Movlog

Movie Express

നടി അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം ബോർഡ്

ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലേസ്” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാള സിനിമയിലെത്തിയ താരമാണ് അനുശ്രീ. നർമ്മം നിറഞ്ഞ തനി നാടൻ വേഷങ്ങൾ സമാനതകളില്ലാത്ത മികവോടെ കൈകാര്യം ചെയ്യാൻ മിടുക്കി ആണ് ഈ നായിക. വളരെ ചെറിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു. ലോക് ഡൗൺ കാലത്ത് വമ്പൻ മേക്കോവർ നടത്തി വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയിരുന്നു താരം. മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും എന്നും പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡ്.

ക്ഷേത്ര ഭരണസമിതിയെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കി എന്നാണ് അനുശ്രീക്കെതിരെ ദേവസ്വം ബോർഡ് നൽകിയ പരാതി. താരത്തിനെതിരെ മാത്രമല്ല ഹിന്ദുസ്ഥാൻ യൂണിലിവർ, സിക്സ്ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും ക്ഷേത്രസമിതി പരാതി നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിട്ടൈസേഷൻ വേണ്ടിവരുന്ന നേച്ചർ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാൻ യൂണിലിവർ ഉൽപ്പന്നം സംഭാവന അഥവാ വഴിപാട് നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്രപരിസരത്ത് സാനിട്ടൈസേഷൻ നടത്തുന്നതിനു വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി തെറ്റായ രീതിയിൽ ഉപയോഗിച്ച് പരസ്യചിത്രം ചെയ്യുകയും അതിലൂടെ അന്യായമായ ലാഭമുണ്ടാക്കുകയും ചെയ്തു എന്നാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബ്രീജകുമാരിയുടെ പരാതിയിൽ പറയുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പരസ്യ ചിത്രം പ്രസിദ്ധീകരിച്ചത് ഗുരുവായൂർ ക്ഷേത്രത്തെയും ഭരണസമിതിയെയും വഞ്ചിക്കുന്നതിന് തുല്യം ഉള്ള പ്രവൃത്തിയാണെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ തുടർ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പ്രത്യേകം പറയുന്നുണ്ട്. ഈ വാർത്തകളോട് അനുശ്രീ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top