ്റിൽ നിങ്ങളുടെ ഏതെങ്കിലും ലേഖനങ്ങളിലേക്കോ, വെബ്സൈറ്റിലെ ഹോം പേജിലേക്കോ ലിങ്ക് ചെയ്യുന്നതിനെയാണ് ലിങ്ക് ജ്യൂസ് എന്ന് പറയുന്നത്. വിശ്വസനീയമല്ലാത്ത സൈറ്റിലേക്ക് ലിങ്ക് ചെയ്യുമ്പോൾ ഉപയോഗിക്കുന്നതാണ് നോ ഫോളോ ലിങ്ക്. ബ്ലോഗുകളിലും വെബ്സൈറ്റിലും ചേർക്കുന്ന ലിങ്കുകൾ ഡിഫോൾട്ടായി ഡൂ ഫോളോ ലിങ്കുകൾ ആകും.

മോശം വീഡിയോ ലഭിക്കുന്ന സൈറ്റുകൾ,നിലവാരം കുറഞ്ഞ സൈറ്റുകൾ എന്നിവയാണ് ലോ ക്വാളിറ്റി ലിങ്ക് എന്ന് പറയുന്നത്. ഒരു വെബ്സൈറ്റിനുള്ളിൽ ഒരു പേജിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നവയാണ് ആന്തരിക ലിങ്ക്. ഹൈപ്പർ ലിങ്കുകൾക്കായി ഉപയോഗിക്കുന്ന വാചകത്തെ ആണ് ആങ്കർ ടെസ്റ്റ് എന്ന് വിളിക്കുന്നത്. പ്രത്യേക കീ വർഡുകൾക്കായി തിരയുമ്പോൾ ആങ്കർ ടെസ്റ്റ് ബാക് ലിങ്കുകളാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്.

ഒരു വെബ്സൈറ്റിന്റെ ഒരു പേജ് മാത്രം സന്ദർശിച്ചതിനു ശേഷം ഉടനെ പുറത്തേക്ക് പോകുന്ന സന്ദർശകരുടെ ശതമാനത്തെ ആണ് ബൗൺസ് റേറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ബൗൺസ് റേറ്റ് കൂടുമ്പോൾ വെബ്സൈറ്റിൽ എന്തൊക്കെ കുഴപ്പങ്ങളുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. സെർച്ച് എഞ്ചിൻ നൽകുന്ന ഫലത്തിൽ ഒരു വെബ്സൈറ്റ് ഏറ്റവും മുകളിൽ തന്നെ കാണിച്ചുകൊണ്ട് ആ പ്രത്യേക വെബ്സൈറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണം പരമാവധി വർധിപ്പിക്കുന്ന പ്രക്രിയയാണ് സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top